സാഹിത്യ അക്കാദമി ഡയറി അബദ്ധ പഞ്ചാംഗമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: സി.പി.ഐ മന്ത്രിമാർ ഇടഞ്ഞതോടെ അച്ചടിച്ച സർക്കാർ ഡയറി പിൻവലിച്ചതിന് പിന്നാലെ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയും അബദ്ധ പഞ്ചാംഗമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇങ്ങനെ പോയാൽ ഡയറിയുമായി ബന്ധപ്പെട്ട അബദ്ധങ്ങളെ കുറിച്ച് മാത്രം ഒരു ഡയറികുറിപ്പ് എഴുതാമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് മാത്രമാണ് കമ്യൂണിസ്റ്റുകാരെ കളിയാക്കി പറയുന്നത്. ഇനി മിണ്ടാൻ പാടില്ലാത്ത പട്ടികയിൽ ഡയറിയെകൂടി ഉൾപ്പെടുത്തേണ്ട ഗതികേടിലാണ് ഇടതുപക്ഷ സർക്കാർ.
ലക്ഷങ്ങൾ ചിലവഴിച്ചു അച്ചടിച്ച സർക്കാർ ഡയറിപിൻവലിച്ചത് സി.പി.ഐ മന്ത്രിമാരെ താഴ്ത്തികെട്ടുന്നു എന്ന പരാതിയിൽ ആയിരുന്നെങ്കിൽ തെറ്റുകൾ കൊണ്ട് ചരിത്രത്തിൽ ഇടം പിടിക്കാനാണ് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറി ശ്രമിക്കുന്നത്. നിലവിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് പരേതരായ മഹാന്മാരെ നിയമിച്ചാണ് പിടിപ്പുകേടിVz പുതിയ ഡയറിക്കുറുപ്പ് പൂർത്തിയാക്കിയിരിക്കുന്നത്.
ഡയറിയിലെ വിവരം അനുസരിച്ചു നിര്യാതനായ പ്രഫ. എരുമേലി പരമേശ്വരപിള്ളയാണ് നിരണം കണ്ണശ്ശ സ്മാരകത്തിന്റെ പ്രസിഡന്‍റ്. പുതിയ പ്രസിഡന്‍റായി പ്രഫ. എ. ലോപ്പസ് ചുമതലയേറ്റ് രണ്ട് വർഷം പൂർത്തിയാകുമ്പോഴും അക്കാദമിക്ക് കുലുക്കമില്ല. വൈലോപ്പളളി സംസ്‌കൃതി ഭവനിൽ മെമ്പർ സെക്രട്ടറി കസേരയിൽ ബാലുകിരിയത്ത് മാറി കവി എം.ആർ ജയഗീത എത്തിയതും കൈപ്പുസ്തകം തയാറാക്കിയവർ അറിഞ്ഞമട്ടില്ല.
തകഴി സ്മാരക സെക്രട്ടറിയായി അച്ചടിച്ചിരിക്കുന്നത് അന്തരിച്ച ദേവദത്ത് ജി. പുറക്കാട് ആണ്. പുതിയ സെക്രട്ടറി അഡ്വ ജെ. സനൽകുമാറിനെ കുറിച്ച് പരാമർശം പോലുമില്ല. ഇതെല്ലാം ക്ഷമിക്കാം. സെന്‍റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൽ ചെയർമാനായി സാംസ്കാരിക വകുപ്പ് മന്ത്രി ഇപ്പോഴും കെ.സി ജോസഫ് തന്നെ. കേരളത്തിൽ യു.ഡി.എഫ് മന്ത്രിസഭ മാറി ഇടതുപക്ഷം അധികാരത്തിൽ എത്തിയതും എ.കെ. ബാലൻ സാംസ്കാരിക വകുപ്പ് മന്ത്രി ആയതും അക്കാദമി ഗൗനിക്കുന്നില്ല.
സാംസ്കാരിക കൈപ്പുസ്തകം തെറ്റുകളുടെ പുസ്തകമായി തീർന്നിരിക്കുകയാണ്. ഡയറി പോലും തെറ്റുകൂടാതെ അച്ചടിച്ച് ഇറക്കാൻ കഴിയാത്തവർ എന്ന് വീണ്ടും വീണ്ടും പിണറായി സർക്കാർ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാൽ ഡയറിയുടെ ബന്ധപ്പെട്ട അബദ്ധങ്ങളെ കുറിച്ച് മാത്രം ഒരു ഡയറികുറിപ്പ് എഴുതാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.