രണ്ട് നക്ഷത്രങ്ങൾ
text_fieldsജനറൽ ആശുപത്രിയിലും മോർച്ചറിയിലും കയറിയിറങ്ങി അനാഥ മൃതദേഹങ്ങൾ ഏറ്റുവാങ്ങി പ്രാർഥനപൂർവം ശേഷക്രിയ നടത്തുന്ന നിശ്ശബ്ദ സേവകനാണ് സക്കരിയക്ക. തെൻറ തയ്യൽകട തുറന്നുവെച്ച് ആശയറ്റ ജീവിതങ്ങൾ തുന്നിപ്പിടിപ്പിക്കാനായി നെേട്ടാട്ടമോടുന്ന പുണ്യജന്മം.റമദാനിൽ ബന്ധങ്ങൾ പുതുക്കാനുള്ള യാത്രകളിൽ ഞങ്ങൾ പലപ്പോഴും ഒന്നിക്കാറുണ്ട്. നോമ്പുതുറ വിഭവങ്ങളുടെ കിറ്റുകളുമായി നഗരത്തിലെ ഉൗടുവഴികളിലും കോളനികളിലും കറങ്ങിനടക്കുന്ന വേളകളിൽ പ്രത്യേകിച്ചും. കാരക്കയും പൊടിയരിയും മസാല കൂട്ടുകളുമെല്ലാം ചേർന്ന റമദാൻ കിറ്റ് സ്നേഹപ്പകർച്ചയുടെ നല്ല ഒരു രസക്കൂട്ടാണ്. ഒപ്പം പുണ്യരാവുകളിലെ പ്രാർഥനകളിൽ എന്നെയും ഒാർക്കണേയെന്ന ഒാർമ്മപ്പെടുത്തലും.
അന്നൊരിക്കൽ സക്കരിയക്ക പറഞ്ഞു: കുറച്ചകലെ ഒറ്റക്ക് താമസിക്കുന്നൊരു വല്യുമ്മയുണ്ട്. നമുക്ക് അവരെ കാണാൻ പോകണം. ആ റമദാൻ രാമായണത്തിെൻറ മാസമായ കർക്കടകത്തിലായിരുന്നു. റമദാൻ ഖുർആൻ പെയ്തിറങ്ങിയ മാസവുമാണല്ലോ. രണ്ടും ഒന്നിച്ച് വന്ന ഒരു പെരുമഴക്കാലം. മഴ അൽപം ശമിച്ചപ്പോൾ ഞങ്ങൾ കിറ്റുമായി പുറപ്പെട്ടു. ചാറ്റൽ മഴയുടെ വെള്ളി നൂലുകൾക്കിടയിലൂടെ ഞങ്ങൾ തെന്നിമാറി നടന്നു.
പട്ടണ ബഹളങ്ങളിൽനിന്ന് മാറി ശാന്തമായ ആശ്രമം പോലൊരു വീട്. വീടിെൻറ മുകളിലെ നിലയിലാണ് വല്യുമ്മയുടെ താമസം. നേരം നോമ്പു തുറയോടടുക്കുന്നു. ഖുർആൻ ഒാത്തിെൻറ നേർത്ത സ്വരം മഴപ്പെയ്ത്തിൽ അലിയുന്നുണ്ട്. താഴത്തെ നിലയിൽനിന്ന് ഭക്തിസാന്ദ്രമായ രാമായണ പാരായണം. രണ്ടുംചേർന്ന് മഴയുടെ താളത്തിൽ പ്രകൃതി പുതിയൊരു സംഗീതം മൂളുേമ്പാലെ.
