Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രിയദർശിനി യാത്രക്ക് നാളെ 100 നാൾ

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസ് യാത്രക്കാരുടെ എണ്ണത്തിൽ 50.10% വർധനവ്
പ്രിയദർശിനി യാത്രക്ക് നാളെ 100 നാൾ
cancel

തിരുവനന്തപുരം: വനിതകൾക്ക് സൗജന്യ യാത്ര ഉറപ്പുനൽകിയതിലൂടെ സ്ത്രീ ശാക്തീകരണ വഴിയിലെ ചരിത്രപരമായ അടയാളപ്പെടുത്തലായി മാറിയ പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് ചൊവ്വാഴ്ച 100 നാൾ തികയും. സാധാരണക്കാരായ തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരികൾക്കുമടക്കം യാത്രയിൽ വലിയ സാമ്പത്തിക ആശ്വാസമായ പദ്ധതി ഇതിനോടകം ജനപ്രിയമായി മാറിക്കഴിഞ്ഞു. രാവിലെയും വൈകുന്നേരവുമുള്ള യാത്രാച്ചെലവിലെ മിച്ചം കണക്കാക്കിയാൽ 2000-4000 രൂപയുടെ പരോക്ഷ വേതനവർധനവാണ് സ്ത്രീ തൊഴിലാളികൾക്ക് ലഭിച്ചിരിക്കുന്നത്.

പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെയും യാത്രകളുടെയും എണ്ണത്തിൽ 50.10 ശതമാനത്തിന്‍റെ വർധനയുണ്ടായി എന്നാണ് സ്വകാര്യ ബസുകളുടെ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. 2025 ജൂൺ 15 മുതൽ ജൂലൈ 14 വരെ ഓർഡിനറി യാത്രക്കാർ 3.83 കോടി ആയിരുന്നത് പദ്ധതി നടപ്പാക്കിയ ശേഷമുള്ള സമാന കാലയളവിൽ (2026 ജൂൺ 15 - ജൂലൈ 14) 5.75 കോടിയായി ഉയർന്നു. 2026ലെ പഠന കാലയളവിൽ രേഖപ്പെടുത്തിയ ആകെ ഓർഡിനറി യാത്രകളിൽ 3.81 കോടിയും (ഏകദേശം 66.24 ശതമാനം) പ്രിയദർശിനി പദ്ധതി പ്രകാരമുള്ള സൗജന്യ യാത്രകളാണ്. ശേഷിക്കുന്ന 1.94 കോടി യാത്രകൾ (33.76 ശതമാനം) സാധാരണ ടിക്കറ്റ് നിരക്ക് നൽകിയുള്ളതും. ഒരു സൗജന്യ യാത്രയുടെ ശരാശരി മൂല്യം 21.33 രൂപയായാണ് കണക്കാക്കുന്നത്. ഏറ്റവും കുറഞ്ഞ ശരാശരി മൂല്യം രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ് (17.53 രൂപ). ഏറ്റവും ഉയർന്ന ശരാശരി മൂല്യം രേഖപ്പെടുത്തിയത് മലപ്പുറത്തും (31.80 രൂപ).

3125 ഓർഡിനറി ബസുകളിലാണ് നിലവിൽ സൗജന്യ യാത്രയുള്ളത്. പ്രതിദിനം ആകെ യാത്രക്കാരുടെ എണ്ണം 18 ലക്ഷം ആയിരുന്നത് പ്രിയദർശിനി പദ്ധതിയോടെ 22 ലക്ഷമായി ഉയർന്നു. ഓർഡിനറി ബസുകളെല്ലാം നിറഞ്ഞു കവിഞ്ഞാണ് ഓടുന്നത്. പ്രിയദർശിനിയുടെ കഴിഞ്ഞ 100 നാളുകൾ ഒരു ഭാഗത്ത് ജനപ്രിയമാകുമ്പോൾ മറുഭാഗത്ത് പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ് നൽകുന്നതും എണ്ണം കൂട്ടിക്കാണിക്കാൻ ഗ്രൂപ്പ് ടിക്കറ്റിൽ കൃത്രിമം നടത്തുന്നതുമടക്കം ക്രമക്കേടുകളും പിടികൂടപ്പെട്ടു. തനിച്ച് യാത്ര ചെയ്ത വനിത യാത്രക്കാരിക്ക് കണ്ടക്ടർ ഒമ്പത് ടിക്കറ്റ് നൽകിയതായി പരാതി ഉയർന്നതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് തലസ്ഥാനത്ത് വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന് സ്ഥിരീകരിച്ചത്. പ്രിയദർശിനി ബസുകളിൽ കയറുന്ന സ്ത്രീകൾക്കെതിരെ മന്ത്രി സി.പി. ജോൺ നടത്തിയ പരാമർശം വിവാദമായതും ഖേദപ്രകടനവും ഇക്കാലയളവിലുണ്ടായി. പ്രിയദർശിനി സൗജന്യ ബസ് യാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നും, ബസ് കൂലി നൽകാൻ മടിക്കുന്ന ഇവർ മക്കളെ ഉയർന്ന ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നുവെന്നുമായിരുന്നു പരാമർശം. പിന്നാലെയായിരുന്നു ക്ഷമാപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Women Free Bus Scheme
Next Story