ചർച്ച പരാജയം; റേഷൻ വ്യാപാരികളുടെ പണിമുടക്ക് തിങ്കളാഴ്ച മുതൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സംഘടന നേതാക്കളുമായി മന്ത്രിമാരായ കെ.എൻ. ബാലഗോപാലും ജി.ആർ. അനിലും നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ, തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിട്ട് സമരത്തിലേക്ക് കടക്കുമെന്ന് റേഷൻ സംഘടന പ്രതിനിധികൾ അറിയിച്ചു. ഗോഡൗണുകളിൽ നിന്ന് റേഷൻകടകളിലേക്ക് വിതരണം നടത്തുന്ന വാഹനങ്ങളുടെ കരാറുകാർ ഇപ്പോൾ പണിമുടക്കിലാണ്.
വേതനപരിഷ്കരണമെന്ന വ്യാപാരികളുടെ ആവശ്യത്തിൽ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചർച്ച അലസിയത്.
മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് വേതന പരിഷ്കരണം പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം. എന്നാൽ, കൃത്യമായ ഉറപ്പ് തന്നെ വേണമെന്ന് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു. ഇതോടെയാണ് ചർച്ച അലസിയത്. ധനമന്ത്രി ബാലഗോപാൽ യോഗത്തിൽ സജീവമായി പങ്കെടുത്തില്ലെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസത്തെ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നെന്നും സംഘടന നേതാക്കൾ കുറ്റപ്പെടുത്തി.
സംഘടന നേതാക്കളായ ജി. സ്റ്റീഫൻ എം.എൽ.എ, ജോണി നെല്ലൂർ, ജി. കൃഷ്ണപ്രസാദ്, പി.ജി. പ്രിയൻകുമാർ, ടി. മുഹമ്മദലി, ടി. ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി. മോഹനൻപിള്ള തുടങ്ങിയവർ പങ്കെടുത്തു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി), റേഷൻ ഡീലേഴ്സ് കോഓ ഡിനേഷൻ സംസ്ഥാന കമ്മിറ്റിയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.