സ്വകാര്യ ഹജ്ജ് ക്വോട്ട; നടപടിക്രമങ്ങൾ അടുത്ത മാസം മുതൽ
text_fieldsമലപ്പുറം: 2026ലെ ഹജ്ജിനുള്ള സ്വകാര്യ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട നടപടികൾക്ക് സെപ്റ്റംബർ ആദ്യത്തിൽ തുടക്കമാകും. ഈ മാസം അവസാനത്തോടെ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറങ്ങും. കേന്ദ്രം ഉറപ്പുനൽകിയതുപോലെ തങ്ങൾക്ക് അടുത്ത വർഷം മുൻഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 2025ൽ സ്വകാര്യ ഗ്രൂപ്പുകൾക്ക് പണം നൽകിയെങ്കിലും ഹജ്ജ് നിർവഹിക്കാൻ കഴിയാതിരുന്നവർ.
2025ൽ ഇന്ത്യയിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് 52,507 സീറ്റുകളാണ് അനുവദിച്ചിരുന്നത്. നടപടിക്രമങ്ങളിലെ പാളിച്ച മൂലം ഇതിൽ 10,000 പേർക്ക് മാത്രമാണ് ഹജ്ജ് നിർവഹിക്കാൻ സാധിച്ചത്. ഏറെ ആശങ്കകൾക്കൊടുവിലാണ് ഇവർക്ക് അവസരം ലഭിച്ചതും. ഇതിൽ രണ്ടായിരത്തിൽ താഴെ പേരാണ് കേരളത്തിൽ നിന്നുണ്ടായിരുന്നത്. 2025ൽ പൂർണമായോ ഭാഗികമായോ പണമടച്ച് അവസരം ലഭിക്കാത്തവർക്ക് 2026ൽ മുൻഗണന നൽകണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. ഈ വർഷം യോഗ്യത നേടിയ മുഴുവൻ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെയും 2026ലും പരിഗണിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഈ വർഷം അവസരം ലഭിക്കാത്ത തീർഥാടകരിൽ വളരെ കുറവ് പേർ മാത്രമാണ് പണം തിരികെ ആവശ്യപ്പെട്ടിട്ടുള്ളതെന്ന് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അടച്ച പണം കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൽ നിന്നും സൗദി ഹജ്ജ് മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന മുറക്കാകും ഇവർക്ക് മുഴുവൻ പണവും തിരികെ നൽകുക.
അതിനിടെ, ഗ്രൂപ്പുകൾക്ക് 2026ൽ കൊണ്ടുപോകാവുന്ന തീർഥാടകരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് കേരളത്തിലെ ഹജ്ജ് ഗ്രൂപ് ഓപറേറ്റർമാരുടെ അംഗീകൃത സംഘടനയായ ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ് അസോസിയേഷനുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അമ്പത് പേരുടേത് 43ഉം നൂറ് പേരുടേത് 87ഉം ആയാണ് കുറച്ചത്. അവസരം നഷ്ടമായവരെ ഉൾക്കൊള്ളിക്കുന്നതിനൊപ്പം സീറ്റുകളുടെ എണ്ണവും കുറഞ്ഞതോടെ പുതിയ അപേക്ഷകരിൽ കുറച്ചുപേർക്ക് മാത്രമേ അടുത്ത വർഷം സ്വകാര്യ ഗ്രൂപ്പുകൾ വഴി ഹജ്ജിന് പോകാൻ കഴിയൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.