ഹിന്ദു ദൈവങ്ങളുടെ സംരക്ഷണം ആരും ബി.ജെ.പിയെ ഏൽപിച്ചിട്ടില്ല –മഹുവ
text_fieldsമഹുവ മൊയ്ത്ര
കൊൽക്കത്ത: ഹിന്ദു ദൈവങ്ങളുടെ സംരക്ഷണാവകാശം ആരും ബി.ജെ.പിക്ക് നൽകിയിട്ടില്ലെന്നും കാളിദേവിയുടെ ആരാധന ബംഗാളികളെ പഠിപ്പിക്കാൻ ശ്രമിക്കരുതെന്നും തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വടക്കേ ഇന്ത്യയിലെ ആചാരക്രമങ്ങൾ ബി.ജെ.പി അടിച്ചേൽപിക്കാൻ ശ്രമിക്കരുത്.
വിവിധ ദേശങ്ങളിലെ ജനതക്ക് സ്വന്തമായ ആരാധന രീതികളുണ്ട്. 2,000ത്തിലധികം വർഷം പഴക്കമുള്ളവയാണ് അത്. ബി.ജെ.പി ഹിന്ദുത്വ അജണ്ട മറ്റ് സമൂഹങ്ങളിൽ അടിച്ചേൽപിക്കുന്ന രീതി രാജ്യത്തിനായി ചെറുക്കണമെന്നും അവർ ബംഗാളി വാർത്ത ചാനലുമായി സംസാരിക്കവെ പറഞ്ഞു.
മാംസവും മദ്യവും സ്വീകരിക്കുന്ന ദൈവസങ്കൽപത്തിൽ കാളിയെ കാണാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന മഹുവയുടെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു. തുടർന്ന് തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി അവർ പറയുകയുണ്ടായി.
വിഷയത്തിൽ പക്വതയോടെയാണ് താൻ പ്രതികരിച്ചതെന്ന് കരുതുന്നുവെന്ന് മഹുവ ചാനലിനോട് തുടർന്നു. എനിക്കെതിരെ കാളി പരാമർശത്തിൽ കേസെടുത്ത സംസ്ഥാനങ്ങൾ അവിടെയൊക്കെ നടക്കുന്ന കാളി പൂജ എങ്ങനെയാണ് എന്ന കാര്യത്തിൽ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാനുള്ള ധൈര്യം കാണിക്കുമോ എന്ന് വെല്ലുവിളിക്കുകയാണ്. -മഹുവ പറഞ്ഞു.
വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് മഹുവ മൊയ്ത്രയെ പിന്തുണച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.