പി.എസ്.സി പരീക്ഷയിൽ ഗുരുതര ക്രമക്കേടെന്ന് മൊഴി; രേഖകൾ ആവശ്യപ്പെട്ട് എസ്.ഐ.ടി നാളെ കത്ത് നൽകും
text_fieldsതിരുവനന്തപുരം: പി.എസ്.സി പരീക്ഷകളിലും നിയമനത്തിലും ഗുരുതര ക്രമക്കേടുകൾ നടന്നെന്ന് ഉദ്യോഗാർഥികൾ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മൊഴിനൽകി.
സർക്കാർ നിർദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രത്യേക സംഘം മൊഴിയെടുപ്പ് നടപടികളിലേക്ക് കടന്നതോടെയാണ് പരാതിക്കാരായ ഉദ്യോഗാർഥികൾ ഉൾപ്പെടെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളുമായി എത്തിയത്. ആസൂത്രണ ബോർഡ്, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്, ഡിവൈ.എസ്.പി സ്പെഷൽ റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ക്രൈംബ്രാഞ്ച് ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്.
ഈ പരീക്ഷകളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എസ്.ഐ.ടി തിങ്കളാഴ്ച പി.എസ്.സിക്ക് കത്ത് നൽകും. തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം അന്വേഷണത്തിൽ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്. അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ എന്തെല്ലാം തുടർനടപടികൾ സ്വീകരിക്കണമെന്നതിൽ പി.എസ്.സി യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും. അന്വേഷണത്തോട് സഹകരിക്കുന്നതിൽ നിയമോപദേശം തേടുമെന്നാണ് വിവരം. അന്വേഷണത്തെ എതിർത്താൽ സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കാനുള്ള സാധ്യത മുന്നിൽകണ്ട് പി.എസ്.സി കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് മൊഴികളും പി.എസ്.സിയിലെ രേഖകളും വിശദമായി പരിശോധിച്ച് ക്രമക്കേട് നടന്നെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദ അന്വേഷണത്തിലേക്ക് കടക്കൂ. ക്രമക്കേട് സംശയിക്കുന്ന പരീക്ഷകളും നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നശിപ്പിക്കരുതെന്ന് പി.എസ്.സിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുമെന്ന് അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

