രാഹുൽ വീണു, യൂത്ത് കോൺഗ്രസിനെ ആര് നയിക്കും?; ബക്കറ്റ് ലിസ്റ്റിൽ ആറു പേർ
text_fieldsതിരുവനന്തപുരം: യുവനടിയുടെ ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ പകരം ആരാണ് എന്നതിൽ പാർട്ടിയിൽ ചർച്ച മുറുകുകയാണ്. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്‍റും എൻ.എസ്.യു ജനറൽ സെക്രട്ടറിയുമായ കെ.എം. അഭിജിത്ത്, നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ബിനു ചുള്ളിയിൽ, ജെ.എസ്. അഖില്‍, ഒ.ജെ. ജനീഷ് തുടങ്ങിയ പേരുകളിലാണ് ചർച്ച നടക്കുകയാണ്.
അതേസമയം, അധ്യക്ഷ പദവിയിലേക്ക് വനിത വരട്ടെ എന്ന ചർച്ചയും നടക്കുന്നുണ്ട്. അങ്ങനെയെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന അതിര ബാബുവിന്‍റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. മുഴുവൻ സമയ അധ്യക്ഷൻ കൊണ്ടുവന്ന് സർക്കാറിനെതിരായ സമരപരിപാടികളുമായി മുന്നോട്ടു പോകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പുതിയ അധ്യക്ഷൻ സംബന്ധിച്ച രണ്ട് ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
അബിൻ വർക്കി മികച്ച നേതാവെന്ന് പേരെടുത്തെങ്കിലും പാർട്ടി തലപ്പത്തെ സാമുദായിക സന്തുലനമാണ് തടസ്സം. നിലവിൽ കെ.പി.സി.സി, കെ.എസ്.യു പ്രസിഡന്‍റ് പദവിയിൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ളവരായതിനാൽ അബിൻ വർക്കിക്ക് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. കെ.പി.സി.സി പ്രസിഡന്‍റ് വടക്കൻ കേരളത്തിൽ നിന്നായതിനാൽ അവിടെ നിന്നുള്ള കെ.എം. അഭിജിത്തിനെ പരിഗണിക്കുമോ എന്നതും നിർണായകമാണ്.
കെ.എസ്.യു പ്രസിഡന്‍റ് പദവി ഒഴിഞ്ഞിട്ടും യൂത്ത് കോൺഗ്രസിൽ അർഹമായ പദവി ലഭിക്കാത്ത നേതാവ് കൂടിയാണ് കെ.എം. അഭിജിത്ത്. തെക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കളിലേക്ക് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി വരികയാണെങ്കിൽ ബിനു ചുള്ളിയിൽ, ഒ.ജെ. ജനീഷ് എന്നിവരുടെ പേരുകൾക്കാണ് സാധ്യത. ഇരുവർക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായുള്ള അടുപ്പവും അനുകൂല ഘടകമാണ്.
അതേസമയം, യൂത്ത് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ബൈലോ പ്രകാരം രണ്ടാമത് വോട്ട് കിട്ടിയ ആളാണ് ഉപാധ്യക്ഷനാകുന്നത്. അതിനാൽ ഏതെങ്കിലും സാഹചര്യത്തിൽ പ്രസിഡന്‍റ് രാജിവെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്താൽ സ്വഭാവികമായും ഉപാധ്യക്ഷൻ അധ്യക്ഷനായി മാറണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അബിൻ വർക്കിയെ അധ്യക്ഷനാക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. എന്നാൽ, സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്ത് മാത്രമാണ് ബൈലോയിലെ നിബന്ധനയെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.