ഡോ. ഷെർലി വാസു; മരിച്ചു പോയവന്റെ നാവ്...
text_fieldsകോഴിക്കോട്: താങ്കളുടെ പോസ്റ്റ്മോർട്ടം ടേബിളിൽ എത്താതെ പോയതോ എത്തണമെന്ന് ആഗ്രഹിച്ചതോ ആയ ഏതെങ്കിലും ഒരു മൃതദേഹം ആരുടേതാണ്? കേരളം കണ്ട ഏറ്റവും ശ്രദ്ധേയയായ ഫോറൻസിക് വിദഗ്ധ ഡോ. ഷെർലി വാസുവിനോട് ഒരു അഭിമുഖത്തിലെ ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു:
‘കേരളത്തിൽ നക്സലൈറ്റ് വേട്ടക്കാലത്ത് പൊലീസ് കസ്റ്റഡിയിൽനിന്ന് കാണാതായ രാജന്റെ മൃതദേഹം ഇതുവരെ എന്റെ ടേബിളിൽ എത്തിയിട്ടില്ല. എന്റെ റിട്ടയർമെന്റിന് മുമ്പ് പൊലീസ് സുഹൃത്തുക്കൾ രാജന്റെ ജഡാവശിഷ്ടം കോഴിക്കോട് മെഡി. കോളജിന്റെ മോർച്ചറി ടേബിളിൽ എത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആരായിരുന്നു ഡോ. ഷെർലി വാസുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ മറുപടിയിൽ ഉണ്ടായിരുന്നു.
തന്റെ മുന്നിലെത്തുന്ന മൃതശരീരങ്ങൾ കത്തിവെച്ച് തുറന്ന് അവലോകനം നടത്തി റിപ്പോർട്ട് തയാറാക്കുന്ന വെറുമൊരു പൊലീസ് സർജനായിരുന്നില്ല അവർ. മോർച്ചറിക്ക് പുറത്ത് സത്യവും നീതിയും പുലരണമെന്നും മരിച്ചവർക്കും നീതി ഉറപ്പാക്കണമെന്നും നിശ്ചയദാർഢ്യമുള്ള ധീരവനിതയായിരുന്നു. രണ്ടര പതിറ്റാണ്ടിലേറെയുള്ള സേവനത്തിൽ ഷെർലി വാസുവിന് ആയിരക്കണക്കിന് ദുരൂഹമരണങ്ങളുടെ സത്യം പുറത്തുകൊണ്ടുവരാൻ സാധിച്ചു.
മരണംപോലെ തന്നെ മരണകാരണവും സത്യമായിരിക്കണമെന്ന് അവർ വിശ്വസിച്ചു. പ്രമാദമായ കൊലപാതകങ്ങളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ കണ്ടെത്തുന്നതിനും അത് രേഖപ്പെടുത്തുന്നതിനും അവസരമുണ്ടായി. തന്റെ പരിമിതികൾക്ക് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കാനും സത്യം പങ്കുവെക്കാനും ധൈര്യമുള്ള ഉദ്യോഗസ്ഥയായിരുന്നു. മരിച്ചുപോയവന്റെ നാവാണ് പൊലീസ് സർജൻ എന്ന് എപ്പോഴും പറയുമായിരുന്നു.
പ്രമാദമായ നാൽപാടി വാസു, മുത്തങ്ങ സമരത്തിൽ പൊലീസിന്റെ വെടിയേറ്റ ആദിവാസി ജോഗി എന്നിവരുടെ മരണത്തിന്റെ കൃത്യമായ അവലോകനം നടത്തി റിപ്പോർട്ട് തയാറാക്കിയത് ഡോ. ഷെർലിയായിരുന്നു. ‘തന്റെ ഘാതകരെ കണ്ട് രക്ഷപ്പെടാൻ ഓടിയ നാൽപാടി വാസു ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. ഓട്ടത്തിനിടയിൽ കാഞ്ഞിരക്കുറ്റിയിൽ കാൽ തടഞ്ഞുവീണു.
