ആറാം അങ്കത്തിന്റെ ബാല്യത്തിൽ രമേശ്
text_fieldsരമേശ് ചെന്നിത്തല
ആലപ്പുഴ: പ്രത്യയശാസ്ത്ര തരംഗങ്ങൾക്ക് വഴങ്ങാത്ത ഹരിപ്പാട് നിയമസഭ മണ്ഡലത്തിന് കൂറ് ‘ജനപ്രിയ’ നേതാക്കളോടുള്ള വ്യക്തിപരമായ അടുപ്പമാണ്. ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിന്‍റെ അതേ ആവേശം ഈ രാഷ്ട്രീയമൈതാനത്തും പ്രകടമാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും കപ്പടിച്ച കോൺഗ്രസിന്‍റെ അമരക്കാരൻ രമേശ് ചെന്നിത്തല ആറാം തമ്പുരാനാകുമോ? ഈ ചോദ്യത്തിന് മുഖ്യമന്ത്രി സാധ്യത പട്ടികയിൽ ഇടംപിടിച്ച രമേശിലൂടെ കേരളത്തിൽ സസ്പെൻസും ട്വിസ്റ്റും ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ അടക്കംപറച്ചിൽ.
ആർപ്പോ ഇർറോ വിളികളുയരുന്ന ചുണ്ടൻ വള്ളങ്ങളുടെ നാട്ടിൽ രണ്ടുംകൽപിച്ചാണ് സി.പി.ഐ ദേശീയ കൗൺസിൽ അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയുമായ ടി.ടി. ജിസ്മോൻ ബാറ്റുവീശുന്നത്. എൻ.ഡി.എയെ നല്ല സ്കോറിലേക്ക് എത്തിക്കാനാണ് ബി.ജെ.പി സൗത്ത് ജില്ല പ്രസിഡന്‍റ് സന്ദീപ് വാചസ്പതിയുടെ ശ്രമം. മണ്ഡലത്തിൽ ഇടതുമുന്നണിക്ക് രാഷ്ട്രീയ അടിത്തറയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് കെട്ടിയിറക്കുന്ന സ്ഥാനാർഥികൾ പലപ്പോഴും വെല്ലുവിളിയാണ്. രമേശിന്‍റെ ‘ജനപ്രീതിക്ക്’ മുന്നിൽ എതിരാളികൾ അടിയറവ് പറയുന്നതാണ് ചരിത്രം.
2021ലെ ഇടതുകൊടുങ്കാറ്റിനെ രമേശ് പിടിച്ചുകെട്ടിയ ജില്ലയിലെ ഏകമണ്ഡലമാണിത്. ആ കരുത്തിന്‍റെ പിൻബലത്തിലാണ് ഇത്തവണ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിൽ യു.ഡി.എഫ് സാരഥികൾ മത്സരിക്കുന്നത്. ബി.ജെ.പിയുടെ വളർച്ചയും എൽ.ഡി.എഫിന്‍റെ വോട്ട് വർധനവും രാഷ്ട്രീയസമവാക്യങ്ങൾ മാറ്റി മറിക്കുമോയെന്ന മറുചോദ്യവുമുണ്ട്.
1982ൽ ആദ്യ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട രമേശിനെ ഹരിപ്പാട്ടുകാർ നെഞ്ചിലേറ്റി. അത്തവണ മന്ത്രിയായതോടെ തിളക്കംകൂട്ടി. 1987ൽ വീണ്ടും പോരിൽ വിജയം. 1989ൽ കോട്ടയം ലോക്സഭയിലേക്ക് കളംമാറ്റി. എം.പിയായതോടെ എം.എൽ.എ സ്ഥാനം രാജിവെച്ചു. പിന്നീട് 2011ൽ തിരിച്ചെത്തിയപ്പോഴും വിജയംകൂടെ പോന്നു. അന്ന് ആഭ്യന്തരമന്ത്രിയായി നടത്തിയ വികസനപ്രവർത്തനങ്ങളാണ് മുതൽകൂട്ട്. 2016, 2021 തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. ഹരിപ്പാട് നഗരസഭ രൂപവത്കരണകാലം മുതൽ യു.ഡി.എഫിനൊപ്പമാണ്. ഇടതുതരംഗത്തിലും അത് ഇളകിയിട്ടില്ല. സമുദായനേതാക്കളടക്കം എല്ലാവരുമായുള്ള രമേശിന്‍റെ ഇഴയടുപ്പം തന്നെയാണ് കാരണം.
ഹരിപ്പാട് നഗരസഭയും ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, കാർത്തികപ്പള്ളി, കരുവാറ്റ, മുതുകുളം, കുമാരപുരം, പള്ളിപ്പാട്, തൃക്കുന്നപുഴ പഞ്ചായത്തുകളും ചേരുന്നതാണ് മണ്ഡലം. ഹരിപ്പാട് നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും എൽ.ഡി.എഫിനാണ് ഭരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും യു.ഡി.എഫിനാണ് ഭരണം. രണ്ടിടത്ത് എൽ.ഡി.എഫും ഒരിടത്ത് എൻ.ഡി.എയുമാണ് ഭരിക്കുന്നത്. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. കോൺഗ്രസിലെ കെ.സി. വേണുഗോപാലിന് 48,466 വോട്ടാണ് ലഭിച്ചത്. രണ്ടാംസ്ഥാനത്തെത്തിയ എൻ.ഡി.എയിലെ ശോഭ സുരേന്ദ്രൻ 47,121 വോട്ടുകൾ നേടി. 2019ൽ കിട്ടിയ 26,238 വോട്ടിൽനിന്നാണ് ഈ കുതിപ്പ്. മൂന്നാംസ്ഥാനത്ത് എത്തിയ സി.പി.എമ്മിലെ എം.എം. ആരിഫിനേക്കാൾ 5,352 വോട്ടാണ് ബി.ജെ.പിക്ക് കൂടുതലായി കിട്ടിയത്. 2025 തദ്ദേശത്തിൽ ആ മികവ് പുറത്തെടുത്ത ബി.ജെ.പി കാർത്തികപ്പള്ളി പഞ്ചായത്തിൽ ഭരണവും പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

