അഡ്വ.ഉദയഭാനു 14 ദിവസം റിമാൻഡിൽ
text_fieldsതൃശൂർ/ചാലക്കുടി: വസ്തു ഇടപാടുകാരൻ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസിൽ ബുധനാഴ്ച രാത്രി തൃപ്പൂണിത്തുറയിൽനിന്ന് അറസ്റ്റിലായ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂരജിെൻറ വസതിയിൽ കൊണ്ടുചെന്നാണ് ഇൗമാസം 16 വരെ റിമാൻഡ് ചെയ്തത്. തുടർന്ന് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റി. ഉദയഭാനുവിനെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണസംഘം പിന്നീട് അപേക്ഷ നൽകും.
ബുധനാഴ്ച രാത്രി 11.15ന് ചാലക്കുടിയിൽ എത്തിച്ചതുമുതൽ തുടങ്ങിയ ചോദ്യംചെയ്യൽ പുലരുവോളം തുടർന്നു. തൃശൂർ റൂറൽ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. പിന്നീട് ചാലക്കുടി ഡിൈവ.എസ്.പി ഒാഫിസിൽ വിശ്രമിക്കാൻ സൗകര്യം ഒരുക്കി.വ്യാഴാഴ്ച രാവിലെ അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി എസ്. ഷംസുദ്ദീെൻറ നേതൃത്വത്തിൽ ചോദ്യംചെയ്യൽ പുനരാരംഭിച്ചു. വൈകീട്ട് 4.15ന് റൂറൽ എസ്.പി വീണ്ടും എത്തി ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഉദയഭാനുവിെൻറ മകനും സഹോദരനും മക്കളും വ്യാഴാഴ്ച പകൽ ഡിവൈ.എസ്.പി ഒാഫിസിൽ കാണാൻ എത്തിയിരുന്നു.
കൊല്ലാൻ പറഞ്ഞില്ല; സംഭവിച്ചത് കൈയബദ്ധമെന്ന് അഡ്വ. ഉദയഭാനു
തൃശൂർ: 120 ചോദ്യങ്ങളുമായാണ് അന്വേഷണസംഘം അഡ്വ. ഉദയഭാനുവിന് മുന്നിൽ എത്തിയത്. കൊലപാതകത്തിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് തെളിയിക്കാൻ പര്യാപ്തമായ ചോദ്യങ്ങളിൽനിന്ന് പലപ്പോഴും വിദഗ്ധമായി ഒഴിഞ്ഞുമാറി. ചില വേളകളിൽ നിസ്സഹകരിക്കുന്ന സാഹചര്യവും ഉണ്ടായെന്നാണ് സൂചന.
രാജീവിെൻറ മരണം ആസൂത്രിതമല്ല എന്ന വാദമാണ് ഉദയഭാനു ആവർത്തിച്ചത്. വസ്തു ഇടപാടിനായി മുടക്കിയ പണം തിരിച്ചു കിട്ടണമെന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. അതിനായി ചില രേഖകളിൽ ഒപ്പിടീക്കാനായിരുന്നു ശ്രമം. ‘കൊല്ലാൻ പറഞ്ഞിട്ടില്ല, ബന്ദിയാക്കി നിർബന്ധിച്ച് ഒപ്പിടീച്ച് പണം തിരിച്ചു വാങ്ങണമെന്നായിരുന്നു ഉദ്ദേശ്യം’ എന്ന് ഉദയഭാനു പറഞ്ഞതായാണ് വിവരം. രാജീവ് വധക്കേസിൽ ആദ്യം അറസ്റ്റിലായ നാല് പ്രതികൾക്ക് സംഭവിച്ച ‘കൈയബദ്ധ’മാണ് മരണമെന്ന് ഉദയഭാനു അന്വേഷണ സംഘത്തോട് പറഞ്ഞതത്രേ. മുരിങ്ങൂർ ആറ്റപ്പാലം ചാമക്കാല ഷൈജു, കോനൂർ സ്നേഹനഗർ പാലക്കാടൻ സത്യൻ, വെസ്റ്റ് ചാലക്കുടി മതിൽക്കൂട്ടം സുനിൽ, ആറ്റപ്പാലം വെളുത്തുപറമ്പിൽ രാജൻ എന്നിവരാണ് അങ്കമാലിയിൽനിന്ന് രാജീവിനെ ചാലക്കുടി നായരങ്ങാടിയിലേക്ക് കൊണ്ടുവന്നത്. ഇവർക്കു ശേഷം അറസ്റ്റിലായ അങ്കമാലി ചെറുമഠത്തിൽ ചക്കര ജോണി എന്ന ജോണിയും വാപ്പാലശ്ശേരി പൈനാടത്ത് രഞ്ജിത്തുമാണ് കാര്യങ്ങൾ നിയന്ത്രിച്ചത് എന്നും ഉദയഭാനു ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് രാജീവുമായി സാമ്പത്തിക ഇടപാടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചുവത്രേ. അതേസമയം, വസ്തു വാങ്ങാൻ രാജീവിനെ ഏൽപിച്ച ഒന്നേകാൽ േകാടി രൂപയുടെ ഉറവിടത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് കൃത്യമായി പ്രതികരിച്ചില്ല.
