പേര് മാറുന്നു, രാജ്ഭവൻ ഇനി ലോക്ഭവൻ
text_fieldsതിരുവനന്തപുരം: രാജ്ഭവന്റെ പേര് ഇന്നുമുതൽ ലോക്ഭവൻ എന്നായി മാറുന്നു. രാജ്യത്തെ രാജ്ഭവനുകളെല്ലാം ലോക്ഭവനുകളാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം. ഭരണാധികാരിയുടെ വസതിയെന്നാണ് രാജ്ഭവൻ എന്നതിനർഥം. ലോക്ഭവൻ എന്നാൽ ജനങ്ങളുടെ വസതിയെന്നും. ജനങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം. ഗവർണർ അർലേക്കർ തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും.
2002ൽ രാഷ്ട്രപതി ഭവനിൽ നടന്ന ഗവർണർമാരുടെ യോഗത്തിൽ നിലവിലെ കേരള ഗവർണർ രാജേന്ദ്ര അർലേക്കറാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. അന്ന് ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു അർലേക്കർ. ഇക്കാര്യം അന്നുമുതലേ രാഷ്ട്രപതിഭവന്റെ പരിഗണനയിലുണ്ടായിരുന്നു. രാജ്ഭവന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ആരംഭിച്ച ‘രാജഹംസ്’ ത്രൈമാസ ജേണലിന്റെ ഏതാനും മാസം മുമ്പ് നടന്ന പ്രകാശന ചടങ്ങിൽ വീണ്ടും ഈ ആവശ്യമുയർന്നു. അന്ന് മുഖ്യാതിഥിയായ ശശി തരൂർ എം.പിയാണ് ചർച്ചക്ക് വീണ്ടും തുടക്കമിട്ടത്. രാജ്ഭവനുകൾ കോട്ടകൾ പോലെയല്ല നിലകൊള്ളേണ്ടതെന്നും പുതിയ കാലത്ത് ജനങ്ങളും രാജ്ഭവനും തമ്മിൽ ‘ടു വേ ട്രാഫിക്‘ ആണ് വേണ്ടതെന്നുമായിരുന്നു അന്ന് ശശി തരൂരിനെ പിന്തുണച്ച ഗവർണർ അർലേക്കറുടെ നിലപാട്.
കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പുകൾ അവസാനിപ്പിക്കണമെന്നതാണ് തന്റെ നിലപാടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇതിനിടെയാണ് രാജ്യത്തെ രാജ്ഭവനുകളും രാജ്നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേര് മാറ്റണമെന്ന് നവംബർ 25ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. മലയാളിയായ ആനന്ദ് ബോസ് ഗവർണറായ പശ്ചിമബംഗാളിലെ കൊൽക്കത്തയിലെയും ഡാർജിലിങ്ങിലെയും രാജ്ഭവനുകളുടെ പേര് ശനിയാഴ്ച തന്നെ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