പിന്നാലെ ഓടിയെത്തിയ ഘാതകൻ, മുട്ടുകുത്തി എഴുന്നേൽക്കാനാഞ്ഞ് ഒരു ‘വ്യാഘ്രാസനം’ രീതിയിലെത്തിയിരുന്ന വാസുവിന്റെ വലത് കോളർ എല്ലിന് മുകളിലെ അസാധാരണ ആഴമുള്ള കുഴിയിലൂടെ ശ്വാസനാളി മുറിച്ച് ഇടതുചുമൽ പലകയ്ക്കുൾഭാഗം തറയും വിധം വെടിയുതിർത്തു. ശ്വാസമെടുക്കാൻ പിടഞ്ഞ് നിമിഷങ്ങൾക്കകം നാൽപാടി വാസു അന്ത്യശ്വാസം വലിച്ചു’ (ഡോ. ഷെർലി വാസുവിന്റെ ‘പോസ്റ്റുമോർട്ടം ടേബിൾ’ എന്ന പുസ്തകത്തിൽനിന്ന്). ജോഗിയെക്കുറിച്ച് അവർ എഴുതിയത് ഇങ്ങനെ: വലതു ചെന്നിയിൽ തറഞ്ഞ ഒരു ‘റബ്ബർ സലഗ്’ (ഉള്ളിൽ ഇരുമ്പ്, പുറത്ത് ഇന്ത്യ റബ്ബർ, ടോർച്ച് ബാറ്ററിയെക്കാൾ വലിപ്പം) ജോഗിക്ക് മരണം സമ്മാനിച്ചത്. ജോഗി മരിച്ചത് എങ്ങനെയെന്ന വിവാദം ഏറെക്കാലം മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
സുരേഷ് പുരോഹിത് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽനിന്നായിരുന്നു ആ റബർ ഗൺ ജോഗിയെ ലക്ഷ്യംവെച്ചത് എന്ന് പിന്നീട് വെളിപ്പെടുത്തലുണ്ടായി. ഈ മരണത്തിൽ പൊലീസ് ക്രിമിനൽ നടപടിക്രമം പാലിച്ചില്ലെന്നും അവർ കണ്ടെത്തി. ആത്മഹത്യകളെന്ന് പൊലീസും മാധ്യമങ്ങളും വിധിയെഴുതി ഒട്ടേറെ മരണങ്ങളുടെ കാരണങ്ങൾ കണ്ടെത്തിയ അനുഭവങ്ങൾ ഈ പൊലീസ് സർജനുണ്ടായിരുന്നു.
പെരിന്തൽമണ്ണയിലെ ആനക്കാരന്റെ ഭാര്യയുടെ മരണം അത്യപൂർവമായൊരു കഥയായിരുന്നു. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് വീട്ടിൽപോയ സരോജിനി എന്ന യുവതിയുടെ മൃതദേഹം പിറ്റേദിവസം വയനാട്ടിലെ റിസർവ് വനത്തിനുള്ളിൽ കണ്ടെത്തി. മൃതദേഹം പൊലീസ് ബന്തവസിൽ കാട്ടിൽ സൂക്ഷിച്ചു. അതിനിടയിൽ പുലിതിന്ന് മൃതദേഹം കേടുപാടു വരുത്തി.
മരക്കൊമ്പിൽ സാരിത്തുമ്പിൽ തൂങ്ങിമരിച്ച സരോജിനിയുടെ മൃതദേഹം പൊട്ടിവീണു എന്ന് വരുത്തിത്തീർത്ത ഒരു കേസായിരുന്നു അത്. പക്ഷേ, അതൊരു കൊലപാതകമായിരുന്നുവെന്ന് ഷെർലി വാസുവടക്കമുള്ളവരുടെ പരിശോധനയിൽ വ്യക്തമായി. ആനക്കാരന്റെ സഹായിയായ 18കാരനാണ് സരോജിനിയെ കൊലപ്പെടുത്തിയതെന്ന് പിന്നീട് കണ്ടെത്തി.
മൃതദേഹങ്ങളിൽ ബഹുമാനത്തോടെ, കൈവിറയ്ക്കാതെ കത്തിവെക്കുന്ന അവർക്ക് മനസ്സിനെ മഥിച്ച ഒട്ടേറെ ജഡപരിശോധനകൾ നടത്തേണ്ടിവന്നിട്ടുണ്ട്. അതിൽ ഏറ്റവും നോവാർന്ന ഓർമകൾ ചലച്ചിത്ര സംവിധായകൻ പത്മരാജന്റെ മൃതശരീരം പോസ്റ്റ്മോർട്ടം ടേബിളിൽ കിടത്തിയപ്പോഴുള്ള അനുഭവമാണെന്ന് അവർ എഴുതി.
പൂക്കിപറമ്പ് ബസ് ദുരന്തത്തിൽ അഗ്നിക്കിരയായി മരിച്ചവരുടെ ജഡങ്ങൾ ബന്ധുക്കൾക്ക് തിരിച്ചറിയാൻ സഹായകമായത് ഈ പൊലീസ് സർജന്റെ ആത്മാർഥമായ ശ്രമഫലമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.