റെയിൽവേ നിരക്ക്; വർധന രണ്ടുപൈസ, അധിക വരുമാനം 1600 കോടി
text_fieldsതിരുവനന്തപുരം: ടിക്കറ്റ് നിരക്കിൽ കിലോമീറ്ററിന് രണ്ടുപൈസ വരെയാണ് വർധന വരുത്തിയതെങ്കിലും ഇതുമൂലം റെയിൽവേ പ്രതീക്ഷിക്കുന്നത് 1500-1600 കോടിയുടെ അധിക വാർഷിക വരുമാനം. എ.സി കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് ചൊവ്വാഴ്ച മുതൽ വർധിച്ചത്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ 715 കോടി യാത്രക്കാരാണ് റെയിൽവേയെ ആശ്രയിച്ചത്. ഇതിൽ 81 കോടി യാത്രക്കാർ എ.സി കോച്ചുകളിലാണ് യാത്ര ചെയ്തതെങ്കിൽ 634 കോടി പേരും ആശ്രയിച്ചത് സ്ലീപ്പർ കോച്ചുകളെയാണ്.
ഇരുവിഭാഗങ്ങളിലുമായി റെയിൽവേക്ക് ലഭിച്ചത് 75,750 കോടി രൂപയാണ്. ഈ വർഷം ഏകദേശം 790 കോടി യാത്രക്കാരെയാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ റിസർവേഷൻ സ്വഭാവം വിലയിരുത്തിയാണ് നിരക്കുവർധന മൂലം 1600 കോടിയുടെ അധിക വരുമാനത്തിൽ റെയിൽവേ പ്രതീക്ഷയർപ്പിക്കുന്നത്. പ്രതിവർഷം 80000 കോടിയുടെ ടിക്കറ്റ് വരുമാനമാണ് റെയിൽവേയുടെ ലക്ഷ്യം. ഇതുകൂടി മുന്നിൽ കണ്ടാണ് അഞ്ചു വർഷത്തെ ഇടവേളക്കുശേഷമുള്ള ടിക്കറ്റ് നിരക്കുവർധന. നഷ്ടം പരിഹരിക്കുന്നതിന് നോൺ എ.സിയിലെയടക്കം നിരക്കുകൾ വർധിപ്പിക്കണമെന്ന് പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി സർക്കാറിനോട് ശിപാർശ ചെയ്തിരുന്നു.
ജനറൽ ട്രെയിനുകളിൽ നിന്ന് പ്രവർത്തന ചെലവിന്റെ 30 ശതമാനമേ വരുമാനമായി കിട്ടുന്നുള്ളൂവെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തൽ. നോൺ -എ.സി കോച്ചുകളിൽ നിന്ന് 39 ശതമാനവും. അതേ സമയം എ.സി കോച്ചുകൾ പ്രവർത്തന ചെലവും കഴിഞ്ഞ് 3.1 ശതമാനമെന്ന നേരിയ ലാഭമുണ്ടാക്കുന്നു. എന്നാൽ, എ.സി.യിൽ നിന്നുള്ള ഈ വരുമാനം ഉപയോഗിച്ച് ജനറൽ-നോൺ എ.സി കോച്ചുകളുടെ നഷ്ടം നികത്താൻ കഴിയില്ല. ഇതെല്ലാം പരിഗണിച്ചാണ് നിരക്കുവർധനയിലേക്ക് റെയിൽവേ കടന്നത്.
ഈ സാമ്പത്തിക വർഷം എ.സി ത്രീ ടയർ യാത്രക്കാരിൽ നിന്ന് 37,115 കോടി രൂപ സമാഹരിക്കലാണ് റെയിൽവേയുടെ ലക്ഷ്യം. കഴിഞ്ഞ വർഷം എ.സി കോച്ചുകളിൽ നിന്ന് നേടിയ 30,088 കോടി രൂപയെക്കാൾ 40 ശതമാനം കൂടുതലാണിത്. എന്നാൽ, അൽപം ഉയർന്ന കണക്കുകളാണ് റെയിൽവേ ബജറ്റിലുള്ളത്. ടിക്കറ്റ് വരുമാനം പ്രതിവർഷം 16 ശതമാനം വർധിപ്പിച്ച് 2025-26 ഓടെ 92,800 കോടിയിലെത്തണമെന്നതാണ് കേന്ദ്രബജറ്റിലെ പ്രതീക്ഷ. ചരക്കുഗതാഗതം വഴിയുള്ള വരുമാനം 4.4 ശതമാനം വീതം വർധിച്ച് 1,88,000 കോടിയും. നിലവിലെ സാഹചര്യത്തിൽ ഇത് അസാധ്യമെന്നത് വ്യക്തമാണ്.
ടിക്കറ്റ് വരുമാനം
വർഷം തുക (കോടി)
2019-20 50,669
2020-21 15,248
2021-22 39,214
2022-23 63,417
2023-24 70,693
2024-25 75,750

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.