വിറ്റുതുലക്കില്ല; സ്വകാര്യ നിക്ഷേപം പൊതുമേഖലയുടെ സംരക്ഷണത്തിന്; വിവാദത്തിനു പിന്നാലെ വിശദീകരണവുമായി സി.പി.എം
text_fieldsകൊല്ലം: പൊതുമേഖലയിലെ സ്വകാര്യ നിക്ഷേപം സംബന്ധിച്ചുള്ള സംസ്ഥാന സമ്മേളന രേഖയിലെ പ്രഖ്യാപനം വിവാദമായതോടെ, നിലപാട് മയപ്പെടുത്തിയും വിശദീകരിച്ചും സി.പി.എം. പൊതുമേഖലയെ വിറ്റുതുലക്കുന്ന കേന്ദ്ര സമീപനമല്ല സ്വീകരിക്കുകയെന്ന് സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഒരു പൊതുമേഖല സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ മാത്രമാണ് മറ്റു സാധ്യതകൾ തേടുക.
സഹകരണ മേഖലയുടെ പിന്തുണ, പൊതു സ്വകാര്യ പങ്കാളിത്തം (പി.പി.പി മാതൃക) എന്നീ വഴികളാണ് ആദ്യം പരിശോധിക്കുക. സമ്മേളനം അംഗീകരിക്കുന്ന രേഖയിലെ നയങ്ങൾ എൽ.ഡി.എഫിൽ ചർച്ച ചെയ്താണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ രേഖയിൽ പൊതുമേഖല സ്ഥാപനങ്ങൾ പി.പി.പി മാതൃകയിൽ പുനരുദ്ധരിക്കണമെന്നും, താൽപര്യമുള്ളവർക്ക് നടത്തിക്കൊണ്ടുപോകാൻ കരാറിലേർപ്പെടാമെന്നുമാണ് പറഞ്ഞത്. ഇത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്നാണ് വിമർശനമുയർന്നത്.
പൊതുമേഖലയിൽ സ്വകാര്യ നിക്ഷേപം മുന്നോട്ടുവെച്ച സമ്മേളനം പിന്നീട് രാജ്യത്തെ പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരായ പ്രമേയം അംഗീകരിക്കുകയും ചെയ്തിരുന്നു. പാർട്ടി ഭരിക്കുന്ന സംസ്ഥാനം സ്വകാര്യ മേഖലക്ക് വാതിൽ തുറന്നിട്ടാണ് മോദി ഭരിക്കുന്ന ഇന്ത്യയുടെ സ്വകാര്യവത്കരണ നയത്തെ ചോദ്യം ചെയ്യുന്ന പ്രമേയം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം സമ്മേളനത്തിൽ അവതരിപ്പിച്ചത്. സംസ്ഥാന, ദേശീയ തലത്തിൽ രണ്ട് നിലപാടെന്ന് വിമർശനം കൂടി ഉയർന്നതോടെയാണ് പാർട്ടി ഇക്കാര്യത്തിൽ വിശദീകരണത്തിന് തയാറായത്.
നയരേഖ സംബന്ധിച്ച് പ്രതിനിധി സമ്മേളനത്തിലെ ചർച്ചയിൽ പങ്കെടുത്തവരിൽ ചിലർ സ്വകാര്യവത്കരണത്തിലെ ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.