കണ്ണൂരിലും വി.സിയും സിൻഡിക്കേറ്റും രണ്ടു തട്ടിൽ
text_fieldsകണ്ണൂർ: ‘കേരള’യിലേതുപോലെ കണ്ണൂർ സർവകലാശാലയിലും വൈസ് ചാൻസലറും സിൻഡിക്കേറ്റും രണ്ടു തട്ടിൽ. പരസ്യ ഏറ്റുമുട്ടലിൽ എത്തിയിട്ടില്ലെങ്കിലും വി.സിയുടെ നിലപാടിൽ സിൻഡിക്കേറ്റ് അംഗങ്ങൾ കടുത്ത അതൃപ്തിയിലാണ്. സിൻഡിക്കേറ്റുമായി ആലോചിക്കാതെ വി.സി സ്വന്തംനിലക്ക് നിർണായക നിലപാട് എടുക്കുന്നതാണ് അതൃപ്തിക്ക് കാരണം.
സ്ഥിരം വി.സി നിയമനം നടക്കാത്തതിനാൽ ചാൻസലറായ ഗവർണർ സ്വന്തം നിലക്ക് നിയമിച്ചതാണ് കണ്ണൂർ വി.സി ഡോ. കെ.കെ. സാജുവിനെയും. കണ്ണൂർ സർവകലാശാലയിലെ ഒരു പ്രഫസറെപോലും ഉൾപ്പെടുത്താതെ ഡീൻ നിയമനം നടത്തിയതിലാണ് വി.സി തന്നിഷ്ടം കാണിക്കുന്നുവെന്ന പരാതി സി.പി.എം നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റിൽ ശക്തമായത്. ഡീൻമാരെ നിയമിക്കേണ്ടത് ചാൻസലർ ആണെങ്കിലും പട്ടിക സർവകലാശാല നൽകുന്നതാണ് കീഴ്വഴക്കം.
ആ നിലക്ക് സിൻഡിക്കേറ്റ് വി.സിക്ക് പട്ടിക നൽകിയിരുന്നെങ്കിലും 10 പേരെയും നിയമിച്ചത് സർവകലാശാലക്ക് പുറത്തുനിന്നാണ്. ഡീൻ നിയമനത്തിന് എതിരെ സർവകലാശാല അധ്യാപകർ കോടതിയെ സമീപിച്ചിരിക്കയാണ്. ഈ വിഷയത്തിൽ വി.സിയുടെ വിയോജിപ്പോടെ സിൻഡിക്കേറ്റ് പ്രമേയവും പാസാക്കി.
സിൻഡിക്കേറ്റ് ഇടപെട്ട് പിൻവലിച്ചെങ്കിലും സർവകലാശാലയിൽ നടക്കുന്ന പരിപാടികളിൽ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേക നിരീക്ഷണ സമിതിയുണ്ടാക്കിയ വി.സിയുടെ ഉത്തരവിലും ദുരൂഹത കാണുന്നവരുണ്ട്. സർവകലാശാലയുടെ പുറത്തുള്ളവരുടെ പിന്തുണയോടെയാണ് ഉത്തരവ് ഇറക്കിയതെന്നാണ് അധ്യാപകരും വിദ്യാർഥികളും ആരോപിക്കുന്നത്.
വിദ്യാർഥികളെ മാനുഷികമൂല്യങ്ങൾ പഠിപ്പിക്കുന്നതിന് സർവകലാശാല അധ്യാപകർക്കായി അടുത്തിടെ നടത്തിയ ശിൽപശാലയിൽ വൻ വാക്കേറ്റമാണുണ്ടായത്. ജനാധിപത്യവും സമത്വവും പോലുള്ള മൂല്യങ്ങൾക്കു പകരം ആത്മാവ്, അമാനുഷിക ശക്തികൾപോലുള്ള കാര്യങ്ങളാണ് അധ്യാപകരെ പഠിപ്പിച്ചത്. ശാസ്ത്രവിരുദ്ധമായ കാര്യങ്ങൾ ശിൽപശാലയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് അധ്യാപകർ ബഹളംവെച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.