പണിമുടക്ക് ജനദ്രോഹം, കേരളത്തിന് താങ്ങാവുന്നതിലും അപ്പുറം -രാജീവ് ചന്ദ്രശേഖർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്പോൺസർ ചെയ്തു നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദേശീയപണിമുടക്കിന്റെ പേരിൽ നടന്ന അക്രമങ്ങൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണെന്ന് തെളിഞ്ഞു. കേരളത്തിൽ അല്ലാതെ രാജ്യത്ത് മറ്റൊരിടത്തും ജനജീവിതത്തെ യാതൊരു തരത്തിലും ദേശീയ പണിമുടക്ക് ബാധിച്ചിട്ടില്ല. കടംകേറി നെട്ടോട്ടമോടുന്ന കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ പണിമുടക്ക് സൃഷ്ടിക്കുന്ന ആഘാതം. അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്ന സാധാരണക്കാരുടെ അന്നം മുടക്കിയതല്ലാതെ എന്ത് പ്രയോജനമാണ് പണിമുടക്ക് കൊണ്ട് നേടാനായത്?
ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരായ പ്രതിഷേധം ആണെങ്കിൽ അത് പ്രതിഫലിക്കേണ്ടത് ഡൽഹിയിലും ബിജെപി സർക്കാരുകൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ആയിരുന്നു. എന്നാൽ അവിടെയെല്ലാം പതിവുപോലെ തന്നെ എല്ലാ കാര്യങ്ങളും നടന്നു. പണിമുടക്ക് ഉണ്ടെന്ന് ജനങ്ങൾ അറിഞ്ഞിട്ടുപോലുമില്ല. അതേസമയം കേരളത്തിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ ഗുണ്ടകളെപ്പോലെ പെരുമാറി സാധാരണക്കാരായ ഓട്ടോ തൊഴിലാളികളെയും ഡ്രൈവർമാരെയും സർക്കാർ ജീവനക്കാരെയും ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നു. ജോലി ചെയ്യാൻ എത്തുന്നവരെ പോലും ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നു.
ഇതാണ് ബിജെപി ഉയർത്തിക്കാട്ടിയ കേരളത്തിലെ ജനങ്ങൾ നേരിടുന്ന അപകട രാഷ്ട്രീയം. പണിമുടക്കാൻ അവകാശമുള്ളതുപോലെ തന്നെ ജോലി ചെയ്യാനും അവകാശമുണ്ട് എന്നത് മറക്കരുത്. കേരളത്തിൽ ഇടതും വലതും മുന്നണികൾ ജനങ്ങളെ വഞ്ചിച്ച് നാടിനെ പിന്നോട്ട് അടിക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവാണ് ഇന്നത്തെ പണിമുടക്ക്. സംസ്ഥാന വികസനത്തിന് ആപത്തുണ്ടാക്കുന്ന ഇത്തരം സമര രീതികൾക്ക് അന്ത്യം കണ്ടേ മതിയാവൂ എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജീവനക്കാരെ മർദിച്ചവർക്കെതിരെ നടപടി വേണം -എൻ.ജി.ഒ അസോസിയേഷൻ
തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഓഫിസിൽ കയറി മർദിച്ച സി.ഐ.ടി.യുകാർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിനെതിരെ നടന്ന പണിമുടക്കിൽ സംസ്ഥാന വിഷയങ്ങൾ കൂടി ഉൾപ്പെടുത്താത്തതിനാൽ അസോസിയേഷൻ വിട്ടുനിന്നിരുന്നു. സംസ്ഥാനത്താകമാനം അസോസിയേഷന്‍റെയും സെറ്റോയുടെയും പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണുണ്ടായത്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡൻറ് എ.എം. ജാഫർഖാനും ജനറൽ സെക്രട്ടറി ജി.എസ്. ഉമാശങ്കറും പ്രസ്താവനയിൽ അറിയിച്ചു.
പണിമുടക്കിന് പി.എസ്.സി കൂട്ടുനിന്നു -എംപ്ലോയീസ് അസോസിയേഷൻ
തിരുവനന്തപുരം: പി.എസ്.സി ആസ്ഥാനത്ത് ജോലിക്ക് ഹാജരായ ജീവനക്കാർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കടുത്ത അനാസ്ഥ കാട്ടിയെന്ന് പി.എസ്.സി എംപ്ലോയീസ് അസോസിയേഷൻ. മുൻകൂർ ആവശ്യപ്പെട്ടിട്ടും കാന്റീൻ, സ്റ്റോർ എന്നിവ തുറന്നുപ്രവർത്തിച്ചില്ല. മെഡിക്കൽ ലാബ് സേവനങ്ങളും തടസ്സപ്പെട്ടു. പണിമുടക്ക് ദിവസം രാവിലെ എത്തിയ ചെയർമാൻ പരാതികളിൽനിന്ന് മുഖം തിരിച്ച് 10.30ന് തന്നെ ഓഫിസ് വിടുകയാണ് ചെയ്തത്. ജീവനക്കാർക്ക് ജോലി ചെയ്യാനാവശ്യമായ സോഫ്റ്റ്‌വെയർ പോലും തടസ്സപ്പെട്ടത് ശരിയായ നടപടിയല്ലെന്നും പണിമുടക്കിന് പി.എസ്.സി കൂട്ടുനിന്നുവെന്നും സംസ്ഥാന പ്രസിഡന്റ് പി.കെ. സുഭാഷ് ചന്ദ്രനും എസ്. അജിത് കുമാറും പ്രസ്താവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.