ട്രെയിൻ ബർത്തിൽ ഉറങ്ങുന്നതിനിടെ എലി കടിച്ചു; നിയമനടപടിക്കൊരുങ്ങി യാത്രക്കാരൻ
text_fieldsമാവൂർ (കോഴിക്കോട്): ട്രെയിനിൽ സ്ലീപ്പർ കോച്ചിൽ യാത്രചെയ്യവെ യാത്രക്കാരന് എലിയുടെ കടിയേറ്റു. 16527 നമ്പർ യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽവെച്ചാണ് മാവൂർ ചെറൂപ്പ ‘അനുശ്രീ’യിൽ കെ.സി. ബാബുവിന് (64) കാലിന്റെ തള്ളവിരലിന് എലിയുടെ കടിയേറ്റത്.
ബാംഗളൂരുവിൽ പോയി തിരിച്ചുവരുമ്പോൾ ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. തിങ്കളാഴ്ച രാത്രി എട്ടിനാണ് യശ്വന്ത്പൂരിൽനിന്ന് ട്രെയിനിൽ കയറിയത്. എസ് രണ്ട് കോച്ചിൽ താഴെ ബർത്തിൽ ഉറങ്ങുന്നതിനിടെ പുലർച്ച 4.30ഓടെയാണ് കടിയേറ്റത്. കാലിൽ വേദന അനുഭവപ്പെട്ടതിനെതുടർന്ന് ഞെട്ടി ഉണർന്ന് പരിശോധിച്ചപ്പോൾ മുറിവേറ്റതായി കണ്ടു. ഈ സമയം തൊട്ടടുത്ത സീറ്റിലിരുന്നയാൾക്കും കടിയേറ്റിരുന്നു.
തിരൂർ സ്വദേശിയായ ഇയാളാണ് എലിയാണ് കടിച്ചതെന്ന് സ്ഥിരീകരിച്ചത്. തുടർന്ന്, ടി.ടി.ആറിനോട് വിവരം പറയുകയും കോഴിക്കോട് സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകുകയുമായിരുന്നു. മുറിവ് കെട്ടുകയും ആശുപത്രിയിൽ തുടർചികിത്സ തേടാൻ ഡോക്ടർ നിർദേശിക്കുകയും ചെയ്തു. ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുത്തിവെപ്പെടുത്തു. യാത്ര ചെയ്ത കോച്ചിൽ മതിയായ ശുചീകരണം നടന്നിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബാബു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.