Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനർട്ടിൽ നടന്നത്...

അനർട്ടിൽ നടന്നത് ആസൂത്രിത അഴിമതിയെന്ന് രമേശ് ചെന്നിത്തല; കൂടുതൽ തെളിവുകൾ പുറത്തുവിട്ടു

text_fields
bookmark_border
Ramesh Chennithala
cancel

തിരുവനന്തപുരം: അനർട്ടുമായി ബന്ധപ്പെട്ട പി.എം കുസും സൗരോര്‍ജ പമ്പ് പദ്ധതിയില്‍ നടന്നത് ആസൂത്രിത അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ സ്വപ്‌ന സുരേഷിനെ കണ്‍സള്‍ട്ടന്റായി ശിവശങ്കരന്‍ നിര്‍ദേശിക്കുകയും വന്‍ ശമ്പളത്തില്‍ നിയമിക്കുകയും ചെയ്തതിനേക്കാള്‍ ആസുത്രിതമായാണ് അനര്‍ട്ടില്‍ അഴിമതി നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.

അനര്‍ട്ട് വഴി മാത്രം നടപ്പാക്കിയ പദ്ധതികളുടെ ക്രമക്കേട് പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഇത് സഹസ്രകോടികള്‍ കടക്കും. അനര്‍ട്ടോ സംസ്ഥാന ഊര്‍ജ വകുപ്പോ ബെഞ്ച് മാര്‍ക്ക് റേറ്റ് നിശ്ചയിക്കാത്തത് കൊണ്ടാണ് ഇത്ര ഭീമമായ വ്യത്യാസം ഉണ്ടാകുന്നത്. വന്‍ അഴിമതി നടത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ബെഞ്ച് മാര്‍ക്ക് റേറ്റ് തീരുമാനിക്കാത്തത്.

അനര്‍ട്ടിന്‍റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മുഴുവന്‍ കണക്കുകളും സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കണം. കൂടാതെ, നിയമസഭ സമിതിയെ അന്വേഷണത്തിന് നിയോഗിച്ച് സമഗ്ര റിപ്പോര്‍ട്ടും തയാറാക്കണം. അനര്‍ട്ടിനെ ഒന്ന് ഇളക്കിമറിച്ചാല്‍ ആയിരം കോടിയുടെ അഴിമതിക്കഥ പുറത്തു വരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പത്രസമ്മേളനത്തിന്‍റെ പൂർണരൂപം:

പിഎം കുസും സൗരോര്‍ജ പമ്പ് പദ്ധതിയില്‍ അനര്‍ട്ട് മുഖേനെ നടക്കുന്നത് 100 കോടിയില്‍ പരം രൂപയുടെ അഴിമതിയാണ് എന്നു നമ്മള്‍ കണ്ടു. അനര്‍ട്ട് സിഇഒയും വൈദ്യുത മന്ത്രിയും അറിഞ്ഞു കൊണ്ടു നടക്കുന്ന ഈ അഴിമതി എത്രമാത്രം ആസുത്രിതമായാണ് നടക്കുന്നത് എന്നറിയണമെങ്കില്‍ അവിടെ നടക്കുന്ന നിയമനങ്ങള്‍ മുതല്‍ നാം പരിശോധിക്കണം.

നേരത്തേ സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ സ്വപ്‌ന സുരേഷിനെ കണ്‍സള്‍ട്ടന്റായി ശിവശങ്കരന്‍ നിര്‍ദേശിക്കുകയും ആഗോള കണ്‍സള്‍ട്ടിങ്ങ് കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് അവരെ വന്‍ ശമ്പളത്തില്‍ നിയമിക്കുകയും ചെയ്ത കഥ നമുക്കറിയാം. ഇതിനേക്കാള്‍ ആസുത്രിതമായാണ് അനര്‍ട്ടില്‍ അഴിമതി നടക്കുന്നത്.

