കാലിക്കറ്റ് വി.സി സെർച് കമ്മിറ്റിയിൽ തുടരാൻ തൽപര്യമില്ലെന്ന് പ്രഫ. സാബു
text_fieldsകൊച്ചി: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് ഗവർണർ കൂടിയായ ചാൻസലർ രൂപവത്കരിച്ച സെർച്-കം സെലക്ഷൻ കമ്മിറ്റിയിൽ തുടരാൻ താൽപര്യമില്ലെന്ന് സെനറ്റ് പ്രതിനിധിയായിരുന്ന പ്രഫ. എ. സാബു ഹൈകോടതിയിൽ. അസൗകര്യംമൂലം സെർച് കമ്മിറ്റിയിൽനിന്ന് രാജിവെച്ചിട്ടും പരിഗണിക്കാതെ തന്നെക്കൂടി ഉൾപ്പെടുത്തി ചാൻസലർ വിജ്ഞാപനമിറക്കുകയായിരുന്നുവെന്ന് വ്യക്തമാക്കിയാണ് സാബുവിന്റെ സത്യവാങ്മൂലം. സർവകലാശാല വി.സി നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയിലാണ് വിശദീകരണം.
സെനറ്റ് പ്രതിനിധിയായ പ്രഫ. എ. സാബു നവംബർ ഒമ്പതിന് മൂന്നംഗ സെർച് കമ്മിറ്റിയിൽനിന്ന് രാജിവെച്ചതിനാൽ ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമല്ലെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തൃശൂർ സെന്റ് തോമസ് കോളജ് ഗവേണിങ് ബോഡി അംഗം ഡോ. എലുവത്തിങ്ങൽ ഡി. ജെമ്മിസിനെ സെർച് കമ്മിറ്റിയിൽ ചാൻസലറിന്റെ പ്രതിനിധിയായി ഉൾപ്പെടുത്തിയത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അദ്ദേഹത്തെ ഒഴിവാക്കി ബംഗളൂരു ജവഹർലാൽ നെഹ്റു സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫ. ജി.യു. കുൽക്കർണിയെ പുതുതായി ഉൾപ്പെടുത്തിയതായി കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ചാൻസലർ അറിയിച്ചിരുന്നു. പ്രഫ. സാബു സത്യവാങ്മൂലം നൽകിയ സാഹചര്യത്തിൽ ഹരജി വീണ്ടും 26ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

