‘പേമാരി വന്നിട്ട് കുലുങ്ങിയിട്ടില്ല…പിന്നല്ലേ ചാറ്റൽമഴ…’; അപരന്മാരുടെ ഭീഷണി തള്ളി പി.വി. അൻവർ
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചെങ്കിലും പല സ്ഥാനാർഥികൾക്കും പേരിന് സമാനമായ അപരന്മാർ ഭീഷണി ഉയർത്തുന്നുണ്ട്. ബേപ്പൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനെതിരായാണ് ഏറ്റവും കൂടുതൽ അപരന്മാര്‍ മത്സര രംഗത്തുള്ളത്. നാല് അപരന്മാർ.
അൻവറിന്റെ പേരിനോട് സാമ്യമുള്ളവർ പത്രിക നൽകിയതോടെ മണ്ഡലത്തിൽ മത്സരം കടുക്കും. പേമാരി വന്നിട്ട് കുലുങ്ങിയിട്ടില്ല…പിന്നല്ലേ ചാറ്റൽമഴ… എന്നാണ് അൻവർ പ്രതികരിച്ചത്. ‘നാല് അപരൻമാരെയാണ് എനിക്കെതിരെ നിർത്തിയിരിക്കുന്നത്….യുദ്ധമുഖത്ത് ഡമ്മികളെ മുന്നിൽ നിർത്തിയുള്ള ശീലം പിവി അൻവറിനില്ല.
ഒരു വർഷമായി എന്റെ പോരാട്ടങ്ങളുടെ രീതി കേരളത്തിനറിയാം….നേരിട്ടേറ്റുമുട്ടിയാണ് എനിക്ക് ശീലം… പോരാട്ടത്തിലും ധാർമികതയും,ജനാധിപത്യ മര്യാദയും നിങ്ങൾ മറക്കുന്നത് ഭയംകൊണ്ടാണ് സാർ… ഓർമ്മിപ്പിക്കട്ടെ, പേമാരി വന്നിട്ട് കുലുങ്ങിയിട്ടില്ല… പിന്നല്ലേ ചാറ്റൽമഴ…’ -അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
തവനൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. കെ.ടി. ജലീലിന് അബ്ദുൽ ജലീൽ, അബ്ദുൽ ജലീൽ കെ.ടി എന്നീ പേരുകളിൽ രണ്ട് അപരന്മാരുണ്ട്. തിരൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി മന്ത്രി വി. അബ്ദുറഹ്മാന് അപരന്മാരായി രണ്ട് അബ്ദുറഹ്മാൻമാരും യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീന് അപരനായി ഒരു മൊയ്തീനുമുണ്ട്.
വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.എം. ഷാജിക്ക് അപരന്മാരായുള്ളത് യു.പി. ഷാജി, കെ.എം. ഷാജി എന്നിവരാണ്. പൊന്നാനിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.കെ. സക്കീറിന് മൂന്ന് അപരന്മാരുണ്ട്. രണ്ട് സക്കീറുമാരും സഗീർ എം.കെയും. പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.പി. നൗഷാദലിക്ക് അപരനായി നൗഷാദലിയുണ്ട്.
പെരിന്തൽമണ്ണയിലെ യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിന് അപരന്മാരായി അബ്ദുൽ നജീബ്, നജീബ് എന്നീ പേരുകളിൽ രണ്ടുപേർ പത്രിക നൽകിയിട്ടുണ്ട്. പെരിന്തൽമണ്ണയിലെ എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് ഹനീഫക്ക് ഹനീഫ, മുഹമ്മദ് ഹനീഫ പി എന്നീ പേരുകളിൽ രണ്ട് അപരന്മാരുണ്ട്. മുൻ മന്ത്രിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ എ.പി. അനികുമാറിന് വണ്ടൂരിൽ അനിൽകുമാർ എന്ന പേരിലും താനൂരിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. നവാസിന് പി.പി. നവാസ് എന്ന പേരിലും അപരന്മാരുണ്ട്.
ചെന്നിത്തലക്കും പ്രസാദിനും അപരൻ
ആലപ്പുഴ: അന്തിമചിത്രം തെളിഞ്ഞപ്പോൾ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കും മന്ത്രി പി. പ്രസാദിനും അപരന്മാർ. ചേർത്തല എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ പി. പ്രസാദിന് ചേർത്തല പട്ടണക്കാട് സ്വദേശി എ.പി. പ്രസാദാണ് അപരൻ. ഹരിപ്പാട് യു.ഡി.എഫ് സ്ഥാനാർഥി രമേശ് ചെന്നിത്തലയുടെ അപരൻ സി. രമേശാണ്. ചെന്നിത്തല ഒരിപ്പുറം വിളയിൽപറമ്പിൽ വീട്ടിലാണ് താമസം. നാട്ടിൽ രമേശ് സി. ചെന്നിത്തല എന്ന് അറിയപ്പെടുന്നതിനാൽ ബാലറ്റിലും ഈ പേര് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തെരഞ്ഞെടുപ്പ് കമീഷൻ നിരസിച്ചു.
ഉണ്ണികൃഷ്ണൻ വിയർക്കും, ഷിബുവും..
കൊച്ചി: : പ്രതിപക്ഷ നേതാവിനുണ്ട്, വ്യവസായ മന്ത്രിക്കും എം.എൽ.എക്കുമുണ്ട്. തൃപ്പൂണിത്തുറയിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ. ഉണ്ണികൃഷ്ണന്‍റെ അപരന്‍റെ പേരും കെ.എൻ. ഉണ്ണികൃഷ്ണൻ എന്നു തന്നെ. സ്വതന്ത്രനായ ഇദ്ദേഹത്തിന്‍റെ ചിഹ്നം ഡിഷ് ആൻറിനയാണ്. പറവൂരിലെ യു.ഡി.എഫ് സ്‍ഥാനാർഥി വി.ഡി. സതീശന്‍റെ അപരനാണ് കെ.ബി. സതീഷ്. ബാറ്റാണ് ചിഹ്നം. എൽ.ഡി.എഫിന്റ മന്ത്രി പി. രാജീവ് മത്സരിക്കുന്ന കളമശ്ശേരിയിൽ രാജീവ് എന്നയാൾ അപരനായി മത്സരിക്കുന്നു. ടെലവിഷൻ ആണ് ചിഹ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

