വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായില്ല
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല.
ചോദ്യംചെയ്യലിന് ശനിയാഴ്ച രാവിലെ 10ന് തിരുവനന്തപുരത്തെ ഓഫിസിൽ ഹാജരാകാനായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നോട്ടിസ് ലഭിച്ചില്ലെന്നാണ് രാഹുലിന്റെ അവകാശവാദം. വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമീഷന്റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണ് കേസ്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിൽനിന്ന് പിടിച്ചെടുത്ത ശബ്ദരേഖയിൽ രാഹുലിന്റെ പേരുമുണ്ടായിരുന്നു. തുടർന്നാണ് ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
മുഖ്യപ്രതികളും യൂത്ത് കോൺഗ്രസ് നേതാക്കളുമായ ഫെനി നൈനാനും ബിനില് ബിനുവും പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് രാഹുലിന്റെ കാറിലായിരുന്നു. രഞ്ജു, വികാസ് കൃഷ്ണ, ജെയ്സൺ എന്നിവരാണ് മറ്റ് പ്രതികൾ. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സംഘം കാർഡുകൾ നിർമിച്ചത്. ഇത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്വേഷണ ഭാഗമായി കഴിഞ്ഞദിവസം രാഹുലിന്റെ അടുത്ത സുഹൃത്തുക്കളായ നാലുപേരുടെ വീട്ടിൽ പരിശോധന നടത്തുകയും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ലൈംഗികചൂഷണ പരാതിയിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം ഉടൻ യോഗം ചേരും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എൽ. ഷാജിക്കാണ് അന്വേഷണ ചുമതല. സി.ഐമാരായ സാഗർ, സാജൻ, സൈബർ പൊലീസ് ഇൻസ്പെക്ടർ ബിനോജ് എന്നിവരാണ് പ്രത്യേക സംഘത്തിലുള്ളത്. വെള്ളിയാഴ്ചയാണ് പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചത്. വനിത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താൻ ആലോചനയുണ്ട്. നിലവിൽ സംസ്ഥാന പൊലീസ് മേധാവിക്ക് 13 പരാതി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ രാഹുലിനെതിരെ പരസ്യമായി രംഗത്തെത്തിയ റിനി ജോർജ്, അവന്തിക, ഹണി ഭാസ്കർ എന്നിവരുടെ മൊഴിയെടുക്കും. ഇവരുടെ കൈവശമുള്ള തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടിസും നൽകും. സ്ത്രീകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.