16 മുതൽ അനിശ്ചിതകാല ബസ് സമരം
text_fieldsകൊച്ചി: സ്വകാര്യ ബസ് ഉടമ സംഘടനകളുടെ സംയുക്തസമര സമിതിയുടെ ആഭിമുഖ്യത്തിൽ 16 മുതൽ സംസ്ഥാനത്ത് അനിശ്ചിത കാലത്തേക്ക് ബസ് സർവിസ് നിർത്തിവെക്കും. വിദ്യാർഥികളുടെ യാത്ര നിരക്ക് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ തീരുമാനമെടുക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബസ് ചാര്‍ജ് കൂട്ടുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിനുശേഷം ചേര്‍ന്ന രണ്ടു മന്ത്രിസഭ യോഗത്തിലും വിഷയം പരിഗണനക്ക് വന്നില്ല. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഇൗ മേഖലയോടുള്ള അവഗണനയാണിത്. ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കടുത്ത സാമ്പത്തിക ബാധ്യതയാണ് ബസ് ഉടമകൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമരമെന്നും പ്രസിഡൻറ് ലോറന്‍സ് ബാബു, സെക്രട്ടറി ടി. ഗോപിനാഥ് എന്നിവര്‍ വ്യക്തമാക്കി.
മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം അഞ്ചു രൂപയാക്കുക, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ കൺസെഷനില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. വിദ്യാര്‍ഥികളുടെ നിരക്കില്‍ സ്വീകാര്യമായ വര്‍ധന വരുത്താന്‍ തയാറായില്ലെങ്കില്‍ സമരത്തില്‍നിന്ന് പിന്മാറില്ലെന്നും നേതാക്കള്‍ പറഞ്ഞു.
വാർത്തസമ്മേളനത്തില്‍ കേരള പ്രൈവറ്റ് ബസ് കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ഗോകുല്‍ദാസ്, വി.ജെ. സെബാസ്റ്റ്യന്‍, എം.ബി. സത്യന്‍, നൗഷാദ് ആറ്റുപറമ്പത്ത്, ജോണ്‍സണ്‍ പയ്യേപ്പിള്ളി, എം.വി. വത്സന്‍, ജോസ് കൊഴുപ്പില്‍, ആര്‍.പ്രസാദ്, ജോയ് തോട്ടത്തില്‍ തുടങ്ങിയവരും പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.