പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് മലയാളിയെയെന്ന് സംശയം; വയനാട്ടിലെ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചു
text_fieldsമംഗളൂരുവിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ യുവാവിന്‍റെ മൃതേദഹം 2. കേസിൽ അറസ്റ്റിലായ പ്രതികൾ
മംഗളൂരു: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത് മലയാളി യുവാവിനെയെന്ന് സംശയം. എന്നാൽ, മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് വിവരം. കൊല്ലപ്പെട്ട യുവാവ് മലയാളത്തിൽ സംസാരിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം.
ഇതേതുടർന്ന് കർണാടക പൊലീസ് കേരള പൊലീസുമായി ബന്ധപ്പെട്ടു. കുറേനാൾ മുമ്പ് വീടുവിട്ടു പോയ വയനാട് പുൽപള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് സംശയമുണ്ട്. മൃതദേഹം തിരിച്ചറിയാൻ പുൽപള്ളി സ്വദേശിയുടെ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചു.
ഞായറാഴ്ച വൈകീട്ടോടെയാണ് കര്‍ണാടകയിലെ മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്ത് ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നൂറിലേറെ പേര്‍ സ്ഥലത്തുണ്ടായിരുന്നു. സചിൻ എന്നയാളും കൊല്ലപ്പെട്ടയാളും തമ്മിലാണ് ആദ്യം വാക്കേറ്റമുണ്ടായത്. പിന്നീട് കൂട്ട ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ചവിട്ടിയും വടി കൊണ്ടടിച്ചും പ്രതികള്‍ യുവാവിനെ ആക്രമിച്ചു. ചിലര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവാവ് കൊല്ലപ്പെട്ടതോടെ പ്രതികള്‍ കടന്നു കളയുകയായിരുന്നു.
വൈകിട്ട് അഞ്ചരയോടെയാണ് യുവാവിനെ ക്ഷേത്രത്തിന് സമീപം മരിച്ചനിലയില്‍ കണ്ടത്തിയത്. സംഭവത്തില്‍ 15 പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. സചിന്‍, ദേവദാസ്, ധീക്ഷിത്, സായ്ദീപ്, നടേശ്, മഞ്ജുനാഥ, സന്ദീപ്, വിവിയന്‍ ഐവാരിഷ്, ശ്രീദത്ത, രാഹുല്‍, പ്രദീപ് കുമാര്‍, മനീഷ്, ധനുഷ്, ദീക്ഷിത്, കിഷോര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ക്രൂരമർദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വയറിലും മുതുകിലും ജനനേന്ദ്രിയത്തിലും മാരകമായി പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, ആള്‍ക്കൂട്ട ആക്രമണത്തിലാണ് യുവാവ് കൊല്ലപ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയും സ്ഥിരീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നതെന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. സമഗ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും ജി. പരമേശ്വര മാധ്യമങ്ങളോട് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.