കോൺഗ്രസിനെ സി.പി.എം പിന്നിൽ നിന്ന് കുത്തുന്നു -ചെന്നിത്തല
text_fieldsആലുവ: ബി.ജെ.പിക്കെതിരെ ജനങ്ങളെ അണിനിരത്തുന്ന കോൺഗ്രസിനെ സി.പി.എം പിന്നിൽ നിന്ന് കുത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യമൊട്ടാകെ മോദിക്കും സംഘപരിവാറിനും എതിരെ മുന്നോട്ട് പോകുമ്പോൾ സി.പി.എം അതിന് തുരങ്കം വെക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. 'പടയൊരുക്കം' പരിപാടിക്ക് ആലുവയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയും പിണറായിയും ജനങ്ങളെ പന്താടുകയാണ്. നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവയിലൂടെ ജനജീവിതം താറുമാറായി. റാഫേൽ ആയുധ ഇടപാടിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
യു.ഡി.എഫ് നടപ്പാക്കിയ പദ്ധതികൾ തുടരുന്നതല്ലാതെ മറ്റൊരു പദ്ധതിയും ആരംഭിക്കാൻ ഇടതു സർക്കാറിനായിട്ടില്ല. സി.പി.എം, സി.പി.ഐ അടിയിലൂടെ ഭരണം ആടിയുലയുകയാണ്. സി.പി.എമ്മിന്‍റെ വല്യേട്ടൻ മനോഭാവത്തിനെതിരെ സി.പി.ഐ ഉയർത്തിയ വെല്ലുവിളി ജനങ്ങളുടെ വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.