പകർച്ചവ്യാധി പിടിമുറുക്കുമ്പോഴും പൊതുജനാരോഗ്യ നിയമം നോക്കുകുത്തി
text_fieldsതിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം അടക്കം വിവിധതരം പകർച്ചവ്യാധികൾ കേരളത്തിൽ ഭീഷണി ഉയർത്തുമ്പോഴും പൊതുജനാരോഗ്യ നിയമം നോക്കുകുത്തി. നിയമസഭ പാസാക്കി രണ്ടുവർഷം കഴിഞ്ഞിട്ടും നിയമം പ്രാബല്യത്തിലായിട്ടില്ല. ഇനിയും ചട്ടങ്ങൾ ഉണ്ടാക്കാത്തതാണ് പ്രധാന തടസ്സം. നിയമം പാസാക്കി രണ്ടാഴ്ചക്കകം ചട്ടം വരുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഒരു നീക്കവും നടന്നില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്ന സമഗ്ര നിയമമാണിത്. വിവിധ കാലഘട്ടങ്ങളിൽ ഉണ്ടാവുന്ന വെല്ലുവിളികൾ നേരിടാനും അതിനെ കൈകാര്യം ചെയ്യാനുമുള്ള വിശദ മാർഗരേഖയായാണ് നിയമം കൊണ്ടുവന്നത്.
എന്നാൽ, ഉദ്ദേശലക്ഷ്യങ്ങൾ ഇപ്പോഴും കോൾഡ് സ്റ്റോറേജിലാണ്. രോഗനിർണയം, ചികിത്സ, ആരോഗ്യം പ്രദാനം ചെയ്യുന്ന സാമൂഹിക സംവിധാനങ്ങളെ ശക്തിപ്പെടുത്തൽ, രോഗങ്ങൾക്ക് കാരണമാവുന്ന അവസ്ഥകളെ തടയുക തുടങ്ങിയ ആരോഗ്യസംരക്ഷണ മാർഗങ്ങൾ നിയമം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ജീവിതശൈലി രോഗങ്ങൾ തടയാനുള്ള ശക്തമായ സംവിധാനങ്ങൾ നിയമം വിഭാവനം ചെയ്യുന്നു.
പൊതുജനാരോഗ്യ നിയമപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിയിൽ ആരോഗ്യ സ്ഥാപനങ്ങളെ കൂടി പങ്കാളിയാക്കി പൊതുജനാരോഗ്യ സമിതി രൂപവത്കരിക്കണം. എന്നാൽ, തിരുവനന്തപുരം കോർപറേഷനിലടക്കം സമിതി രൂപവത്കരിച്ചിട്ടില്ല. ഇത് ഗുരുതര വീഴ്ചയാണ്. കോർപറേഷൻ പരിധിയിലാണ് ഇപ്പോൾ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്നതും തിരുവനന്തപുരം ജില്ലയിലാണ്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. കോർപറേഷനിൽ മാത്രം 16 പൊതുജനാരോഗ്യ സമിതികൾ രൂപവത്കരിക്കണം. കോർപറേഷൻ വരുത്തുന്ന വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്ക് വരെ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

