രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ, വാട്സ് ആപ്പ് പോസ്റ്റ് ഡിലീറ്റ് ചെയ്തു; തലസ്ഥാനത്ത് ബി.ജെ.പിക്ക് ആശ്വാസം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. ശ്രീലേഖയെ രാജിയിൽനിന്ന് പിന്തിരിപ്പിക്കാനുള്ള ബി.ജെ.പി അനുനയ നീക്കം ഫലംകണ്ടു. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് വാർഡ് വാട്സ് ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശം ശ്രീലേഖ പിൻവലിച്ചു.
ഇതോടെ കോർപറേഷൻ ഭരണത്തിലെ പ്രതിസന്ധി ബി.ജെ.പി മറികടന്നു. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ 50 സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചിരുന്നത്. കേവല ഭൂരിപക്ഷത്തിന് 51 സീറ്റുകൾ വേണ്ടതിനാൽ, വിജയിച്ച രണ്ട് സ്വതന്ത്രരിൽ ഒരാളുടെ പിന്തുണയോടെ 51 ഉറപ്പാക്കിയാണ് ബി.ജെ.പി ഭരണം നടത്തിയിരുന്നത്. ശ്രീലേഖ രാജിവെച്ചാൽ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടുമായിരുന്നു. നേരത്തെ തന്നെ ശ്രീലേഖ രാജി തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയേക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു.
ശ്രീലേഖ രാജിവച്ചെന്ന വാർത്ത ശരിയല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് അവർ ആശുപത്രിയിലാണെന്നും അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവഹിക്കാൻ കഴിയില്ലേ എന്ന ചിന്തയും ഉത്കണ്ടയും ഉണ്ടെന്നും അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നുമാണ് കുറിപ്പിലുള്ളത്. ആശുപത്രിയിൽ ശ്രീലേഖയെ സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കുറിപ്പ്. ഇതിനു പിന്നാലെയാണ് വാട്സ് ആപ്പിലെ രാജി സന്ദേശം പിൻവലിച്ചത്.
വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം നടത്തിയ അടിയന്തര ഇടപെടലാണ് ശ്രീലേഖയെ രാജിയിൽനിന്ന് പിന്തിരിപ്പിച്ചത്. രാജിക്കത്ത് ഔദ്യോഗികമായി സമർപ്പിച്ചിട്ടില്ലെന്നാണ് നേതൃത്വം വിശദീകരിച്ചിരുന്നത്. മേയർ വി.വി. രാജേഷിനോട് ചില വിയോജിപ്പുകളും അസംതൃപ്തികളും പങ്കുവെക്കുക മാത്രമാണ് ശ്രീലേഖ ചെയ്തതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സെപ്റ്റംബർ 30ന് ശ്രീലേഖ മേയർക്ക് രാജിക്കത്ത് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ, കൗൺസിലർ സ്ഥാനത്തുനിന്നുള്ള രാജി നിയമപരമായി പ്രാബല്യത്തിൽ വരണമെങ്കിൽ നഗരസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് സെക്രട്ടറി വ്യക്തമാക്കുകയുണ്ടായി. നിലവിൽ എൽ.ഡി.എഫിന് 29-ഉം യു.ഡി.എഫിന് 20-ഉം അംഗങ്ങളാണ് കൗൺസിലിലുള്ളത്.
ബി.ജെ.പി അധികാരത്തിലെത്തിയാൽ മേയർ സ്ഥാനത്തേക്ക് വരുന്നത് ശ്രീലേഖയായിരിക്കും എന്നാണ് കോർപറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി അനൗദ്യോഗികമായി പറഞ്ഞിരുന്നത്. പ്രചാരണവേളകളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഫലംവന്നതിന് പിന്നാലെ നടന്ന ചില തകിടം മറിച്ചലുകളിൽ മേയർ സ്ഥാനം വി.വി. രാജേഷിന് ലഭിച്ചു. തുടക്കം മുതൽ ശ്രീലേഖ അതിന്റെ നീരസം പ്രകടമാക്കി. അതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ ‘രാജി നാടകം’ എന്നാണ് സൂചനകൾ.
പ്രതികരിക്കാതെ ശ്രീലേഖ
തിരുവനന്തപുരം: രാജി സന്ദേശവും തുടർന്ന് നടന്ന ചർച്ചകളും സംബന്ധിച്ച് പ്രതികരിക്കാതെ ആർ. ശ്രീലേഖ. മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ തയാറാകാത്ത അവര്‍ ഫോണ്‍ ഒഴിവാക്കി ചികിത്സയിലാണ്. പ്രതീക്ഷിച്ച മേയര്‍ സ്ഥാനം ലഭിക്കാതായത് മുതല്‍ പാര്‍ട്ടിയോട് നീരസം കാട്ടിയ ഇവര്‍ തുടര്‍ന്ന് മറ്റു പല സ്ഥാനങ്ങളും പ്രതീക്ഷിച്ചു. കോര്‍പറേഷനില്‍ ഭരണം നിലനിര്‍ത്താന്‍ പാടുപെടുന്ന ബി.ജെ.പിക്ക് ശ്രീലേഖയുടെ രാജി ഭീഷണി വെല്ലുവിളിയാണ്.
ഇതിനിടെ കോർപറേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് ശ്രീലേഖ നടത്തിയ ശിപാര്‍ശ മേയര്‍ അംഗീകരിക്കാത്തതിൽ നേരിട്ട് അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ദേശീയ വനിത കമീഷന് അധ്യക്ഷയായോ ഗവര്‍ണറായോ പരിഗണിക്കുമെന്ന പ്രചാരണവും ഉണ്ടായിരുന്നു. വട്ടിയൂര്‍ക്കാവില്‍നിന്ന് നിയമസഭയിലേക്ക് മത്സരിപ്പിച്ചെങ്കിലും മൂന്നാംസ്ഥാനത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

