ജഗദീപ് ധൻഖറിന്‍റെ രാജിയിൽ എന്തോ ചീഞ്ഞുനാറുന്നുവെന്ന് പി.എസ്. ശ്രീധരൻപിള്ള; ‘നിഗൂഢതകളുടെ ചുരുൾ അഴിയുമ്പോഴല്ലേ സത്യം അറിയാൻ കഴിയൂ’
text_fieldsകോഴിക്കോട്: ഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്‍റെ അപ്രതീക്ഷിത രാജിയിൽ പ്രതികരിച്ച് ബി.ജെ.പി നേതാവും മുൻ ഗവർണറുമായ അഡ്വ. പി.എസ്. ശ്രീധരൻപിള്ള. ജഗദീപ് ധൻഖറിന്‍റെ രാജിയുമായി ബന്ധപ്പെട്ട് എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് ശ്രീധരൻപിള്ള പ്രതികരിച്ചു.
യഥാർഥ ചിത്രം എന്താണെന്ന് തനിക്കറിയില്ല. പത്രവാർത്തകളിൽ പലതും കാണുന്നുണ്ട്. അതിന്‍റെയൊന്നും നിജസ്ഥിതി അറിയില്ല. നിഗൂഢതകളുടെ ചുരുൾ അഴിയുമ്പോഴല്ലേ സത്യം അറിയാൻ കഴിയൂവെന്നും ശ്രീധരൻപിള്ള മലയാള ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
2022 ആഗസ്റ്റ് ആറിന് ഉപരാഷ്ട്രപതിയായി അധികാരമേറ്റ ധൻഖറിന് രണ്ട് വർഷം ഇനിയും ബാക്കിയിരിക്കേയാണ് പൊടുന്നനെ രാജിവെച്ചത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തുടക്കമിട്ട് രാജ്യസഭ നിയന്ത്രിച്ച ശേഷമായിരുന്നു രാജി. ആരോഗ്യപരിരക്ഷക്ക് മുൻഗണന നൽകിയും വൈദ്യോപദേശം കണക്കിലെടുത്തും ഭരണഘടനയുടെ 67(എ) അനുഛേദം അനുസരിച്ച് ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് ധൻഖർ രാജിക്കത്തിൽ വ്യക്തമാക്കിയത്.
എന്നാൽ, ആരോഗ്യ കാരണങ്ങൾക്കപ്പുറം മറ്റു വല്ലതും കൊണ്ടാകാം രാജിയെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം രംഗത്തുവന്നു. കാരണം ഉപരാഷ്ട്രപതി എന്ന നിലക്ക് 23ന് ജയ്പൂരിൽ പരിപാടിയിൽ സംബന്ധിക്കുമെന്ന് രാജ്യസഭ സെക്രട്ടേറിയേറ്റ് അറിയിച്ച ശേഷമാണ് അപ്രതീക്ഷിതമായ രാജി. രാജ്യസഭ ചെയർമാൻ എന്ന നിലയിൽ പ്രതിപക്ഷവുമായും പ്രതിപക്ഷ നേതാവുമായും നിരന്തരം കൊമ്പുകോർത്ത ധൻഖർ തന്റെ പദവിയിൽ മൂന്ന് വർഷം തികക്കുന്നതിന് മുമ്പാണ് പൊടുന്നനെ പടിയിറങ്ങുന്നത്.
ധൻഖറിന്‍റെ രാജിക്ക് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ എൻ.ഡി.എ ചർച്ച ആരംഭിച്ചു. കോൺഗ്രസുമായി ഉടക്കി നൽക്കുന്ന ശശി തരൂർ എം.പി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവരാണ് പരിഗണനയിലുള്ളതെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.