പുതുച്ചേരിക്കായി വോട്ടുചെയ്ത് മാഹി
text_fieldsകണ്ണൂർ: കേരളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന മാഹിയിൽ വോട്ടെടുപ്പ് പൂർത്തിയായി. പു തുച്ചേരി മണ്ഡലത്തിെൻറ ഭാഗമായ മാഹിയിൽ 65.6 ശതമാനമാണ് പോളിങ്. പ്രചാരണ കോലാഹലങ്ങളോ സ്ഥാനാർഥികളുടെ ബഹുവർണ പോസ്റ്ററുകളോ ഇല്ലാതെ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാർക്കും ആവേശം കുറവായിരുന്നു. കൗതുകംനിറഞ്ഞ മുന്നണി രൂപവത്കരണവും തദ്ദേശീയരല്ലാത്ത സ്ഥാനാർഥി നിർണയവും കേരളത്തെ അപേക്ഷിച്ച് മാഹിയിലെ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കി. ഭാര്യ കെ. ശ്രീജയുമൊത്ത് മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ മാഹി ഗവ. എൽ.പി സ്കൂളിൽ രാവിലെ 8.45ഓടെ വോട്ടു രേഖപ്പെടുത്താനെത്തി.
മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രൻ പന്തക്കൽ ഗവ. എൽ.പി സ്കൂളിൽ 10.40ഓടെയാണ് ഭാര്യയോടൊപ്പം വോട്ടു ചെയ്യാനെത്തിയത്. മുൻ മന്ത്രി ഇ. വത്സരാജ് ഭാര്യ അരുണയുമൊത്ത് മാഹി സി.ഇ.ബി.ജി.എച്ച്.എസ്.എസിൽ 9.10ഓടെ വോട്ടു രേഖപ്പെടുത്താനെത്തി. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി പുതുച്ചേരി സരസ്വതിനഗർ ബസ്സി സ്ട്രീറ്റിലെ പി.ഡബ്ല്യു.ഡി ഓഫിസ് ബൂത്തിലാണ് വോട്ടു രേഖപ്പെടുത്തിയത്.
ഒരു ബൂത്തിൽ ആയിരത്തിനോടടുത്ത വോട്ടുകൾ രേഖപ്പെടുത്താൻ 32 ബൂത്തുകളിലായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. വോട്ടർമാർക്കുള്ള നിർദേശങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലുമുണ്ടായിരുന്നു. രാവിലെ ആറിന് മോക് പോളിങ് നടത്തി സൗകര്യങ്ങൾ ഉറപ്പുവരുത്തിയേശഷമാണ് ഏഴിന് പോളിങ് ആരംഭിച്ചതെന്ന് മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററും റിട്ടേണിങ് ഓഫിസറുമായ അമൻ ശർമ പറഞ്ഞു. മാഹി പൊലീസ്, പുതുേച്ചരി സായുധസേന, സി.ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് ക്രമസമാധാനപാലനം നിർവഹിച്ചത്. വരി നീണ്ടാൽ ഇരിക്കാനാവുന്നതരത്തിൽ ബെഞ്ചുകൾ സജ്ജീകരിച്ചിരുന്നു. ചെറുകല്ലായി ഗവ. എൽ.പി സ്കൂൾ, പാറക്കൽ ഗവ. എൽ.പി സ്കൂൾ എന്നിവയായിരുന്നു മാതൃക പോളിങ് ബൂത്തുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.