അനര്‍ട്ടില്‍ സിഇഒ ആയ നരേന്ദ്രനാഥ് വേലൂരിയുടെ എക്‌സിക്യൂട്ടിവ് അസിസ്റ്റന്റായിരുന്ന വിനയ് പി എന്ന താല്‍ക്കാലിക ജീവനക്കാരെനെ ആഗോള കണ്‍സള്‍ട്ടിങ് സ്ഥാപനവുമായ EY (പഴയ പേര് ഏര്‍ണസ്റ്റ് ആന്‍ഡ് യംഗ്) ജോലിക്കെടുത്തത് സമാനമായ മാതൃകയിലാണ്. അനര്‍ട്ടിന്റെ കണ്‍സള്‍ട്ടന്റായി കോടികളുടെ കോണ്‍ട്രാക്ടുള്ള EY അനര്‍ട്ടിന്റെ സിഇഒയുട എക്‌സിക്യൂട്ടിവ് അസിസ്റ്റന്റിനെ വന്‍ ശമ്പളത്തില്‍ നിയമിക്കുക മാത്രമല്ല തൊട്ടടുത്ത ദിവസം അനര്‍ട്ടിലേക്കു തന്നെ ഡെപ്യൂട്ടേഷനില്‍ തിരിച്ചയയ്ക്കുകയും ചെയ്തു.

അനര്‍ട്ടിന്റെ കണ്‍സള്‍ട്ടന്റായി EY യെ നിയമിക്കുന്നതിന്റെ രേഖകള്‍ പരിശോധിച്ച് സിഇഒയെ അന്തിമ തീരുമാനത്തിന് സഹായിച്ച ആളാണ് ഈ വിനയ്. കണ്‍സള്‍ട്ടന്റായി EY ക്കു നിയമനം കിട്ടിയ ശേഷം അധികം താമസിയാതെ വിനയ് യെ EY ജോലിക്കെടുക്കുകയായിരുന്നു. ഇതോടെ EYക്കു എങ്ങനെ കണ്‍സള്‍ട്ടിങ് കരാര്‍ കിട്ടി എന്നതു വ്യക്തമാകുന്നു.

സാധാരണ കോര്‍പറേറ്റ് എത്തിക്‌സ് അനുസരിച്ച് നിങ്ങളുടെ സ്ഥാപനത്തിന്റെ ക്‌ളയന്റ് ആയി ജോലി നോക്കുന്നവരെ ആ സ്ഥാപനം വിട്ടു കുറഞ്ഞത് ആറു മാസത്തെ കൂളിങ് ഓഫ് പിരീഡ് കഴിയാതെ നിങ്ങളുടെ സ്ഥാപനത്തില്‍ ജോലിക്കെടുക്കാന്‍ പാടില്ല എന്നാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന EY പോലുള്ള കമ്പനി ഇത്തരം എത്തിക്‌സ് ലംഘിക്കണമെങ്കില്‍ അത്രമാത്രം സമ്മര്‍ദ്ദം അവര്‍ക്കു മേല്‍ ഉണ്ടായിരിക്കണം.

2025 ഏപ്രില്‍ നാലിനാണ് വിനയ് അനര്‍ട്ടില്‍ നിന്നും വിടുതല്‍ വാങ്ങുന്നത്. പുതിയ ജോലി ലഭിച്ചതിനാല്‍ വിടുതല്‍ നല്‍കുന്നതായി നല്‍കിയ കത്ത് ഇവിടെ പരിശോധനയ്ക്കു വെയ്ക്കുന്നു. (Document 1 - Relieving Letter ) എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ അതായത് ഏപ്രില്‍ അഞ്ചിന് EY യുടെ ഡയറക്ടര്‍ അങ്കിത് പിപ്പലാനി അനര്‍ട്ട് സിഇഒയ്ക്ക് എഴുതിയ കത്തും ഇതിനോടൊപ്പമുണ്ട്. (Document 2 - Appointing Vinay in Anert as a part of EY team).

