‘സ്വന്തംനിലയിൽ തീരുമാനമെടുത്തശേഷം യോഗത്തിൽ അംഗീകരിപ്പിക്കുന്നു’; പിഎസ്സി ചെയർമാനും അംഗങ്ങൾക്കുമെതിരെ മൊഴി നൽകി സെക്രട്ടറി
text_fieldsതിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ഉൾപ്പെടെ വിഷയങ്ങളിൽ ചെയർമാനും അംഗങ്ങൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള മൊഴി നൽകി പി.എസ്.സി സെക്രട്ടറി സാജു ജോർജ്.
പല പരീക്ഷകളിലും ചെയർമാൻ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് തീരുമാനമെടുത്തെന്ന സുപ്രധാന മൊഴിയാണ് സെക്രട്ടറിയുടേത്. ഒരുതരത്തിലുള്ള കൂടിയാലോചനയുമില്ല.
പലപ്പോഴും ചെയർമാൻ സ്വന്തം നിലക്ക് തീരുമാനമെടുത്ത ശേഷം അത് യോഗത്തിൽ നിർബന്ധം പിടിച്ച് അംഗീകരിപ്പിക്കുകയാണെന്നും സെക്രട്ടറി മൊഴി നൽകി. നേരത്തെ സമാനമായ മൊഴി ചില പി.എസ്.സി അംഗങ്ങളും എസ്.ഐ.ടിക്ക് നൽകിയിട്ടുണ്ട്.
ആസൂത്രണ ബോർഡ് ഉൾപ്പെടെ പല പരീക്ഷകളിലും നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചു. പി.എസ്.സിക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഗുരുതര ആരോപണവും സെക്രട്ടറിയുടെ മൊഴിയിലുണ്ട്.
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും സെക്രട്ടറി സമാനമായ മൊഴിയാണ് നൽകിയത്. ശനിയാഴ്ച മണിക്കൂറുകളോളം എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലിന് ഹാജരായ സെക്രട്ടറി തിങ്കളാഴ്ചയും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി നൽകിയ മൊഴിയാണ് ചെയർമാനും അംഗങ്ങൾക്കും തിരിച്ചടിയാകുന്നത്.
സെക്രട്ടറിയും ചെയർമാൻ എം.ആർ. ബൈജുവിനെതിരെ മൊഴി നൽകിയതോടെ അന്വേഷണം ഉന്നതരിലേക്ക് കൃത്യമായി നീങ്ങുന്നെന്ന് വ്യക്തം. ദിവസങ്ങൾക്ക് മുമ്പ് പി.എസ്.സി ചെയർമാനെ എസ്.ഐ.ടി ആറു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
എന്നാൽ, താൻ പരീക്ഷാ നടത്തിപ്പിലുൾപ്പെടെ ഇടപെട്ടില്ലെന്നാണ് ബൈജു നൽകിയ മൊഴി. ഉത്തരവാദിത്തം മുഴുവൻ സെക്രട്ടറിയുടേയും, വീഴ്ച അറസ്റ്റിലായ അഡീഷനൽ സെക്രട്ടറി ആർ. ഹരി, മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് എന്നിവരുടെയും തലയിൽ വെക്കുകയാണ് ചെയർമാൻ ചെയ്തത്.
ഉദ്യോഗസ്ഥരുടെ ഭാഗത്തെ പാളിച്ച വ്യക്തമായതിനാൽ വീണ്ടും മൂല്യനിർണയം നടത്തി റാങ്ക് ലിസ്റ്റിൽ മാറ്റം വരുത്തിയെന്നും ചെയർമാൻ പറഞ്ഞു. ഇതിൽ വ്യക്തത വരുത്താനാണ് സെക്രട്ടറിയെ എസ്.ഐ.ടി ചോദ്യം ചെയ്തത്.
ആദ്യ ദിനത്തിൽ ഉത്തരം കിട്ടാത്ത പല കാര്യങ്ങളിലും വ്യക്തത വരുത്താനാണ് തിങ്കളാഴ്ചയും ചോദ്യം ചെയ്യൽ തുടർന്നത്. വരും ദിവസങ്ങളിൽ പി.എസ്.സി അംഗങ്ങൾക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകി.
നിലവിൽ ചോദ്യം ചെയ്യലിന് വിധേയവർ പരസ്പരം പഴിചാരിയ മൊഴികളാണ് നൽകിയത്. ചെയർമാനും അറസ്റ്റിലായ ഉദ്യോഗസ്ഥരും ഏറെക്കുറെ സമാന മൊഴി നൽകിയത് കരുതിക്കൂട്ടിയാണെന്നും എസ്.ഐ.ടി സംശയിക്കുന്നു.
റിമാൻഡിൽ കഴിയുന്ന പ്രതികളായ രണ്ടുഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷ കോടതിയിൽ നൽകാൻ അന്വേഷണസംഘം ഉദ്ദേശിക്കുന്നുണ്ട്. പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാം ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികളും എസ്.ഐ.ടി കൈക്കൊണ്ടിട്ടുണ്ട്.

