ആരോഗ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധം ആളിക്കത്തി
text_fieldsതിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം സംസ്ഥാന വ്യാപകമായി ആളിക്കത്തി. അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണമെന്നും അവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ ഔദ്യോഗിക വസതിയിലേക്കും ഓഫിസിലേക്കും മാർച്ച് നടത്തി.
വിവിധ ജില്ലകളിലും പ്രതിഷേധ സമരം ഇരമ്പി. പ്രതിഷേധം പലയിടത്തും പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ആരോഗ്യമന്ത്രിക്കും വസതിക്കും ഓഫിസിനുമെല്ലാം വൻ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘തൈക്കാട് ഹൗസി’ലേക്ക് ആദ്യം ബി.ജെ.പിയാണ് മാർച്ച് നടത്തിയത്. പൊലീസുമായി ഉന്തും തള്ളുമുണ്ടാക്കിയ സമരക്കാരെ പിന്നീട് അറസ്റ്റ്ചെയ്ത് നീക്കി.
മഹിള കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ഓഫിസിലേക്കായിരുന്നു. പ്രവർത്തകർ ഗേറ്റ് ചാടി ഉള്ളിൽ കടക്കാൻ ശ്രമിച്ചു. ബലപ്രയോഗത്തിലൂടെയാണ് ഇവരെ നീക്കിയത്. പിന്നാലെ, ആർ.വൈ.എഫ് പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. ഉച്ചതിരിഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിലും പ്രതിഷേധമിരമ്പി. വൈകീട്ടായിരുന്നു ആശ പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ ആരോഗ്യമന്ത്രിയെ കുറ്റവിചാരണ നടത്തി കോലം കത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.