ഈ കത്തില്‍ പറയുന്നത് അനര്‍ട്ടിന്റെ ടെന്‍ഡറിങ് പ്രോസസില്‍ സഹായിക്കാന്‍ EY ഒരു പുതിയ ഉദ്യോഗസ്ഥനെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു എന്നും മുമ്പ് അനര്‍ട്ടില്‍ ജോലി ചെയ്ത വിനയ് പ്രഭയെ ഇതിനായി നിയമിച്ച് അയയ്ക്കുന്നു എന്നുമാണ്. അതായത് നാലാം തീയതി അനര്‍ട്ടില്‍ നിന്നും വിടുതല്‍ വാങ്ങിയ വിനയ് അടുത്ത ദിവസം EY യുടെ ഉദ്യാഗസ്ഥനായി കയറി. അന്നു തന്നെ ടെന്‍ഡറിങ് പ്രോസസസില്‍ സഹായിക്കാന്‍ വീണ്ടും അനര്‍ട്ടില്‍ ജോലിയില്‍ പ്രവേശിച്ചു. അതും വളരെ ഉയര്‍ന്ന ശമ്പളത്തില്‍. ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ അല്ലെങ്കില്‍ പിന്നെ എന്താണ്.

കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ട് കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് അനർട്ട് . ഇവിടെയെത്തുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ട് ചിലവഴിക്കുന്നതിനുള്ള ടെൻഡർ പ്രോസസ്സിംഗിൽ അനർട്ടിൻ്റെ ഒറ്റ ജീവനക്കാരെ പങ്കെടുപ്പിക്കുന്നില്ല. ഇത് ഒന്നുകിൽ താൽക്കാലിക ജീവനക്കാരെ കൊണ്ടോ അല്ലെങ്കിൽ EY പോലെയുള്ള സ്വകാര്യ കമ്പനികളെ കൊണ്ടോ ആണ് നടത്തിക്കുന്നത്. ടെൻഡർ ഓപ്പൺ ചെയ്തതിനു ശേഷം തിരുത്തിയ സംഭവം വരെ ഉണ്ടായത് ഈ നെക്സസിൻ്റെ ഉദാഹരണമാണ്.

അനര്‍ട്ടിന്റെ ഫിനാന്‍സ് ടീമിനെ പോലും ഇരുട്ടില്‍ നിര്‍ത്തി പിഎം കുസും സോളാര്‍ പദ്ധതിക്കുള്ള ടെന്‍ഡര്‍ ജോലികളുടെ സമ്പൂര്‍ണ ഉത്തരവാദിത്തവും സ്മാര്‍ട്ട് സിറ്റി ടെണ്ടറിങ്ങിന്റെ ഉത്തരവാദിത്തവും സിഎഒയും വിനയും ചേര്‍ന്നായിരുന്നു എന്നത് ആസൂത്രിതമായി നടത്തിയ അഴിമതിയുടെ തെളിവാണ്. ആഗോള സ്ഥാപനമായ EY യെ വരെ ഈ അഴിമതിയില്‍ പങ്കാളികളാക്കിക്കൊണ്ടാണ് വൈദ്യുത മന്ത്രിയും അനര്‍ട്ട് സിഇഒയും ചേര്‍ന്നു നടത്തിയ ഈ ആസൂത്രിത അഴിമതി മുന്നോട്ടു കൊണ്ടുപോയിരി്ക്കുന്നത്. ഈ കള്ളക്കളി അനര്‍ട്ട് സിഇഒയും EY യും മാത്രം ചേര്‍ന്നുള്ള പരിപാടിയല്ല. ഇതില്‍ വൈദ്യുത മന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ട്. ഇത് കോടിക്കണക്കിനു രൂപയുടെ അഴിമതിക്കു വേണ്ടി മാത്രം രൂപപ്പെടുത്തിയ ചില അഡ്ജസ്റ്റ് മന്റുകള്‍ മാത്രമാണ്.

അനര്‍ട്ടിന്റെ അഴിമതി ഈ സൗരോര്‍ജ പദ്ധതി കൊണ്ട് അവസാനിക്കുന്ന ഒന്നല്ല. വിവിധ പദ്ധതികള്‍ക്ക് തോന്നുംപോലെ നിരക്ക് ഈടാക്കി കൊണ്ടാണ് ഇവര്‍ പദ്ധതികള്‍ നടപ്പാക്കിയിരിക്കുന്നത്.

