മുജീബ് എന്നയാൾ ഷാജൻ സ്കറിയയെയോ അജിത്കുമാറിനെയോ കണ്ടിട്ടില്ല, അൻവറിന്റെ പരാതികൾ അടിസ്ഥാനരഹിതമെന്ന്; ‘വെള്ളപൂശിയ’ റിപ്പോർട്ട് പുറത്ത്
text_fieldsപി.വി അൻവർ, എം.ആർ. അജിത് കുമാർ
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ പി.വി. അൻവർ ഉയർത്തിയ അഴിമതി ആരോപണങ്ങളെല്ലാം വ്യാജവും അടിസ്ഥാന രഹിതവുമെന്ന് ‘കണ്ടെത്തിയ’ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് മുൻ മേധാവിയെ വെള്ളപൂശി വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് എസ്.പി സമർപ്പിച്ച 70 പേജുള്ള റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചത്. പരാതികളെല്ലാം അൻവറിന്റെ ആരോപണങ്ങൾ മാത്രമെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.
തേക്കുമരം മുറിച്ചുകടത്തിയ കേസിൽ അജിത്കുമാറിന് ബന്ധമില്ലെന്ന് പറയുന്ന വിജിലൻസ്, ബന്ധപ്പെട്ട എല്ലാരേഖയും മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽ ലഭ്യമാണെന്നും 2020ൽ അന്നത്തെ ജില്ല പൊലീസ് മേധാവി നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് തേക്ക് മുറിച്ച് ലേലം ചെയ്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഷാജൻ സ്കറിയക്കെതിരായ ഐ.ടി ആക്ട് കേസിൽ പരാതിയിൽ പറയുന്ന മുജീബ് എന്നയാൾ ഷാജൻ സ്കറിയയെയോ അജിത്കുമാറിനെയോ കണ്ടിട്ടില്ല. പണമിടപാട് നടത്തിയിട്ടുമില്ല. ഇന്റർനെറ്റ് കാൾ വഴിയാണ് തനിക്ക് വിവരം ലഭിച്ചതെന്ന് പി.വി. അൻവർ പറഞ്ഞിരുന്നു. എന്നാൽ, ഷാജൻ സ്കറിയക്കെതിരെ കേസ് എടുത്തശേഷം ആറ് മാസ കാലയളവിൽ അങ്ങനെയൊരു കാൾ വന്നതിന്റെ തെളിവ് ലഭ്യമായില്ല.
നികുതി വെട്ടിച്ച് വിമാനത്താവളം വഴി കൊണ്ടുവന്ന സ്വർണം തട്ടിയെടുത്ത് ഉരുക്കി തൂക്കത്തിൽ മാറ്റംവരുത്തി 30-40 ശതമാനം സ്വന്തമാക്കിയെന്ന പരാതിയിൽ അജിത്കുമാര്‍ ഇടപെട്ടില്ലെന്നാണ് പൊലീസുകാരുടെ മൊഴിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡി.സി.പി സുജിത് ദാസ്, കരിപ്പൂർ സ്റ്റേഷനിലെ മുൻ എസ്.എച്ച്.ഒ, അപ്രൈസർ ഉണ്ണികൃഷ്ണൻ, ആറ് പൊലീസുകാർ എന്നിവരാണ് അജിത്കുമാറിന് അനുകൂലമായി മൊഴി നൽകിയത്. കവടിയാറിലെ വീട് നിര്‍മാണം നിയമപരമായാണെന്നും കൃത്യമായ ബാങ്ക് രേഖയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അജിത്കുമാറിന്റെ ഭാര്യ പി.എസ്. ഉഷയുടെ പേരിലുള്ള 9.5 സെന്റ് ഭൂമിയിൽ എസ്.ബി.ഐയിൽനിന്ന് 1.50 കോടി രൂപ വായ്പയെടുത്താണ് നിർമാണം. ഫ്ലാറ്റ് വിൽപനയിലും സാമ്പത്തിക ക്രമക്കേടില്ലെന്നാണ് കണ്ടെത്തൽ. 2009ലാണ് ഫ്ലാറ്റ് വാങ്ങാൻ കരാർ ഒപ്പിട്ടത്. 2010ൽ 34 ലക്ഷത്തോളം രൂപ കൊണ്ടൂർ ബിൾഡേഴ്സിന് ബാങ്ക് മുഖാന്തിരം നിൽകി. ഫ്ലാറ്റ് പൂർത്തികരണശേഷം 2012ലാണ് ഉടമസ്ഥർക്ക് രജിസ്റ്റർ ചെയ്തത്. എന്നാൽ, ബിൾഡേഴ്സ് ഉടമ ശിവപ്രസാദും അജിത്കുമാറും തമ്മിൽ നേരിട്ട് കാണാൻ കഴിയാതെവന്നതോടെ രജിസ്ട്രേഷൻ നീണ്ടു. ഫ്ലാറ്റ് വിൽക്കാൻ തീരുമാനിച്ചപ്പോഴാണ് 2016 ഫെബ്രുവരി 19ന് അജിത്കുമാറിന്റെ പേരിലേക്ക് പ്രമാണം രജിസ്റ്റർ ചെയ്തത്.
തുടർന്ന് 2016 ഫെബ്രുവരി 29ന് ലൈല അശോകിന് 64 ലക്ഷം രൂപക്ക് വിറ്റു. 10 ദിവസം കൊണ്ട് ഇരട്ടിവിലക്ക് വിൽപന നടത്തിയതല്ലെന്ന അജിത്കുമാറിന്റെ മൊഴി സാധൂകരിച്ച് വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
പുറത്തുവിടാൻ മടിച്ച് സർക്കാർ
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരായ വിജിലൻസ് റിപ്പോർട്ട് പുറത്തുവിടാൻ മടിച്ച് സർക്കാർ. അജിത്കുമാറിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന വാദമാണ് വിവരാവകാശപ്രകാരം നൽകിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലുള്ളത്. പിന്നാലെയാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചത്.
റിപ്പോർട്ടിലുള്ള കാര്യങ്ങൾ വ്യക്തിപരമാണ്. അത് പുറത്തുവിടുന്നത് അജിത്കുമാറിന്റെ സ്വകാര്യതയെ ബാധിക്കും. റിപ്പോർട്ട് പൊതുതാൽപര്യമോ പൊതുപ്രവർത്തനത്തിന്റെ ഭാഗമായതോ അല്ല. അതുകൊണ്ട് പുറത്തുവിടാൻ സാധിക്കില്ല എന്നായിരുന്നു പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയുടെ മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.