കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിനെ മാറ്റി
text_fieldsബി. അശോക്
തിരുവനന്തപുരം: കേരളത്തിന്‍റെ കാര്‍ഷിക മേഖല നവീകരണത്തിനായി ലോക ബാങ്കിന്റെ കേര പദ്ധതിയില്‍ ഉൾപ്പെടുത്തി കേരളത്തിന് അനുവദിച്ച 2365.48 കോടി രൂപയുടെ വായ്പ വകമാറ്റി ചെലവഴിച്ചത് വിവാദമായതിന് പിന്നാലെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ. ബി. അശോകനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ ആൻഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് മാറ്റി നിയമിച്ചത്.
പൊതുവെ ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന സ്ഥാനത്ത് നിയമിച്ചതിനെതിരെ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. അശോകിന് പകരം അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ടിങ്കു ബിസ്വാളിനെ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. നേരത്തെ കൃഷി വകുപ്പില്‍ നിന്ന് ഒഴിവാക്കി തദ്ദേശ വകുപ്പ് ഓംബുഡ്‌സ്മാനായി നിയമിച്ചതിനെതിരെ അശോക് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
ട്രൈബ്യൂണൽ തല്‍സ്ഥിതി തുടരാന്‍ ഇടക്കാല ഉത്തരവിട്ടു. ഇതിനിടെയാണ് കേര പദ്ധതിയില്‍ കര്‍ഷകര്‍ക്കായി അനുവദിച്ച തുക വകമാറ്റിയതുമായി ബന്ധപ്പെട്ട വിവാദം. വാര്‍ത്ത ചോര്‍ന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍ ഇടപെട്ട് അന്വേഷണവും പ്രഖ്യാപിച്ചു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്ത് അദ്ദേഹം തുടരും. വി.സി നിയമനം ഗവർണറുടെ അധികാരപരിധിയിൽ വരുന്നതിനാൽ സർക്കാറിന് അതിൽ തൽക്കാലം ഇടപെടാനാകില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.