സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയ തീരുമാനം സ്വാഗതം ചെയ്ത് സമരസമിതി; ആഹ്ലാദത്തിൽ ജനങ്ങൾ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പൂർണ്ണമായും റദ്ദാക്കിയ മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതം ചെയ്ത് സമരസമിതി. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച എല്ലാവിധ വിജ്ഞാപനങ്ങളും റദ്ദാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രത്യേക മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമായ തീരുമാനത്തിന്‍റെ ആഹ്ലാദത്തിലാണ് പ്രദേശവാസികൾ. പദ്ധതിക്കെതിരെ സംസ്ഥാനവ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ഈ കേസുകൾ എല്ലാംതന്നെ പിൻവലിക്കാനുള്ള ശിപാർശ സമർപ്പിക്കാൻ ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ ലക്ഷ്യമിട്ട് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച പ്രിലിമിനറി വിജ്ഞാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നടപടികളും ഇതോടെ ഇല്ലാതാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പദ്ധതിയുടെ അതിരടയാളമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളിൽ വലിയ ആശങ്കയും ബുദ്ധിമുട്ടും സൃഷ്ടിച്ച ഈ അടയാളങ്ങൾ മാറ്റുന്നതോടെ ഭൂവുടമകളുടെ ആശങ്കകൾക്ക് പൂർണ്ണ പരിഹാരമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

