പഞ്ചായത്ത് ഓഫിസിൽ പെട്രോളും കത്തിയുമായി മധ്യവയസ്കന്റെ പരാക്രമം
text_fieldsമജീദിനെ കരുവാരകുണ്ട് പൊലീസ് അനുനയിപ്പിക്കുന്നു
തുവ്വൂർ (മലപ്പുറം): വർഷങ്ങളായിട്ടും പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് തുവ്വൂർ ഗ്രാമപഞ്ചായത്ത് ഓഫിസിൽ പെട്രോളും കത്തിയുമായി കെട്ടിട ഉടമയുടെ പരാക്രമം. പെട്രോളുമായി ഓഫിസിനകത്തു കയറിയ ഇയാൾ കത്തി ചുഴറ്റി ജീവനക്കാരെ മുൾമുനയിൽ നിർത്തി. കരുവാരകുണ്ട് തരിശ് സ്വദേശി വെമ്മുള്ളി അബ്ദുൽ മജീദാണ് (52) ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ഓഫിസ് ജീവനക്കാരെയും ഏറെനേരം ഭീതിയിലാക്കിയത്. ഓണാഘോഷത്തിനിടെ തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു നാടകീയ രംഗങ്ങൾ.
മാമ്പുഴ അങ്ങാടിക്കു സമീപം സംസ്ഥാനപാതയോരത്ത് മജീദിന് സ്ഥലവും കെട്ടിടവുമുണ്ട്. 15 വർഷം മുമ്പ് നിർമിച്ച കെട്ടിടത്തിന് ഇതുവരെ പെർമിറ്റ് ലഭിച്ചിട്ടില്ല. നിയമാനുസൃത നിർമിതിയല്ലെന്ന് പറഞ്ഞാണ് ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിക്കുന്നത്. നിരവധി തവണ ഓഫിസ് കയറിയിറങ്ങിയിട്ടും അനുമതി ലഭിക്കാത്തതോടെയാണ് പെട്രോളും കത്തിയുമായി ഓഫിസിലെത്തിയതെന്ന് അബ്ദുൽ മജീദ് പറഞ്ഞു.
ജീവനക്കാർ എത്തിയതോടെ ഗേറ്റ് മുതൽ ഫ്രണ്ട് ഓഫിസ് വരെ പെട്രോളൊഴിച്ച ശേഷം ഇദ്ദേഹം ഓഫിസിനകത്തു കയറി. കൈയിലെ കത്തി ചുഴറ്റി ജീവനക്കാർക്കുനേരെ നീങ്ങി. ആദ്യം പകച്ചുനിന്ന ജീവനക്കാർ, പരാക്രമത്തിനിടെ ഓഫിസ് വരാന്തയിലെ എണ്ണയിൽ ചവിട്ടി മജീദ് തെന്നിവീണതോടെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് കരുവാരകുണ്ട് പൊലീസ് സ്ഥലത്തെത്തി. അനുനയിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൈയിൽ പണമില്ലെന്നും ജീവിതമാർഗമായ കെട്ടിടത്തിന്റെ അനുമതിക്കായി നടന്ന് കുഴങ്ങിയെന്നും മജീദ് പൊലീസിനോട് പറഞ്ഞു. പല തടസ്സങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കുകയാണ്. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന് അറിയിച്ച ശേഷമാണ് മജീദിനെയും ഭാര്യയെയും പൊലീസ് പറഞ്ഞുവിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.