റേഷൻ ചാക്കുകളിൽ മായം കലർന്നതായി ഭക്ഷ്യകമീഷൻ
text_fieldsതിരുവനന്തപുരം: സ്വകാര്യ മില്ലുകളിൽനിന്ന് റേഷൻകടകളിലെത്തിയ റേഷൻ ചാക്കുകളിൽ മായം കലർന്നതായി സംസ്ഥാന ഭക്ഷ്യ കമീഷെൻറ കണ്ടെത്തൽ. 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ അംഗം ബി. രാജേന്ദ്രെൻറ നേതൃത്വത്തിൽ എറണാകുളത്തെ ഏഴ് സ്വകാര്യമില്ലുകളിൽ നടന്ന പരിശോധനയിലാണ് വ്യാജ മട്ടയരി പിടികൂടിയത്. ഇതുസംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ സപ്ലൈകോക്ക് നിർദേശം നൽകി.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 56 സ്വകാര്യമില്ലുകളാണ് സർക്കാറുമായി കരാറിലേർപെട്ടിരിക്കുന്നത്. ഇതിൽ 36 എണ്ണവും എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്. കർഷകരിൽനിന്ന് കോടികൾ മുടക്കി സർക്കാർ സംഭരിക്കുന്ന നെല്ല് അരിയാക്കി നോഡൽ ഏജൻസിയായ സപ്ലൈകോക്ക് നൽകണമെന്നാണ് കരാർ. 100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി മില്ലുകൾ തിരികെ നൽകും. ഒരു ക്വിൻറലിന് 214 രൂപയാണ് മില്ലുടമകൾക്ക് നൽകുന്നത്. എന്നാൽ, സർക്കാർ സംഭരിക്കുന്ന ജ്യോതി, ജയ, ഉമ എന്നീ ഇനത്തിൽപെട്ട മുന്തിയ ഇനം നെല്ല് സ്വകാര്യമില്ലുടമകൾ അരിയാക്കി വിവിധ ബ്രാൻഡുകളിൽ കൂടിയ വിലക്ക് പൊതുവിപണിയിൽ വിറ്റഴിക്കുകയാണ് ചെയ്യുന്നത്.
കർഷകരിൽനിന്ന് ശേഖരിക്കുന്ന നെല്ലിന് പകരം ഇതരസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ തുകക്ക് വാങ്ങുന്ന വെള്ളയരിയും എഫ്.സി.ഐയിൽ ടെൻഡർ അടിസ്ഥാനത്തിൽ വാങ്ങുന്ന വിലകുറഞ്ഞ അരിയിലും തവിടും തവിടെണ്ണയും മറ്റ് രാസപാദാർഥങ്ങളും ചേർത്ത് നിറം മാറ്റും. ഇത്തരത്തിൽ മില്ലുകളിൽ ശേഖരിച്ചിരുന്ന അരി കഴുകിയപ്പോൾ നിറം മാറുന്നത് കണ്ടതായി ബി. രാജേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കരാർ പ്രകാരം പാടശേഖരത്തിൽനിന്ന് നെല്ല് സംഭരിക്കുമ്പോൾ മൊത്തം ശേഖരത്തിെൻറ 500 ഗ്രാം വീതം രണ്ടുപാക്കറ്റുകളിലാക്കി മാറ്റണം. ഇതിൽ ഒരു പാക്കറ്റിൽ ആ പാടശേഖരസമിതിയുടെ കൺവീനറും മറ്റൊരു പാക്കറ്റിൽ സ്വകാര്യമില്ലിെൻറ പ്രതിനിധിയും ഒപ്പുവെക്കണം. ഈ പാക്കറ്റുകൾ സീൽ ചെയ്ത് സപ്ലൈകോയെ എൽപിക്കണം. ഏതെങ്കിലും സന്ദർഭത്തിൽ അരിയുടെ നിലവാരത്തെ സംബന്ധിച്ച് പരാതി ഉയർന്നാൽ ബാച്ച് നമ്പർ ഉപയോഗിച്ച് അരി വ്യാജമാണോയെന്ന് തിരിച്ചറിയാം. എന്നാൽ, ഈ വ്യവസ്ഥ ഒരു മില്ലുകാരും പാലിക്കുന്നില്ലെന്നും കമീഷൻ കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറും.
ചാക്കുകളിൽ പക്ഷിമൃഗാദികളുടെ വിസർജ്യവും
പല ഗോഡൗണുകളിലും സൂക്ഷിച്ചിരിക്കുന്ന അരിച്ചാക്കുകളിൽ പക്ഷിമൃഗാദികളുടെ വിസർജ്യവും കമീഷൻ കണ്ടെത്തി. മലിനമായ വെള്ളത്തിലാണ് നെല്ല് കുതിർക്കുന്നത്. ഈ വെള്ളം ലാബ് പരിശോധനക്കയച്ചിട്ടുണ്ട്. നെല്ല് കുത്തിയെടുക്കുന്ന അരി പുതിയ ചാക്കിൽ സൂക്ഷിക്കണമെന്നാണ് കരാർ. എന്നാൽ, പല മില്ലുടമകളും പഴയ ചാക്കുകളിലാണ് അരി നിറച്ചിരിക്കുന്നത്. ഇത് ചാക്ക് പൊട്ടി അരി പുറത്തുവരുന്നതിനും നനവ് അടിച്ച് ചെള്ള് കേറുന്നതിനും ഇടയാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.