രാഹുൽ പറയുന്നത് ഗൗരവത്തിൽ എടുക്കുന്നില്ല -പിണറായി
text_fieldsപിണറായി വിജയൻ
കണ്ണൂർ: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തനിക്കെതിരെ പറയുന്നത് ഗൗരവത്തിൽ എടുക്കുന്നില്ലെന്നും ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് അബദ്ധജഡിലമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം.
ഡൽഹിയിൽ ബി.ജെ.പിക്കെതിരെ നിലകൊണ്ട ആം ആദ്മിയെ പരാജയപ്പെടുത്താനാണ് രാഹുലും കോൺഗ്രസും ശ്രമിച്ചത്. മോദിക്കെതിരെ പിണറായി ഒന്നും മിണ്ടാറില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിനെതിരെ ഡീൽ ഉന്നയിക്കുന്ന കെ.സി. വേണുഗോപാലിന്റെ നിലപാട് എല്ലാവർക്കും അറിയാമെന്നും പിണറായി പറഞ്ഞു. രാജസ്ഥാനിൽ കെ.സി. വേണുഗോപാൽ രാജ്യസഭാംഗത്വം രാജിവെച്ചാൽ അവിടെ ബി.ജെ.പി ജയിക്കുമെന്ന് അറിയാമായിരുന്നു. വേണുഗോപാൽ രാജിവെച്ചത് ഏത് ഡീലിന്റെ ഭാഗമായിരുന്നുവെന്നും പിണറായി ചോദിച്ചു. അധഃപതനത്തിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്നതിന്റെ ഉദാഹരണമാണ് ജി. സുധാകരന്റേത്. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കാൻ തയാറാകുന്നു. സി.എസ്. സുജാതക്കെതിരായ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. ഇതൊന്നും അമ്പലപ്പുഴയിൽ ഏശില്ല. ശത്രുപാളയത്തിൽ എത്തിച്ചേർന്നതിന്റെ ഭാഗമായി അവരെ പ്രീതിപ്പെടുത്താൻ ഇനിയും ഇത്തരം പരാമർശമുണ്ടാകും. മികച്ച ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ജയിക്കും. 2021ലേക്കാൾ കൂടുതൽ സീറ്റ് ഇത്തവണ കിട്ടും. ബി.ജെ.പിക്ക് ഒരുസീറ്റുപോലും കിട്ടില്ലെന്നും പിണറായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

