പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പദ്ധതി; ഈരാറ്റുപേട്ടയിൽ കാർഷിക ഹൂണാർ ഹബ്
text_fieldsഈരാറ്റുപേട്ട: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ പ്രധാനമന്ത്രി ജനവികാസ് കാര്യക്രം പ്രകാരം ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന കാർഷിക ഹൂണാർ ഹബ്ബിന്റെയും വനിത നൈപുണ്യ വികസന കേന്ദ്രത്തിന്റെയും നിർമാണോദ്ഘാടനം വ്യാഴാഴ്ച നടക്കും. കാർഷിക വ്യാപാര, സംരംഭകത്വ മേഖലയുടെ അഭിവൃദ്ധി ലക്ഷ്യമിട്ടുള്ളതാണ് അഗ്രികൾച്ചർ ഹൂണാർ ഹബ്. വനിതകളുടെ നൈപുണ്യവും തൊഴിലവസരങ്ങളും വർധിപ്പിക്കാനായുള്ളതാണ് നൈപുണ്യ വികസനകേന്ദ്രം. വൈകീട്ട് 4.30ന് കടുവാമൂഴിയിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും.
മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാകും.
‘കടുവാമുഴി ബസ് സ്റ്റാൻഡ് ഇല്ലാതാക്കാൻ അനുവദിക്കില്ല’
ഈരാറ്റുപേട്ട: വടക്കേക്കര മേഖലയുടെ വികസന സ്വപ്നങ്ങളെ തകർത്ത് കടുവാമുഴി ബസ് സ്റ്റാൻഡ് ഇല്ലാതാക്കി ഹുണാർ ഹബ് സ്ഥാപിക്കുന്നത് എന്ത് വിലകൊടുത്തും തടയുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ചത്തെ ഹുണാർ ഹബ് ശിലാസ്ഥാപനം എൽ.ഡി.എഫ് ബഹിഷ്കരിക്കുമെന്ന് നേതാക്കൾ പറഞ്ഞു.എൽ.ഡി.എഫ് കൺവീനർ നൗഫൽ ഖാൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. ഫൈസൽ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ.എസ്. നൗഷാദ്, ജനതാദൾ എസ് മണ്ഡലം സെക്രട്ടറി അക്ബർ നൗഷാദ്, റഫീഖ് പട്ടരുപറമ്പിൽ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.