അന്ന് പൂരപ്പറമ്പിൽ നടന്നതെന്ത്? അൻവറിന്റെ വെളിപ്പെടുത്തലിൽ വീണ്ടും കത്തിപ്പടർന്ന് തൃശൂർ പൂരം
text_fieldsതൃശൂർ പൂരത്തിലെ കുടമാറ്റത്തിൽ നിന്ന് (ഫോട്ടേ; പി. അഭിജിത്ത്)
തൃശൂർ: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തൽ വിവാദമായതോടെ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം വീണ്ടും സജീവ ചർച്ചയിലേക്ക്. എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസിനും ബി.ജെ.പിക്കും വേണ്ടി മനഃപൂർവം പൂരം അലങ്കോലമാക്കിയെന്നാണ് കഴിഞ്ഞ ദിവസം അൻവർ ആരോപിച്ചത്. പൂരം അലങ്കോലമാക്കിയതിൽ എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അന്ന് നടന്ന സംഭവങ്ങൾ.
- ഏപ്രിൽ 19ന് രാത്രിയാണ് പൂരത്തിനിടെ പൊലീസിൽനിന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളിൽനിന്നും അസ്വാഭാവിക ഇടപെടൽ ഉണ്ടായത്. അധികൃതരും ദേവസ്വം ഭാരവാഹികളും തമ്മിൽ പൂരത്തിന് മുമ്പുതന്നെ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
- പൂരത്തിന് എത്തിച്ച 80ഓളം ആനകളെ പരിശോധിക്കാൻ ചങ്ങലകൾ നീക്കി നിരത്തി നിർത്തിയിടത്തുനിന്ന് പാപ്പാന്മാർ പെട്ടെന്ന് അപ്രത്യക്ഷരായതിൽ വെറ്ററിനറി സർജന്മാരും വനം വകുപ്പും അന്നുതന്നെ ദുരൂഹത ആരോപിച്ചിരുന്നു.
- രാത്രി പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പൊലീസും ദേവസ്വം ഭാരവാഹികളും തർക്കത്തിലായി.
- പാതിരാത്രിയിൽ ഈ തർക്കത്തിനിടയിലേക്ക് ആംബുലൻസിൽ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയും ആർ.എസ്.എസ് നേതാക്കളും എത്തി.
- തുടർന്ന് ഇരു ദേവസ്വങ്ങളും വെടിക്കെട്ടിനില്ലെന്ന് പ്രഖ്യാപിച്ചു.
- പുലർച്ച രണ്ടിന് നടക്കേണ്ട വെടിക്കെട്ട് അരങ്ങേറിയത് രാവിലെ ഏഴിന്.
- സംഭവസമയത്ത് എ.ഡി.ജി.പി നഗരത്തിൽ തന്നെ ഉണ്ടായിട്ടും വിഷയത്തിൽ ഇടപെട്ടില്ല എന്നതും സംശയം ജനിപ്പിച്ചു.
- പിന്നീട് പൂരം അലങ്കോലമാക്കിയ സംഭവം അന്വേഷിച്ചതും ആരോപണ വിധേയനായ ഇതേ എ.ഡി.ജി.പി.
- മാസങ്ങൾക്കുശേഷം സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകിനെ മാറ്റി പൊലീസ് വിഷയം തണുപ്പിച്ചു.
ചൂടുപിടിച്ച് വിവാദം
അൻവറിന്റെ വെളിപ്പെടുത്തലോടെ ഈ വിവാദത്തിനാണ് വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ് ലോക്സഭ സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ, യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ, ദേവസ്വം ബോർഡ് പ്രതിനിധികൾ എന്നിവർ രംഗത്തെത്തി. പൂരം അലങ്കോലമാക്കിയതിൽ പൊലീസിനും നടത്തിപ്പുകാർക്കും ഒരുപോലെ പങ്കുണ്ടെന്നാണ് വി.എസ്. സുനിൽ കുമാർ പ്രതികരിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. പൂരം കലക്കിയത് സുരേഷ് ഗോപിയെ ജയിപ്പിക്കാനാണെന്നും ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും കെ. മുരളീധരൻ അറിയിച്ചു.
