രാഹുൽ ഗാന്ധിയുടെ പ്രസ്താവന അസംബന്ധം -സി.പി.എം
text_fieldsന്യൂഡൽഹി: സി.പി.എമ്മിനെയും ആർ.എസ്.എസിനെയും ഒരുപോലെ കണ്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കോട്ടയത്ത് നടത്തിയ പ്രസ്‌താവനയെ അപലപിച്ച് സി.പി.എം. കെ.പി.സി.സി കോട്ടയത്ത് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി സ്‌മൃതി സംഗമത്തിലെ പ്രസംഗത്തിനെതിരെയാണ് സി.പി.എം രംഗത്തുവന്നത്.
രാഹുൽ ഗാന്ധിയുടെ പ്രസ്താവന അസംബന്ധവും അപലപനീയവുമെന്ന് സി.പി.എം ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. കേരളത്തിൽ ആർ.എസ്.എസിനെതിരെ പോരാടുന്ന സംഘടന സി.പി.എമ്മാണെന്നുള്ള കാര്യം രാഹുൽ മറന്നു. കാവി ഭീകരതയെ പ്രതിരോധിക്കുന്നതിനിടെ, നിരവധി പ്രവർത്തകരെയാണ് പാർടിക്ക് നഷ്ടമായത്.
കേരളത്തിൽ കോൺഗ്രസും ആർ.എസ്.എസും ചേർന്നുകൊണ്ട് കമ്യൂണിസ്റ്റ് വിരുദ്ധത സംസാരിക്കുകയാണ്. കേരളത്തിലേക്ക് കാലെടുത്ത് വെച്ചപ്പോൾ രാഹുൽ ഗാന്ധിയും ആ ശൈലിയിൽ സംസാരിച്ചു തുടങ്ങിയിരിക്കുന്നെന്നും സി.പി.എം വ്യക്തമാക്കി.
In his absurd and condemnable comment equating the RSS and the CPI(M), Rahul Gandhi forgets who is fighting the RSS in Kerala- the CPI(M), which has lost countless dedicated workers in resisting saffron terror. Meanwhile, in Kerala, the Congress and the RSS continue to echo each… https://t.co/AiHdmZcVdu
— CPI (M) (@cpimspeak) July 18, 2025
ആർ.എസ്.എസും സി.പി.എമ്മും ജനങ്ങളുടെ വികാരങ്ങളെ മാനിക്കുന്നില്ലെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ ആയിരങ്ങൾ പങ്കെടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. അവർ ജനങ്ങളെ കേൾക്കുകയോ മനസ്സിലാക്കുകയോ പുണരുകയോ ചെയ്യുന്നില്ല. ജനവികാരം തിരിച്ചറിഞ്ഞ് അവർക്കായി സ്വയം ഇല്ലാതായ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഏറ്റവും ക്രൂരമായി വേട്ടയാടപ്പെട്ടപ്പോഴും അതൊന്നും ബാധിക്കാതെ പുഞ്ചിരിച്ചുനിന്ന നേതാവായിരുന്നു അദ്ദേഹം. ആ അസാന്നിധ്യം ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. ചില രാഷ്ട്രീയക്കാർക്ക് മികച്ച ആശയങ്ങളുണ്ടാവും. മറ്റു ചിലർക്ക് ആഴത്തിൽ അറിവുണ്ടാവും. അതൊക്കെയാണ് രാഷ്ട്രീയക്കാരനുവേണ്ട ഗുണമെന്ന് ആദ്യകാലങ്ങളിൽ താനും കരുതി. വയനാട്ടിൽ വന്യജീവി ആക്രമണത്തിനിരയാവുന്ന മനുഷ്യരോട് പ്രസംഗിക്കുകയല്ല വേണ്ടത്. അവർ അനുഭവിക്കുന്ന ജീവിതപ്രതിസന്ധി നമ്മൾ അനുഭവിച്ചറിയുകയാണ് വേണ്ടത്. അപ്പോഴാണ് ഒരുനേതാവ് ജനങ്ങൾക്കൊപ്പമാകുന്നത്. പാഠങ്ങൾ പറഞ്ഞു തരുന്നയാൾ വെറും അധ്യാപകനേ ആവൂ. വഴികാട്ടി തരുന്നയാളാണ് ഗുരു. തനിക്ക് വഴികാട്ടിയ രാഷ്ട്രീയ ഗുരുവാണ് ഉമ്മൻ ചാണ്ടി -രാഹുല്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.