രഞ്ജിത് ജോൺസൺ വധം; അഞ്ച് പ്രതികളുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു
text_fieldsഹൈകോടതി
കൊച്ചി: കൊല്ലം കിളികൊല്ലൂർ രഞ്ജിത് ജോൺസൺ വധക്കേസിലെ അഞ്ച് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. എന്നാൽ 25 വർഷത്തെ പരോളില്ലാത്ത തടവും പിഴയുമെന്ന ശിക്ഷ ഒറ്റ ജീവപര്യന്തമായി ഇളവ് ചെയ്തു. കൊല്ലം അഡീ. സെഷൻസ് കോടതിയുടെ 2019 മേയ് 14ലെ ഉത്തരവിനെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ ഹരജി പരിഗണിച്ചാണ് ശിക്ഷയിൽ ഇളവ് വരുത്തി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. മറ്റ് രണ്ട് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെറുതെവിട്ടു.
2018 ആഗസ്റ്റ് 15ന് കൊല്ലം അയ്യരുമുക്ക് സ്വദേശി രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണ് കേസ്. ഒന്നു മുതൽ അഞ്ച് വരെ പ്രതികളായ തഴുതല പുതിയവീട്ടിൽ മനോജ് (പാമ്പ് മനോജ്), പരവൂർ കച്ചേരിവിള രഞ്ജിത് (കാട്ടുണ്ണി), പൂതക്കുളം പാണാട്ടുചിറയിൽ ബൈജു (ഉണ്ണി), വടക്കേവിഴ തോട്ടിൻകര പ്രണവ്, മുഖത്തല കോണത്തുകാവ് വിഷ്ണു എന്നിവരുടെ ശിക്ഷയാണ് ശരിവെച്ചത്. ആറാംപ്രതി കിളികൊല്ലൂർ വിനീത മന്ദിരത്തിൽ വിനേഷ്, ഏഴാം പ്രതി വടക്കേവിള കൊച്ചുമുണ്ടക്കൽ റിയാസ് എന്നിവരെയാണ് വെറുതേവിട്ടത്. ശിക്ഷിക്കപ്പെട്ട പ്രതികൾ ഒരുലക്ഷം രൂപ പിഴയും രണ്ടുലക്ഷം വീതം മരിച്ചയാളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന വിചാരണ കോടതി വിധിയിൽ മാറ്റമില്ല. ഒന്നാം പ്രതി മനോജിന്റെ ഭാര്യ മക്കളെയടക്കം ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം ഇറങ്ങിപ്പോയതിന്റെ വൈരാഗ്യത്തിൽ മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

