മഴ തുടരും, ജില്ലകളിൽ യെല്ലോ അലർട്ട്; 11 ഡാമുകളിൽ ജലനിരപ്പ് ഉയർന്ന നിലയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ജലസേചന വകുപ്പിന് കീഴിലുള്ള മീങ്കര, വാളയാർ, ചുള്ളിയാർ (പാലക്കാട്) ഡാമുകളിലും കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള കക്കി, മൂഴിയാന (പത്തനംതിട്ട), മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ലോവർപെരിയാർ (ഇടുക്കി), ഷോളയാർ, പെരിങ്ങൽകുത്ത് (തൃശൂർ), ബാണസുര സാഗർ (വയനാട്) ഡാമുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചുണ്ട്.
മോശം കാലാവസ്ഥയായതിനാൽ കർണാടക തീരത്ത് ഞായാറാഴ്ച വരെ മത്സ്യബന്ധനം ഒഴിവാക്കണമെന്നാണ് നിർദേശം.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക.
കനത്തമഴയെ തുടർന്ന് ഹിമസാഗർ എക്സ്പ്രസ് റദ്ദാക്കി
തിരുവനന്തപുരം: ഉത്തരേന്ത്യയിലെ കനത്തമഴയെ തുടർന്ന് കന്യാകുമാരിയിൽ ജമ്മുകശ്മീരിലെ കത്രയിലേക്ക് സർവീസ് നടത്താനിരുന്ന ഹിമസാഗർ എക്സ്പ്രസ് റദ്ദാക്കി. ഇന്ന് ഉച്ചക്ക് 2.15ന് കന്യാകുമാരിയിൽ നിന്നും യാത്രതിരിക്കാനിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. മാത വൈഷ്‍ണോ ദേവി യാത്ര ട്രാക്കിൽ മേഘവിസ്ഫോടനത്തെ തുടർന്ന് വലിയ മണ്ണിടിച്ചിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.