നാമജപഘോഷയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നത് ഫാസിസം- രമേശ് ചെന്നിത്തല
text_fieldsകൊച്ചി: നാമജപഘോഷയാത്രയില്‍ പങ്കെടുക്കുന്ന വീട്ടമ്മമാരടക്കം ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യാനുള്ള സർക്കാറിെൻറ തീരുമാനം അങ്ങേയറ്റത്തെ ഫാസിസ്റ്റ് നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരള പൊലീസിെൻറ ചരിത്രത്തിലിതുവരെ സമാധാനപരമായി നടത്തുന്ന പ്രകടനങ്ങള്‍ക്ക് നേരേ അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. പിണറായി വിജയന് സ്റ്റാലിനാകാന്‍ ശ്രമിക്കുകയാണ്. സമരം ചെയ്യുന്നവരുടെ പൗരാവകാശങ്ങളെ കവര്‍ന്നെടുക്കാനും ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്താനുമുള്ള നീക്കമാണെങ്കില്‍ അതിന് മുഖ്യമന്ത്രി വലിയ വില കൊടുക്കേണ്ടിവരും. ഒരു സ്റ്റാലിന് യുഗത്തില്‍ കേരളത്തെ കൊണ്ടെത്തിക്കാനാണ് നീക്കമെങ്കില്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
നാമജപഘോഷയാത്ര നടത്തുന്നതില്‍ എന്ത് നിയമവിരുദ്ധ നടപടിയാണുള്ളത്. ഈശ്വര വിശ്വാസമനുസരിച്ച് നാമം ജപിച്ച് ഘോഷയാത്ര നടത്തുന്നതില്‍ എന്ത് നിയമലംഘനമാണുള്ളത്. ഹൈകോടതിയുടെ മുന്നില്‍ പോയി പ്രകടനങ്ങള്‍ നടത്തുകയും സമരം നടത്തുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. പ്രതിഷേധങ്ങള്‍ നമ്മുടെ നാട്ടില്‍ സ്വാഭാവികമാണ്. ഇപ്പോള്‍ നാമം ജപിക്കുന്ന വിശ്വാസികളെയെല്ലാം അറസ്റ്റ് ചെയ്യും എന്നു പറയുന്നത് കിരാതമായ പൊലീസ് നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.