പി.എസ്.സി: ഇടത് അനുഭാവിക്ക് തെറ്റിയ പത്ത് ചോദ്യങ്ങളുടെ ഉത്തരം മൂല്യനിർണയം നടത്തിയില്ല; തെളിയുന്നത് ഉദ്യോഗസ്ഥ തലത്തിലെ ആസൂത്രിത ഇടപെടൽ
text_fieldsതിരുവനന്തപുരം: ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തെളിയുന്നത് ഇടത് നേതാവിന് നിയമനം ലഭിക്കാൻ പി.എസ്.സി ഉദ്യോഗസ്ഥതലത്തിൽ നടത്തിയ ആസൂത്രിത ഇടപെടൽ. ഒന്നാംറാങ്കുകാരനായ ഇടത് അനുഭാവിയായ നേതാവിന് റാങ്ക്പട്ടികയിൽ ഇടംലഭിക്കാൻ രാഷ്ട്രീയ ഇടപെടലിന് ഉദ്യോഗസ്ഥർ ബോധപൂർവം ശ്രമിച്ചെന്ന വിവരങ്ങളാണ് എസ്.ഐ.ടിക്ക് ലഭിച്ചത്.
പി.എസ്.സിയിലെ നാല് ഉദ്യോഗസ്ഥർ നേരിട്ട് ഈ ക്രമക്കേടിൽ ഇടപെട്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതായാണ് വിവരം. ആസൂത്രണ ബോർഡ് പരീക്ഷയിലെ 58 മാർക്കിന്‍റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തത് ഇഷ്ടക്കാരനെ ജോലിയിലെത്തിക്കാനാണെന്ന് വ്യക്തമാക്കുന്നതാണ് എസ്.ഐ.ടിക്ക് ലഭിച്ച തെളിവുകൾ. ഒന്നാംറാങ്കുകാരൻ പത്ത് ചോദ്യങ്ങളുടെ ഉത്തരം തെറ്റിക്കുകയോ എഴുതാതിരിക്കുകയോ ചെയ്തെന്നാണ് അനുമാനം. ഒന്നാം റാങ്കുകാരനായ ഇടതുസംഘടന നേതാവിന് പത്ത് ഉത്തരങ്ങളിൽ ആറെണ്ണം തെറ്റിപ്പോയി, നാലെണ്ണത്തിന്‍റെ ഉത്തരം എഴുതിയതുമില്ല. ഇക്കാര്യം പി.എസ്.സിയിലെ ഒരു ഉദ്യോഗസ്ഥനെ അറിയിച്ചു. തുടർന്നാണ് 58 മാർക്കിന്‍റെ പത്ത് ചോദ്യങ്ങൾ ഒഴിവാക്കി മൂല്യനിർണയം നടത്തിയതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
പി.എസ്.സി ഉദ്യോഗസ്ഥരുടെ പേര് പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തി എസ്.ഐ.ടി ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. അതിന് മുമ്പ് ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി കൂടുതൽ പി.എസ്.സി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. നിലവിൽ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
അതിനിടെ മറ്റ് പല വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നതിനാൽ അക്കാര്യങ്ങളിൽ വിശദ പരിശോധന നടത്തി കേസെടുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഐ.ജി അജീതാബീഗത്തിന്‍റെ നേതൃത്വത്തിലുള്ള എസ്.ഐ.ടി വിപുലീകരിക്കാനും തീരുമാനിച്ചു. മൂന്ന് വകുപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് എസ്.ഐ.ടിയെ സർക്കാർ ഏൽപിച്ചിരുന്നതെങ്കിൽ പിന്നാക്ക വികസന കോർപറേഷൻ, ആസൂത്രണ ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. അതിന്‍റെ അടിസ്ഥാനത്തിൽ ആസൂത്രണ ബോർഡ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന വിലയിരുത്തലിലാണ് കേസെടുത്തത്. എന്നാൽ, പിന്നാക്ക വികസന കോർപറേഷനിലെ പ്രോജക്ട് അസിസ്‌റ്റന്‍റ് നിയമനത്തിൽ കേസ് നിലനിൽക്കില്ലെന്ന വിലയിരുത്തലിലാണ് എസ്.ഐ.ടി. ഇതുസംബന്ധിച്ച പരാതികളും രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് ഈ വിലയിരുത്തൽ.
എന്നാൽ സർക്കാർ നിർദേശിച്ച കെ.എ.എസ് ഉൾപ്പെടെ പരീക്ഷകൾ സംബന്ധിച്ച പരാതികളിൽ അന്വേഷണം തുടരാനാണ് തീരുമാനം. പി.എസ്.സി നടത്തിയ 90 ഓളം പരീക്ഷകൾ സംബന്ധിച്ച പരാതികൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. ഓരോ പരാതികളും വെവ്വേറെ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
പി.എസ്.സി പരീക്ഷ ക്രമക്കേടിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പി.എസ്.സി പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ആഭ്യന്തര വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു. ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത സാഹചര്യത്തിലാണ് നടപടി.
രണ്ട് അന്വേഷണം സമാന്തരമായി നടക്കുന്നതിലെ നിയമപ്രശ്നങ്ങളും ഒരേ ആളുകളിൽനിന്നു തന്നെ മൊഴിയെടുക്കേണ്ടിവരുന്നതിലെ പ്രായോഗിക-സാങ്കേതിക തടസ്സങ്ങളുമാണ് ആഭ്യന്തര വിജിലൻസിന്‍റെ തുടരന്വേഷണത്തിന് പ്രതിബന്ധമായത്. ജൂൺ 29നാണ് പി.എസ്.സി പരീക്ഷ ക്രമക്കേടുകളിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
അന്വേഷണം നീങ്ങുന്നത് പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്ക്
തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നിലയിലേക്കാണ് പരീക്ഷ ക്രമക്കേട് സംബന്ധിച്ച എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് പാർട്ടി അനുഭാവികളിൽ പലർക്കും സർക്കാർ ജോലി ലഭിക്കുന്നതിനായി പി.എസ്.സി വഴി ഇടപെടൽ നടന്നെന്ന സംശയം ശക്തമാകുന്ന നിലക്കാണ് കാര്യങ്ങൾ. ആസൂത്രണ ബോർഡ് പരീക്ഷയിൽ ഇത് വ്യക്തമായി. അതിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് അന്വേഷണം നീങ്ങുന്നത്. നിലവിൽ നാല് ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്ന് എസ്.ഐ.ടി ഉറപ്പിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെയും മറ്റ് ചിലരെയും നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യും.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷിന്‍റെ അധ്യക്ഷതയിൽ അന്വേഷണസംഘം യോഗം ചേർന്ന് തുടരന്വേഷണം വിലയിരുത്തി. അന്വേഷണം പി.എസ്.സിയിലെ ഉന്നതരിലേക്ക് കേന്ദ്രീകരിക്കുമെന്ന നിലക്കാണ് കാര്യങ്ങൾ. അങ്ങനെയെങ്കിൽ അതിനെ ചോദ്യം ചെയ്ത് പി.എസ്.സി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

