സ്വർണ്ണാഭരണ ശാലകളിൽ റെയ്ഡ്; 100 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി
text_fieldsതിരുവനന്തപുരം: ഓപ്പറേഷൻ ആർക്കൻസ്റ്റോൺ എന്ന പേരിൽ തൃശൂർ കേന്ദ്രീകരിച്ച് സ്വർണ്ണാഭരണ ശാലകളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയിൽ 100 കോടിയിൽ അധികം രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി. ആഗസ്റ്റ് 26ന് വൈകിട്ട് 4.30ന് ആരംഭിച്ച പരിശോധന 27 വരെ നീണ്ടു.
സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് ആന്റ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിലെ 200ൽ അധികം ഉദ്യോഗസ്ഥർ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്. തൃശൂർ ജില്ല കേന്ദ്രീകരിച്ച് 16 സ്വർണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളിലും വസതികളും ഉൾപ്പെടെ 42 കേന്ദ്രങ്ങളിൽ ഒരേ സമയം നടത്തിയ പരിശോധനയിൽ 36 കിലോയോളം സ്വർണ്ണം അനധികൃതമായി സൂക്ഷിച്ചതായി കണ്ടെത്തി.
പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ നികുതി വെട്ടിപ്പിൽ നിന്ന് ഇതുവരെ രണ്ട് കോടിയിൽ അധികം രൂപ നികുതി, പിഴ ഇനത്തിൽ ഈടാക്കി. നികുതി വെട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണർ അറിയിച്ചു.
ജി.എസ്.ടി റെയ്ഡ് അനവസരത്തിൽ -സ്വർണ വ്യാപാരികൾ
കൊച്ചി: സ്വർണ വ്യാപാര മേഖലയിൽ അനവസരത്തിലെ ജി.എസ്.ടി റെയ്ഡ് ഓണക്കാല വ്യാപാരം തടസ്സപ്പെടുത്താനാണെന്ന് ഓൾ കേരള ഗോൾഡ് ആന്‍റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും ആരോപിച്ചു.
കഴിഞ്ഞയാഴ്ച പുതുതായി ആരംഭിച്ച സ്വർണ വ്യാപാരശാലയിൽപോലും റെയ്ഡ് നടത്തി അപമാനിക്കുകയാണ് ചെയ്തത്. പരിശോധിച്ച സ്ഥാപനങ്ങളിൽനിന്ന് നാമമാത്രമായ അധിക തൂക്കം സ്വർണമാണ് കണ്ടെത്തിയത്. അത് പർവതീകരിച്ച് കോടികളുടെ നികുതിവെട്ടിപ്പായി ചിത്രീകരിക്കുകയാണ്. ഇരുന്നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്ത പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ കൃത്യമായ കണക്ക് സഹിതം വെളിപ്പെടുത്തണം. വിലവർധനമൂലം വ്യാപാരം കുറഞ്ഞ സാഹചര്യത്തിൽ ഉള്ളതുകൂടി നഷ്ടപ്പെടുത്തുന്ന സമീപനം സ്വീകരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.