പൂരത്തിലെ അനിഷ്ട സംഭവത്തിനു പിന്നിൽ പൊലീസ് മാത്രമല്ലെന്നും മറ്റു ചിലരും ഉണ്ടെന്ന് സംശയിക്കുന്നുണ്ടെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു. പൂരം കലക്കി ബി.ജെ.പിയെ വിജയിപ്പിക്കാൻ പൊലീസ് കൂട്ടുനിന്നെങ്കിൽ വി.എസ്. സുനിൽ കുമാർ ബിനോയ് വിശ്വത്തോടും മുഖ്യമന്ത്രിയോടുമാണ് പരാതി പറയേണ്ടതെന്നും ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ പ്രതികരിച്ചു. ആരോപണങ്ങളിൽ ബി.ജെ.പി ജില്ല നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പൊലീസിനും നടത്തിപ്പുകാർക്കും പങ്ക് -വി.എസ്. സുനിൽ കുമാർ
തൃശൂർ: 2024ലെ തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പൊലീസിനും പൂരം നടത്തിപ്പുകാർക്കും പങ്കുണ്ടെന്ന് തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാർ. സംഭവം സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഉടൻ പുറത്തുവിടണം. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തിൽ നടന്ന പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ കൃത്യമായ ആസൂത്രണത്തോടുകൂടിയ ഗൂഢാലോചന നടന്നുവെന്നത് പകല്‍പോലെ വ്യക്തമാണ്. പൊലീസും തിരുവമ്പാടി ദേവസ്വം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് എഴുന്നള്ളിച്ചുവന്ന പൂരവും പഞ്ചവാദ്യവും നിര്‍ത്തിവെച്ചതും പന്തലിലെ ലൈറ്റ് ഓഫാക്കിയതും വളരെ നാടകീയമായി വെടിക്കെട്ട് നടത്തില്ലെന്ന പ്രഖ്യാപനവും ഉണ്ടായത്. ഇത്തരമൊരു നിലയിലേക്ക് എത്തിക്കുന്നതില്‍ കമീഷണര്‍ ഉള്‍പ്പെടെയുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട് നിർണായകമായെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ബി.ജെ.പി സ്ഥാനാർഥിയുടെ രംഗപ്രവേശവും പൂരം അലങ്കോലമാക്കിയതിനു പിന്നില്‍ എല്‍.ഡി.എഫും സര്‍ക്കാറുമാണെന്ന വ്യാജപ്രചാരണവും പരിശോധിക്കുമ്പോള്‍ ഇതിനു പിന്നിലെ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും വ്യക്തമാകുന്നു.
ജുഡീഷ്യൽ അന്വേഷണം വേണം -കെ. മുരളീധരൻ
കൊല്ലം: തൃശൂർ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ. ഒരു കമീഷണർ വിചാരിച്ചാൽ മാത്രം ഇക്കാര്യം ചെയ്യാനാവില്ല. അതിനു പിന്നിൽ എ.ഡി.ജി.പി അജിത് കുമാറിന്‍റെ വ്യക്തമായ കരങ്ങളുണ്ട്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ എന്നതുപോലെ, എ.ഡി.ജി.പി അത് ചെയ്തെങ്കിൽ പിണറായി വിജയനും അതിൽ പങ്കുണ്ട്. സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പൂരം കലക്കൽ. പൂരം നടന്ന ആ ഒറ്റ രാത്രികൊണ്ടാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടത്. അതുവരെ താനും സുനിൽ കുമാറും തമ്മിലായിരുന്നു മത്സരമെന്നും മുരളീധരൻ കൊല്ലത്ത് പറഞ്ഞു. ചിത്രത്തിൽ പോലുമില്ലാതിരുന്ന സുരേഷ് ഗോപി മുന്നിലേക്ക് വന്നത് പൂരം സംഭവത്തിലൂടെയാണ്. ഇക്കാര്യത്തിലടക്കം അജിത് കുമാറിനെ മാറ്റി നിർത്തിയുള്ള അന്വേഷണമാണ് വേണ്ടത്. എ.ഡി.ജി.പിയെ നിലനിർത്തി അദ്ദേഹത്തിന്‍റെ കീഴുദ്യോഗസ്ഥരെകൊണ്ട് അന്വേഷിപ്പിക്കുന്നത് പ്രഹസനമാണെന്നും മുരളീധരൻ പറഞ്ഞു.
പിന്നിൽ പൊലീസ് മാത്രമല്ല -തിരുവമ്പാടി ദേവസ്വം
തൃശൂർ: പൂരം അലങ്കോലമാക്കിയതിനു പിന്നിൽ പൊലീസ് മാത്രമല്ലെന്നും മറ്റു ചിലർകൂടി ഉണ്ടെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ. പൊലീസ് കൂടാതെ മറ്റു ചിലർകൂടി ഉണ്ടെന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ മനസ്സിലാകുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വേണ്ട രീതിയിൽ ഇടപെടുന്നതിന് തടസ്സമുണ്ടെന്നും ശ്രദ്ധ വേണമെന്നും റവന്യൂ മന്ത്രി കെ. രാജൻ അന്ന് മുന്നറിയിപ്പ് എന്ന നിലയിൽ പറഞ്ഞിരുന്നു. രാഷ്ട്രീയ മുതലെടുപ്പിന് തൃശൂർ പൂരത്തെയും ദേവസ്വങ്ങളെയും ഉപയോഗിക്കരുത്. എല്ലാ രാഷ്ട്രീയത്തിലും ഉൾപ്പെട്ട ആളുകൾ ദേവസ്വങ്ങളിലുണ്ട്. പൂരത്തെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗിരീഷ് കുമാർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.