കൊലപാതകം നടന്ന സെപ്റ്റംബർ 29ന് ഉദയഭാനു ജോണിയുമായി 29 തവണയും രഞ്ജിത്തുമായി ആറ് തവണയും മൊബൈൽ ഫോണിൽ സംസാരിച്ചതിെൻറ തെളിവുമായാണ് അന്വേഷണസംഘം സമീപിച്ചത്. മാത്രമല്ല, അതുകഴിഞ്ഞ് മൂവരും ആലപ്പുഴയിലെ ടവർ ലൊക്കേഷൻ പരിധിയിൽ ഉണ്ടായിരുന്നതിെൻറ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ഉന്നയിച്ചു. ചക്കര േജാണി തെൻറ കക്ഷിയാണെന്നും കക്ഷിയും അഭിഭാഷകനും തമ്മിലുള്ള വിളികളാണ് നടന്നതെന്നുമായിരുന്നു മറുപടി. രാജീവിന് അപായം സംഭവിച്ച വിവരം ഉദയഭാനു ഡിവൈ.എസ്.പിയുടെ ഫോണിൽ വിളിച്ച് അറിയിച്ചതിെൻറ ശബ്ദരേഖ അന്വേഷണ സംഘത്തിെൻറ പക്കലുണ്ട്. ഇതുൾപ്പെടെ ചില ശാസ്ത്രീയ തെളിവുകളുമായാണ് ചോദ്യം ചെയ്യൽ പുരോഗമിച്ചത്. തെൻറ വാദങ്ങളിൽ ഉദയഭാനു ഉറച്ചു നിൽക്കുകയാണെങ്കിലും അന്വേഷണ സംഘം തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഉദയഭാനുവിനെതിരെ സുപ്രധാന തെളിവുകളുമായി പൊലീസ്
കൊച്ചി: ചാലക്കുടിയിൽ വസ്തു ഇടപാടുകാരൻ രാജീവ് കൊല്ലപ്പെട്ട കേസിൽ അഭിഭാഷകൻ സി.പി. ഉദയഭാനുവിനെതിരെ പൊലീസ് ശേഖരിച്ചത് സുപ്രധാന തെളിവുകൾ. കേസുമായി ഉദയഭാനുവിനെ ബന്ധപ്പെടുത്തുന്ന ശക്തമായ ഇൗ തെളിവുകൾ നിർണായക ഘടകമായി മാറുമെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ. കേസിൽ പങ്കാളിത്തം നിഷേധിക്കാൻ ഉദയഭാനുവിന് ഇടനൽകാത്തവിധം പഴുതടച്ച നീക്കമാണ് അറസ്റ്റിന് മുന്നോടിയായി പൊലീസ് നടത്തിയത്. രാജീവിെൻറ വീട്ടിൽനിന്ന് ശേഖരിച്ച സി.സി ടി.വി ദൃശ്യങ്ങളടക്കം ഇതിന് സഹായകമായി. ഉദയഭാനുവിൽനിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് രാജീവ് മുഖ്യന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിതന്നെയാണ് കേസിൽ അഭിഭാഷകന് വ്യക്തമായ പങ്കുണ്ടെന്നതിന് പൊലീസ് ഉന്നയിക്കുന്ന പ്രധാന തെളിവ്. സംഭവദിവസവും തുടർന്നുള്ള ദിവസങ്ങളിലും മറ്റു പ്രതികളുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും ഉദയഭാനുവിനെതിരെ നിർണായക തെളിവാകും. രാജീവുമായി ഉദയഭാനു നടത്തിയ ഭൂമി ഇടപാടുകളുടെ രേഖകളും അവയിലെ പൊരുത്തക്കേടുകളും രാജീവ് അവശനിലയിലാണെന്ന് ചാലക്കുടി ഡിവൈ.എസ്.പിയെ വിളിച്ചറിയിച്ചതും കുരുക്കാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.