കേരള ഡി.ജി.പി പട്ടികയിലെ രണ്ടാമൻ രവാഡ ചന്ദ്രശേഖറിനെ സെക്രട്ടറിയാക്കി മോദി; നിയമനം ഇന്ത്യൻ പൊലീസ് സർവിസിലെ രണ്ടാമത് ഉന്നത പദവിയിൽ
text_fieldsതിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിമാരുടെ പട്ടികയിലെ രണ്ടാമത്തെ പേരുകാരനും കേരള കേഡറിലെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയുടെ സ്പെഷൽ ഡയറക്ടറുമായ രവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റിലെ ‘സെക്രട്ടറി-സെക്യൂരിറ്റി’ എന്ന സുപ്രധാന തസ്തികയിലേക്ക് നിയമിച്ചു.
ഇന്ത്യൻ പൊലീസ് സർവിസിലെ രണ്ടാമത് ഉന്നത പദവിയാണിത്. പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള എസ്.പി.ജി അടക്കം തന്ത്രപ്രധാന വിഭാഗങ്ങളുടെയെല്ലാം ചുമതലയുള്ള പദവിയാണിത്. പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് സമിതിയാണ് നിയമന അംഗീകാരം നൽകിയത്. 1994ല്‍ കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ പ്രതിയായിരുന്ന രവാഡ ചന്ദ്രശേഖറിനെ 2012ൽ ഹൈകോടതി കുറ്റമുക്തമാക്കുകയായിരുന്നു.
ജൂൺ 30നാണ് നിലവിലെ ഡി.ജി.പി എസ്. ദർവേശ് സാഹിബിന്‍റെ കാലാവധി അവസാനിക്കുന്നത്. ശിപാർശ പട്ടികയിൽ ഒന്നാമതുള്ള നിതിൻ അഗർവാൾ കേന്ദ്രത്തിന്‍റെ അപ്രീതിക്ക് പാത്രമായി ബി.എസ്.എഫ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട ആളാണ്. മൂന്നാമതുള്ള യോഗേഷ് ഗുപ്തയെ സംസ്ഥാന സർക്കാർ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഫയർഫോഴ്സ് മേധാവിയായി മാറ്റി നിയമിച്ചത് വിവാദമായിരുന്നു. എ.ഡി.എം നവീൻബാബുവിന്‍റെ കേസുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യക്കെതിരെ കേസെടുക്കാൻ നിർദേശിച്ചതിനാണ് ഈ സ്ഥലംമാറ്റമെന്ന് ആരോപണമുണ്ട്.
വിജിലൻസ് മേധാവിയായി പകരം നിയമിച്ച മനോജ് എബ്രഹാമിനാകട്ടെ, ഡി.ജി.പി ഗ്രേഡും നൽകിയിട്ടുണ്ട്. രവാഡയുടെ സ്ഥാനലബ്ധിയോടെ, മനോജ് പട്ടികയിൽ മൂന്നാമതാകും. സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് യു.പി.എസ്.സി തെരഞ്ഞെടുക്കുന്ന മൂന്നുപേരിൽ നിന്ന് ഒരാളെയാണ് അടുത്ത പൊലീസ് മേധാവിയായി സംസ്ഥാന മന്ത്രിസഭ നിയമിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.