കണ്ണൂർ കോൺഗ്രസിലെ പോര്: പരസ്യ പ്രതികരണത്തിനും പ്രകടനത്തിനും വിലക്ക്
text_fieldsകണ്ണൂര്‍: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പയ്യന്നൂർ കോഓപ്. സൊസൈറ്റിയുടെ കീഴിലുള്ള മാടായി സഹകരണ കോളജിലെ നിയമന വിവാദത്തെ തുടർന്ന് പാർട്ടിയിലുണ്ടായ പോര് പരിഹരിക്കാൻ കെ.പി.സി.സി ഉപസമിതി ഇടപെടൽ. പരസ്യ പ്രസ്താവനകളും പ്രകടനങ്ങളും പാടില്ലെന്ന് ഉപസമിതി വിലക്കി. കെ.പി.സി.സി അച്ചടക്കകാര്യ സമിതി അധ്യക്ഷൻ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്, അബ്ദുൽ മുത്തലിബ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയത്.
മാടായി കോളജിൽ അനധ്യാപക തസ്തികകളിൽ സി.പി.എം പ്രവർത്തകരെയടക്കം നിയമിച്ചത് എം.കെ. രാഘവൻ എം.പി കോഴവാങ്ങിയാണെന്ന ആരോപണത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തിയും പ്രതിഷേധവുമുണ്ടായിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന കെ. സുധാകരന് അനുകൂലികളെയും എം.കെ. രാഘവന് അനുകൂലികളെയും കണ്ണൂര്‍ ഡി.സി.സിയിലേക്ക് വിളിപ്പിച്ചാണ് ഉപസമിതി ചര്‍ച്ച നടത്തിയത്. ഉച്ചക്ക് രണ്ടിന് തുടങ്ങിയ ചര്‍ച്ച വൈകീട്ട് ആറോടെയാണ് അവസാനിച്ചത്.
അച്ചടക്ക നടപടിയെ തുടർന്ന് സസ്പെൻഷനിലായ പ്രവർത്തകരിൽനിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സസ്പെന്‍ഷനിലായ കോളജ് ഡയറക്ടര്‍മാരിൽനിന്നും എം.കെ. രാഘവനെ തടഞ്ഞ പ്രതിഷേധക്കാരില്നിന്നുമാണ് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചത്. തുടര്‍ന്ന് ഇവരെ പങ്കെടുപ്പിച്ച് നടന്ന ചര്‍ച്ചയില്‍ പയ്യന്നൂര്‍, പഴയങ്ങാടി മണ്ഡലം ഭാരവാഹികളും പയ്യന്നൂര്‍, കല്യാശ്ശേരി ബ്ലോക്ക് ഭാരവാഹികളും പങ്കെടുത്തു.
ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, കണ്ണൂരിലെ മുതിര്‍ന്ന നേതാവ് സോണി സെബാസ്റ്റ്യന്‍ എന്നിവരിൽനിന്നും മൊഴിയെടുത്തു. സമിതിയുടെ തീരുമാനം അന്തിമമായിരിക്കുമെന്ന് ഇരുവിഭാഗത്തെയും ബോധ്യപ്പെടുത്തി.
റിപ്പോര്‍ട്ട് വരുന്നതുവരെ അച്ചടക്ക നടപടി മരവിപ്പിക്കാനുളള ധാരണയായതായാണ് വിവരം. മാടായി കോളജ് നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് കെ.പി.സി.സി നിയമിച്ച മൂന്നംഗ സമിതിയംഗമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. എല്ലാവര്ക്കും പറയാനുള്ളത് കേള്‍ക്കും. പ്രശ്നപരിഹാരത്തിനുള്ള നിർദേശം സമിതി മുന്നോട്ടുവെക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.