പാർട്ടി സസ്പെൻഷൻ: നിയമസഭയിൽ രാഹുലിന് കോൺഗ്രസ് നിരയിൽ ഇരിപ്പിടമുണ്ടാവില്ല
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട വിവാദങ്ങൾക്കും പാർട്ടിക്കുള്ളിലെ കോലാഹലങ്ങൾക്കുമൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്യുമ്പോൾ ഇനി കണ്ണുകളെല്ലാം വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലേക്ക്. പാർട്ടി അംഗത്വം ആറു മാസത്തേക്ക് നഷ്ടമായപ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിന്റെ എം.എൽ.എയാണ്. ഉടൻ എം.എൽ.എ സ്ഥാനം രാജിവെച്ചില്ലെങ്കിൽ, സെപ്റ്റംബർ 15ന് ആരംഭിക്കുന്ന നിയമ സഭ സമ്മേളനത്തിൽ രാഹുൽ എന്ത് ചെയ്യുമെന്നാണ് കാത്തിരിക്കുന്ന ചോദ്യം.
പാർട്ടി പ്രാഥമിക അംഗമല്ലാതായി മാറിയതോടെ, നിയമസഭയിലും രാഹുൽ പാർട്ടിയുടെ ഭാഗമല്ലാതായി മാറി. അടുത്ത നടപടിയെന്നത് കോൺഗ്രസ് സഭാ നേതാവ് ഇക്കാര്യം ബോധ്യപ്പെടുത്തി സ്പീക്കർ എ.എൻ ഷംസീറിന് കത്ത് നൽകുകയാണ്. ഇതുവരെ പാർട്ടി കത്ത് നൽകിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ തന്നെ കത്ത് നൽകും. ഇതോടെ സഭാ സമ്മേളനം നടക്കുമ്പോൾ സഭയിലെത്തുകയാണെങ്കിൽ രാഹുലിന് കോൺഗ്രസ് അംഗങ്ങൾക്ക് ഇരിപ്പിട സൗകര്യമുള്ള േബ്ലാക്കിൽ സീറ്റുണ്ടാവില്ല.
സ്വതന്ത്ര എം.എൽ.എ മാരെ പോലെ പിൻനിരയിൽ േബ്ലാക്കിന് പുറത്തായിരിക്കും ഇരിപ്പിടം. കഴിഞ്ഞ നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പോരാട്ടത്തിൽ ഉജ്വല വിജയം നേടി സഭയിലെത്തിയ യുവനേതാവാണ് എട്ടു മാസം കൊണ്ട് ഏവരാലും അനഭിമിതനായി നാണക്കേടിന്റെ പടുകുഴിയിൽ വീണ് ഈ നിലയിലായത്.
പാർട്ടിയുടെ അംഗമല്ലാതായി മാറിയതോടെ കോൺഗ്രസുമായുള്ള എല്ലാ ബന്ധവും ഔദ്യോഗികമായി അവസാനിക്കും. സ്വതന്ത്ര േബ്ലാക്കിൽ ഇരിപ്പിടം ലഭിച്ചാലും സഭാ ചർച്ചയിൽ പാർട്ടികായി നീക്കിവെക്കുന്ന സമയങ്ങളൊന്നും രാഹുലിന് ഉപയോഗിക്കാൻ കഴിയില്ല.
അതേസമയം, സഭാ സമ്മേളനത്തിന് എത്താതെ, രാഹുൽ അവധിയിൽ പോകുമെന്നാണ് സുചന. ആരോപണ വിധേയനായ അംഗം സഭയിലെത്തുന്നത് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയാകുമെന്നതിനാൽ സമ്മേളന കാലയളവിൽ വിട്ടു നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടേക്കും. എന്നാൽ, പാലക്കാട് മണ്ഡലത്തിന്റെ പ്രതിനിധി നിർജീവമായത് സി.പി.എമ്മും എൽ.ഡി.എഫും രാഷ്രടീയ ആയുധമാക്കി മാറ്റും.
പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്ത രാഹുലിനോട് കെ.പി.സി.സി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പുറത്താക്കാനും നീക്കമുണ്ട്.
പാർട്ടി പ്രതിരോധത്തിന് പോലും അവസരം നൽകാൻ കഴിയാത്ത വിധമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ പുറത്തു വന്നത്. അശ്ലീല സന്ദേശം മുതൽ ഭീഷണി ശബ്ദ സന്ദേശം വരെയുള്ള ആരോപണങ്ങളായിരുന്നു കഴിഞ്ഞ ഏതാനും ദിവസമായി കേരളം കണ്ടത്. ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണിൽനിന്ന് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുലിനെ സംബന്ധിച്ച നിരവധി പരാതികൾ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചു. തുടർന്നാണ് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്. തുടർന്ന് എം.എൽ.എ സ്ഥാനവും ഒഴിയണമെന്നായി ആവശ്യം. സി.പി.എം ഉൾപ്പെടെ എതിർ പാർട്ടികളുടെ ആവശ്യത്തേക്കാൾ പാർട്ടിക്കുള്ളിൽ നിന്നുള്ള പ്രതിഷേധവും ആവശ്യവും കെ.പി.സി.സിയെ വെട്ടിലാക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെ നേതാക്കളും രംഗത്തുവന്നതോടെ നടപടിയല്ലാതെ വഴിയില്ലെന്നായി. രാഹുലിന്റെ പ്രതിരോധം തീർത്തും ദുർബലവുമായി. ഷാഫി പറമ്പിൽ എം.എൽ.എ മാത്രമാണ് നടപടിക്ക് സാഹവകാശം ആവശ്യപ്പെട്ടത്.
എന്നാൽ, രാജി വെക്കുന്നത് വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കുമെന്നും ഇത് തദ്ദേശ തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമ സഭ തെരഞ്ഞെടുപ്പിലും ക്ഷീണമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്പെൻഷനിലേക്ക് നീങ്ങാൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.