ഞങ്ങൾ കിറ്റുമായി മുകളിലെത്തി. വല്യുമ്മയെ കണ്ടു. പരിചയപ്പെട്ടു. തൊണ്ണൂറിനടുത്ത പ്രായം. ശുദ്ധ മലയാളത്തിലുള്ള സംസാരം. ഭക്തികിനിയുന്ന മുഖഭാവം. പുണ്യമാസം സമാഗതമായതിെൻറ സന്തോഷവും ആവേശവും. വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ താഴത്തെ വീട്ടിലെ അമ്മ ഇൗറനുടുത്ത് ചന്ദനക്കുറി തൊട്ട് രാമായണ മാസത്തിെൻറ വ്രത വിശുദ്ധിയോടെ മുകളിലേക്ക് കയറിവന്നു. മുഖത്ത് നിറ പുഞ്ചിരി. പരിചയ ഭാവം. കൈയിൽ ഒരു പാത്രവും പൊതിയും. നോമ്പു തുറക്കുള്ള കാരക്കയും തരിക്കഞ്ഞിയുമായിരുന്നു അതിൽ. ഏറെ ഭവ്യതയോടെ അവർ വല്യുമ്മയുടെ മേശപ്പുറത്ത് വിഭവങ്ങൾ നിരത്തി.
അപ്പോൾ വല്യുമ്മ അവരെ പരിചയപ്പെടുത്തി. ഇത് എെൻറ സ്വന്തം മകളാ. പേര് നാരായണി. എന്നിട്ട് അവർ പരസ്പരം നോക്കിച്ചിരിച്ചു. ഞങ്ങൾ ആശ്ചര്യപ്പെട്ടു. വീട്ടിൽ വിളക്കു വെക്കാനായി നാരായണിയമ്മ താഴേക്ക് പോയി. ജീവിത വഴിയിലെവിടെയോ വെച്ച് വല്യുമ്മ വഴിമാറി സഞ്ചരിക്കുകയായിരുന്നു. അങ്ങനെയാണ് ‘പതിവു ശീലങ്ങൾ തെറ്റിക്കുന്നവൾ’ എന്നർഥമുള്ള ഫാത്വിമ എന്ന പേര് സ്വീകരിച്ചത്.
അതിശയ ഭാവത്തിൽ എല്ലാം കണ്ടുനിൽക്കെ വല്യുമ്മ ഞങ്ങളോട്: കുേട്ട്യ, ഇതിലെന്താത്ര പുതുമ! കോൺഗ്രസും കമ്യൂണിസ്റ്റും ഒരു വീട്ടിൽ കഴിയുന്നില്ലേ. അവ രണ്ടുംരണ്ടു സിദ്ധാന്തങ്ങളല്ലേ. അതുപോലെ തന്നെയല്ലേ മതങ്ങളം? അപ്പൊ ഏത് മതക്കാരായലും ഒരു വീട്ടിൽ ഒന്നിച്ച് കഴിഞ്ഞു കൂടേ? മനസ്സിൽ ഒരുപാട് ചിന്തകളുണർത്തിയ ഇമ്മിണി വലിയ ചോദ്യം.
‘എനിക്ക് നമസ്കാരത്തിന് അംഗശുദ്ധി വരുത്താൻ വെള്ളം ചൂടാക്കിത്തരുന്നത് ഇൗ മകളാണ്. നോെമ്പടുക്കാൻ അത്താഴം വെച്ചു വിളമ്പിത്തരുന്നതും. എന്നോട് അനുവാദം ചോദിച്ചിേട്ട മകളും കുടുംബവും ക്ഷേത്രത്തിൽ പോകാറുള്ളൂ’. ഒട്ടും ഭാവവ്യത്യാസമില്ലാതെ വല്യുമ്മ പറഞ്ഞു നിർത്തി. മകൾ നാരായണിയമ്മക്ക് വയസ്സ് എഴുപത്. മകനും കുടുംബവും കൂട്ടിനുണ്ട്. പരമശിവ ഭക്ത. വീട്ടിനടുത്തുള്ള ശിവക്ഷേത്രത്തിലെ നിറ സാന്നിധ്യം. വിശേഷാവസരങ്ങളിൽ ക്ഷേത്രത്തിൽ നാരായണീയം, ഭാഗവതം, രാമായണം തുടങ്ങിയവ പാരായണം ചെയ്യുന്നത് നാരായണിയമ്മയാണ്. ക്ഷേത്രത്തിലെ ഉൗട്ടുപുരയിലും ഗീതാ ക്ലാസിലും അമ്മയുടെ സാന്നിധ്യമുണ്ട്. അതു തന്നെയാണ് അമ്മയുടെ ജീവിതം.