സൗരോര്‍ജ പമ്പ് പദ്ധതിയായ പിഎം കുസും എന്ന പദ്ധതിയുടെ വിശദാംശങ്ങളാണ് നമ്മള്‍ നേരത്തേ സംസാരിച്ചത് എങ്കില്‍ ഇന്ന് ഞാന്‍ വെക്കുന്ന തെളിവുകള്‍ 100 ശതമാനം കേന്ദ്രഫണ്ട് കൊണ്ടു ചെയ്യുന്ന തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയുടേതാണ്. ഇവിടെ സോളാര്‍ ഇന്‍സ്റ്റലേഷനില്‍ അമ്പരപ്പിക്കുന്ന ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 514 സോളാര്‍ പദ്ധതികളാണ് അനര്‍ട്ട് നടപ്പാക്കിയത്. ഇതിലെ ഓരോ പദ്ധതിയും ധനദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും പച്ചയായ ഉദാഹരണങ്ങളാണ്.

അതായത് തുല്യശേഷിയുള്ള രണ്ട് പദ്ധതികള്‍ ചെയ്യുമ്പോള്‍ രണ്ടും തമ്മില്‍ 50 ശതമാനത്തിലേറെ തുകയുടെ വ്യത്യാസം വരുന്ന ചില മാജിക്കുകളാണ് ഇവിടെ നടക്കുന്നത്.

വന്‍ ക്രമക്കേട് - ഉദാഹരണം ഒന്ന്.

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തില്‍ TCM ലിമിറ്റഡ് എന്ന കമ്പനി 60 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ 38.39 ലക്ഷം തുക ചിലവായി. എട്ട് മാസത്തിന് ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്ന സ്ഥാപനത്തില്‍ Kailash സോളാര്‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 60 കിലോവാട്ട് ചെയ്തപ്പോള്‍ 25.2 ലക്ഷം രൂപയാണ് ചിലവായത്. ഒരു പദ്ധതിയില്‍ തന്നെ തുല്യ ശേഷിയുള്ള പ്‌ളാന്റ് അനര്‍ട്ടിന്റെ മേല്‍നോട്ടത്തില്‍ രണ്ട് കമ്പനികള്‍ സ്ഥാപിച്ചതിലുള്ള വ്യത്യാസം 13.19 ലക്ഷം രൂപയാണ്. (Document 3)

വന്‍ ക്രമക്കേട് - ഉദാഹരണം രണ്ട്

വികാസ് ഭവന്‍ PWD യില്‍ TCM Ltd എന്ന കമ്പനി 50 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചപ്പോള്‍ 33.31 ലക്ഷം രൂപയാണ് ചിലവായത്. എന്നാല്‍ ഡയറക്ടറേറ്റ് ഓഫ് ബാക്ക് വാര്‍ഡ് ക്ലാസ്സസ് എന്ന സ്ഥാപനത്തില്‍ POM സിസ്റ്റം ആന്‍ഡ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 50 കിലോവാട്ട് സ്ഥാപിച്ചപ്പോള്‍ 19.06 ലക്ഷം രൂപയാണ് ചിലവായത്. ഒരു പദ്ധതിയില്‍ തന്നെ തുല്യശേഷിയുള്ള പ്‌ളാന്റ് സ്ഥാപിച്ചതില്‍ വന്ന വ്യത്യാസം 14.25 ലക്ഷം രൂപയാണ്. ഏതാണ്ട് 70 ശതമാനത്തിലധികം വ്യത്യാസം.

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതി അനര്‍ട്ടിന്റെ ചക്കരക്കുടമായിരുന്നു. ഇതില്‍ ആരൊക്കെ കയ്യിട്ടു എന്നത് തെളിയേണ്ടിയിരിക്കുന്നു.

ഈ അധികം വന്ന പണം എങ്ങോട്ടു പോയി.. ആരൊക്കെയാണ് അതിന്റെ ബെനഫിഷ്യറിമാര്‍. ഇത്തരം ഓരോ ഇടപാടിനും മന്ത്രിയുടെ ഓഫീസിന് എത്ര കിട്ടുന്നുണ്ട്. ഇതു പൊതുജനസമക്ഷം വെളിവാകേണ്ടതുണ്ട്.

ഇതുപോലെ 514 പദ്ധതികളാണ് കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നടപ്പാക്കിയത് എന്നാലോചിക്കുമ്പോഴാണ് കൈമറിഞ്ഞ ഭീമമായ തുകയുടെ കണക്ക് കണ്ണ് തെള്ളിക്കുന്നത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍ അതിനേക്കാള്‍ വലിയ വെട്ടിപ്പാണ് ചിലവിന്റെ കാര്യത്തില്‍ കുസും പദ്ധതിയിൽ നടന്നത്.

