പാടവരമ്പിലൂടെ നടന്നും പാട്ടുകേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി
text_fieldsചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി
മാനന്തവാടി (വയനാട്): വിശാലമായ നെല്‍പാടത്തിന്‍റെ വരമ്പിലൂടെ നടന്നും നാടന്‍ പാട്ടുകേട്ടും പത്മശ്രീ ചെറുവയല്‍ രാമന്‍റെ വസതിയിൽ പ്രിയങ്ക ഗാന്ധി എം.പി. രണ്ടര മണിക്കൂറോളം ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക സമയം ചെലവഴിച്ചു.
അറുപതോളം വിവിധയിനം വിത്തുകള്‍ നേരിൽ കാണുകയും കൃഷി രീതികള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്ത പ്രിയങ്കക്ക് വേണ്ടി ചെറുവയല്‍ രാമന്‍ പാട്ടുപാടി. രാമന്റെ കൈയിലുള്ള ഗോത്ര വര്‍ഗത്തിന്‍റെ പരമ്പരാഗത ആയുധമായ അമ്പുംവില്ലും കൂടി പരീക്ഷിച്ചു നോക്കിയാണ് പ്രിയങ്ക മടങ്ങിയത്.
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമാണ് ചെറുവയല്‍ രാമന്‍. പഴശ്ശിപ്പടക്കൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ പടവാളേന്തിയ കുറിച്യ സമുദായത്തിന്‍റെ പ്രതിനിധി കൂടിയാണ് അദ്ദേഹം. 500 വര്‍ഷം വരെ പഴക്കമുള്ളതും തലമുറകളായി കൈവശം വന്നു ചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍വിത്തുകള്‍ രാമൻ്റെ ശേഖരത്തിലുണ്ട്.
കൈവശമുള്ള വിത്തുകൾ വയലില്‍ കൃഷിയിറക്കി ഉല്‍പാദിപ്പിച്ച് അവ ശേഖരിച്ച് സംരക്ഷിക്കുകയാണ് ചെറുവയൽ രാമന്‍ ചെയ്യുന്നത്. അമ്മാവന്റെ കൈവശമുണ്ടായിരുന്ന ആറ് ഇനം നെല്ലിനങ്ങളുമായാണ് അദ്ദേഹം കൃഷി ആരംഭിച്ചത്. പിന്നീട് പലയിടങ്ങളിൽ നിന്നായി തനത് നെല്ലിനങ്ങൾ ശേഖരിച്ച് കൃഷി ചെയ്‌തു. ശാസ്ത്രീയമായ പിന്തുണയോടെ സംരക്ഷിക്കേണ്ട നെൽവിത്തുകൾ പരമ്പരാഗതമായ സംവിധാനത്തിലൂടെയാണ് രാമൻ സംരക്ഷിച്ചിരിക്കുന്നത്.
ചെറുവയൽ രാമന്റെ ജീവിതവും ഒപ്പം തനത് കൃഷി രീതികളും പകർത്തിയ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എം.കെ രാംദാസിന്‍റെ ‘നെകൽ: നെല്ലു മനുഷ്യന്‍റെ കഥ’. എന്ന ഡോക്യു ഫിലിം ദേശീയ ചലച്ചിത്ര അക്കാദമിയുടെ പ്രത്യേക പരാമർശത്തിന് അർഹമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.