‘തനിക്ക് സത്യമെന്ന് ബോധ്യപ്പെട്ട വഴി സ്വീകരിക്കാൻ ഒാരോ മനുഷ്യനും അവകാശമുണ്ട്. കാര്യങ്ങൾ തിരിച്ചറിയാനുള്ള വിവേചന ബോധം എല്ലാവരിലുമുണ്ടല്ലോ. പെറ്റമ്മയുമായുള്ള ബന്ധം പ്രകൃതിപരമായ ബന്ധമാണ്. ബന്ധങ്ങളും കടപ്പാടുകളും പൂർത്തീകരിച്ചാലേ മോക്ഷം ലഭിക്കൂ’. അതാണ് ദൈവവിശ്വാസത്തിെൻറ കാതലെന്നാണ് നാരായണിയമ്മയുടെ പക്ഷം.
നാരായണിയമ്മ വിളമ്പിയ വിഭവങ്ങൾ കൊണ്ട് നോമ്പു തുറന്ന് വല്യുമ്മയോടൊപ്പം സന്ധ്യാപ്രാർഥന നടത്തി തിരിച്ചിറങ്ങുേമ്പാൾ ഇശാ നമസ്കാരത്തിെൻറ ബാെങ്കാലി മുഴങ്ങുന്നുണ്ടായിരുന്നു. വല്യുമ്മ ഞങ്ങളെ യാത്രയാക്കാനായി പുറത്തുവന്ന് വീണ്ടും ചോദിച്ചു. ഏഴു നിറങ്ങൾ, ഏഴു സ്വരങ്ങൾ, ഏഴാകാശം... എന്തിനാണ് പടച്ചോൻ ഇത്രയും വ്യത്യാസങ്ങൾ പടച്ചത്? എല്ലാം ഉൾക്കൊള്ളാനുള്ള ശേഷി നേടാനല്ലേ. കുേട്ട്യ, ഏഴു നിറങ്ങളിൽ ഏതു നിറമാണ് നിനക്കിഷ്ടം! ഏതോ ഒന്ന്. എങ്കിൽ മറ്റു നിറങ്ങളെ നീ എന്തു ചെയ്യും? ഒന്നിൽ വിശ്വസിക്കുേമ്പാൾ തന്നെ മറ്റുള്ളവയെ അംഗീകരിക്കാനുള്ള വിശാലതയാണ് നാം ആർജിക്കേണ്ടതെന്ന് വീണ്ടും പറഞ്ഞുതരുകയായിരുന്നു വല്യുമ്മ.
വീണ്ടും നിസ്കാരക്കുപ്പായമണിഞ്ഞ് വല്യുമ്മ രാത്രി നമസ്കാരത്തിനായി അകത്തു കയറി. തിരിഞ്ഞു നടക്കുേമ്പാൾ കർക്കടകത്തിെൻറ മിന്നൽപിണരുകൾ ഇരുട്ടിനെ വെട്ടിമുറിച്ച് വഴി വെളിച്ചം തീർക്കുന്നുണ്ടായിരുന്നു. പെരുന്നാൾ സന്തോഷങ്ങളുമായി ഇനിയും വരാമെന്ന് വല്യുമ്മക്കും നാരായണിയമ്മക്കും വാക്കുകൊടുത്ത് പള്ളിയെ ലക്ഷ്യം വെച്ച് ഞങ്ങൾ നടന്നുനീങ്ങി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.