വന്‍ക്രമക്കേട് - ഉദാഹരണം മുന്ന്

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ വിഴിഞ്ഞം എന്ന സ്ഥാപനത്തില്‍ Gadgeon ലൈഫ് സ്‌റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 10 കിലോവാട്ട് സ്ഥാപിച്ചതിന് 4.99 ലക്ഷം രൂപയാണ് ചിലവായത്. ഇതിന് 10 വര്‍ഷം ഗ്യാരന്റിയാണ്. എന്നാല്‍ PM KUSUM പദ്ധതിയില്‍ 10 കിലോവാട്ടിന്റെ റൂഫ് ടോപ്പ് മോഡല്‍ സോളാര്‍ പവര്‍ പ്ലാന്റിന് 7.13 ലക്ഷം രൂപയാണ് വില. ഇതിനു വാറന്റി 7 വര്‍ഷവും. ഒരു സ്ഥാപനത്തില്‍ വിവിധ പദ്ധതികളില്‍ സമാന ശേഷിയുള്ള ചെറിയ പളാന്റ് സ്ഥാപിച്ചതിലുള്ള വ്യത്യാസം തന്നെ 2.14 ലക്ഷം രൂപ.

അനര്‍ട്ട് വഴി മാത്രം നടപ്പാക്കിയ പദ്ധതികളുടെ ക്രമക്കേട് പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇത് സഹസ്രകോടികള്‍ കടക്കും. ഈ സൗരോര്‍ജ പമ്പ് പദ്ധതിയും സ്മാര്‍ട്ട് സിറ്റി പദ്ധതിയും ടിപ് ഓഫ് ആന്‍ ഐസ്‌ബെര്‍ഗ് മാത്രമാണ്. അനര്‍ട്ടോ സംസ്ഥാന ഊര്‍ജവകുപ്പോ ഒരു ബെഞ്ച് മാര്‍ക്ക് റേറ്റ് നിശ്ചയിക്കാത്തതു കൊണ്ടാണ് ഇത്ര ഭീമമായ വ്യത്യാസം ഉണ്ടാകുന്നത്. ഈ വന്‍ അഴിമതി നടത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ബെഞ്ച് മാര്‍ക്ക് റേറ്റ്് തീരുമാനിക്കാതിരിക്കുന്നത്.

എനിക്ക് ആവശ്യപ്പെടാനുള്ളത് അനര്‍ട്ടിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മുഴുവന്‍ കണക്കുകളും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കിക്കണം എന്നാണ്. ഒപ്പം നിയമസഭാ സമിതിയെ അന്വേഷണത്തിന് നിയോഗിച്ച് സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട്. അനര്‍ട്ടിനെ ഒന്നു ഇളക്കിമറിച്ചാല്‍ ഒരുആയിരം കോടി രൂപയുടെ അഴിമതിക്കഥ തന്നെ പുറത്തു വരും എന്ന കാര്യത്തില്‍ സംശയമില്ല.

ഇനി ഇക്കാര്യത്തില്‍ വൈദ്യുത മന്ത്രിക്ക് എന്താണ് പറയാനുള്ളത് എന്നാണ് അറിയേണ്ടത്. നേരത്തേ പോലെ തന്നെ മന്ത്രി വീണ്ടും അജ്ഞത നടിക്കുമോ.. തന്റെ കീഴിലുള്ള സ്ഥാപനത്തില്‍ താന്‍ അറിയാതെ കോടിക്കണക്കിനു രൂപ അഴിമതി നടക്കുന്നുണ്ട് എന്ന് സമ്മതിക്കാനാണെങ്കില്‍ നമുക്ക് എന്തിനാണ് അത്തരമൊരു മന്ത്രി. ഉടനടി രാജി വെക്കണം. മന്ത്രി അറിഞ്ഞു കൊണ്ടാണെങ്കില്‍ ഉടനടി മന്ത്രിയെ പുറത്താക്കണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaCongresscorruptionAnert
News Summary - Ramesh Chennithala says Anert was a planned corruption; more evidence released
Next Story