'പരാതികളില്ലാതെ അനിത കെട്ടിപ്പടുത്തതാണ് എന്‍റെ കുടുംബം' -വിവാഹ വാർഷികത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് രമേശ് ചെന്നിത്തല
text_fieldsരമേശ് ചെന്നിത്തലയുടെ വിവാഹ ചിത്രം
ഹരിപാട്: 39-ാം വിവാഹ വാർഷികത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 1986 ഏപ്രിൽ 23നാണ് തൊടുപുഴ സ്വദേശിനിയായ അനിതയെ രമേശ് ചെന്നിത്തല വിവാഹം കഴിക്കുന്നത്. സാധാരണ ജീവിതം ആയിരിക്കില്ല ലഭിക്കുക എന്ന് അനിതക്ക് അറിയാമയിരുന്നെങ്കിലും ഒരുമിച്ച് ചിലവഴിക്കാൻ പോകുന്ന സമയം പോലും കുറവായിരിക്കുമെന്ന് ഒരു പക്ഷേ അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
'എല്ലാ പെൺകുട്ടികളും കൊതിക്കുന്നതു പോലെ ഒരു സാധാരണ ജീവിതം ആയിരിക്കില്ല ലഭിക്കുക എന്നും ഒരു പൊതുപ്രവർത്തകൻ കടന്നു പോകുന്ന എല്ലാ അശാന്തികളും തിരക്കും ഉൾക്കൊള്ളേണ്ടി വരുമായിരുന്നുവെന്നും അവൾക്കറിയാമായിരിക്കണം. എങ്കിലും ഒരുമിച്ച് ചിലവഴിക്കാൻ പോകുന്ന സമയങ്ങൾ പോലും കുറവായിരിക്കുമെന്ന് ഒരു പക്ഷേ അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല' -രമേശ് ചെന്നിത്തല പോസ്റ്റിൽ എഴുതി.
ചെന്നിത്തലയുടെ കുറിപ്പ്
39 വർഷങ്ങൾക്കു മുമ്പ് ഒരു ഏപ്രിൽ 23 നാണ് അനിത എന്‍റെ കൈ പിടിച്ച് എന്‍റെ ജീവിതത്തിലേക്ക് വലതുകാൽ വെച്ചത്.
എല്ലാ പെൺകുട്ടികളും കൊതിക്കുന്നതു പോലെ അതൊരു സാധാരണ ജീവിതം ആവില്ലെന്നും ഒരു പൊതുപ്രവർത്തകൻ കടന്നു പോകുന്ന എല്ലാ അശാന്തികളും തിരക്കും ഉൾക്കൊള്ളേണ്ടി വരുമായിരുന്നുവെന്നും അവൾക്കറിയാമായിരിക്കണം.
എങ്കിലും ഒരുമിച്ച് ചിലവഴിക്കാൻ പോകുന്ന സമയങ്ങൾ പോലും കുറവായിരിക്കുമെന്ന് ഒരു പക്ഷേ അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല.
പക്ഷേ പരാതികളില്ലാതെ അനിത കെട്ടിപ്പടുത്തതാണ് എന്‍റെ കുടുംബം. അവൾ വളർത്തിയതാണ് എന്‍റെ മക്കൾ. അനിതയായിരുന്നു കുടുംബ നാഥയും നാഥനും. അവളായിരുന്നു അമ്മയും അച്ഛനും.
എന്‍റെ ജീവിതത്തിന്‍റെ ഉയർച്ച താഴ്ചകളിലൊക്കെ ഒരു ശക്തിദുർഗവും അഭയകേന്ദ്രവുമായി അനിത നിലകൊണ്ടു.
39 വർഷങ്ങൾ ഒരു മനുഷ്യായുസിൽ ചെറിയ കാലയളവല്ല. ഈ കാലമത്രയും എനിക്കൊപ്പം നില കൊണ്ട, എനിക്കു കാലിടറുമ്പോൾ താങ്ങായി നിന്ന എൻ്റെ പ്രിയപ്പെട്ടവൾക്ക് വിവാഹ വാർഷികാശംസകൾ !

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.