സസ്പെൻഷനിലായ മനുഷ്യാവകാശ പ്രവർത്തകനെതിരെ യു.എ.പി.എ
text_fieldsകോഴിക്കോട്: തീവ്ര ഇടതുപക്ഷ ബന്ധം ആരോപിച്ച് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകനെതിരെ യു.എ.പി.എ. നിലമ്പൂരിൽ പൊലീസ് വെടിവെപ്പിൽ മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കളെ സഹായിച്ചെന്ന കുറ്റത്തിന് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ രജീഷ് കൊല്ലക്കണ്ടിക്കെതിരെയാണ് പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
പോരാട്ടം നേതാവ് എം.എൻ രാവുണ്ണിയെ ഒളിവിൽ പാർപ്പിച്ചെന്ന കുറ്റം ആരോപിച്ചാണ് വയനാട്ടിലെ തലപ്പുഴ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ രജീഷിനെതിരെ യു.എ.പി.എ ചുമത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തു വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റർ പതിച്ചെന്നു ആരോപിച്ചു രജിസ്റ്റർ ചെയ്തതാണ് ഈ കേസുകൾ.
കുപ്പുദേവരാജിന്റെ സംസ്കാര ചടങ്ങിനു വന്നപ്പോഴാണ് ഈ കേസിൽ പ്രതിയായ രാവുണ്ണിയെ അറസ്റ്റ് ചെയ്തത്. ദേവരാജന്റെ മൃതദേഹം വിട്ടുകിട്ടാൻ സർക്കാർ ജീവനക്കാരനായ രജീഷ് ശ്രമം നടത്തുകയും സംസ്കാര ചടങ്ങിനു വന്ന രാവുണ്ണിക്ക് താമസ സൗകര്യം ഏർപ്പെടുത്താൻ സഹായിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് കോഴിക്കോട് സിറ്റി പൊലീസ് നടപടി ആവശ്യപ്പെട്ടു സർക്കാരിന് എഴുതിയത്. അതിന്റെ അടിസ്ഥാനത്തിൽ ഉടനെ സസ്‌പെൻഷൻ ഉത്തരവും വന്നു. പോസ്റ്റർ പതിച്ച കേസിൽ രാവുണ്ണിയുടെ കൂട്ടുപ്രതിയായി പൊലീസ് രജീഷിനെ ചേർത്തിട്ടുണ്ട്.
യു.എ.പി.എ യുടെ കാര്യത്തിൽ കേരള സർക്കാർ നടപ്പാക്കുന്നത് സി.പി.എമ്മിന്റെ പൊതു നിലപാടല്ലെന്നും അത് തിരുത്തണമെന്നും പാർട്ടി കേന്ദ്ര കമ്മിറ്റി നിർദേശം നൽകുകയും രാഷ്ട്രീയ പ്രവർത്തകർക്കും രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നവർക്കും എതിരെ യു. എ. പി. എ ചുമത്തരുതെന്നു സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കുകയും ചെയ്തു 24 മണിക്കൂർ തികയും മുൻപാണ് പൊലീസ് നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.